തൃശൂര്‍ മുരിങ്ങൂരിലെ ഹോട്ടലില്‍ നിന്നും 64,38,500 രൂപ തട്ടിയെടുത്ത യുവാവ് അറസ്റ്റില്‍. കൂത്തുപറമ്പ് മാങ്ങാട്ടി ഡാം വടക്കേകണ്ടി വീട്ടില്‍ ഫെയ്ത്ത്(28)ആണ് അറസ്റ്റിലായത്. ചെങ്ങമനാട് സ്വദേശി മാത്യൂസ് മാനേജിംഗ് പാര്‍ട്ണറായ ഹോട്ടലില്‍ നിന്നുമാണ് ഒരു വര്‍ഷത്തെ വരുമാനമായ തുക ഇയാള്‍ തട്ടിയെടുത്തത്. 2023 ഏപ്രില്‍ 29 മുതല്‍ 2024 മേയ് 9 വരെയുള്ള കാലയളവിലാണ് തട്ടിപ്പ് നടന്നത്.
ഹോട്ടലില്‍ അക്കൗണ്ടന്റായി ജോലി ചെയ്യുകയായിരുന്നു പ്രതി ഫെയ്ത്ത്. ബാര്‍, റസ്റ്റോറന്റ്, റൂം, ബാങ്ക്വിറ്റ് ഹാള്‍ എന്നിവയില്‍ നിന്നും ലഭിച്ച വരുമാനം പണമായും എടിഎം ട്രാന്‍സ്ഫറായും മാത്രം വാങ്ങുന്നതിന് പകരം പ്രതിയുടെ മൊബൈല്‍ നമ്പറിലേക്ക് ഗൂഗിള്‍ പേ ആയും പണമായും വാങ്ങി സ്വന്തം അക്കൗണ്ടില്‍ നിക്ഷേപിച്ചാണ് തട്ടിപ്പ് നടത്തിയത്.
പണം നഷ്ടപ്പെട്ടത് മനസിലാക്കിയ മാത്യൂസ് കൊരട്ടി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. തട്ടിപ്പ് നടത്തിയ ശേഷം ഒളിവില്‍ പോയ ഫെയ്ത്തിനെ ശാസ്ത്രീയമായ അന്വേഷണങ്ങള്‍ക്ക് ഒടുവില്‍ ജില്ലാ പൊലീസ് മേധാവി ബി കൃഷ്ണകുമാറിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് മണ്ണാര്‍ക്കാട് നിന്നും കൊരട്ടി എസ്എച്ച്ഒ അമൃത് രംഗന്‍ അറസ്റ്റ് ചെയ്തത്. എഎസ്ഐ നാഗേഷ്, പൊലീസ് ഉദ്യോഗസ്ഥരായ ഫൈസല്‍, ദീപു എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു.