വാഷിംഗ്ടൺ: 631000 കോടി രൂപ ചെലവായ വിവാഹ മോചനത്തിന് പിന്നാലെ തനിക്ക് സീരിയസായൊരു കാമുകിയുണ്ടെന്ന് വ്യക്തമാക്കി മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽ ഗേറ്റ്‌സ്. മെലിൻഡയുമായുള്ള വിവാഹബന്ധത്തിലെ തകരാറുകളേക്കുറിച്ച് അടുത്തിടെ ബിൽ ഗേറ്റ്സ് തുറന്ന് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് പൗള ഹാഡുമായി പ്രണയത്തിലാണെന്ന് മുൻ മൈക്രോസോഫ്റ്റ് സിഇഒ വ്യക്തമാക്കിയത്. ചൊവ്വാഴ്ചയാണ് ബിൽഗേറ്റ്സ് കാമുകിയേക്കുറിച്ച് തുറന്ന് സംസാരിച്ചത്.
സീരിയസ് ആയിട്ടുള്ള കാമുകിയായി പൗളയെ ലഭിച്ചതിൽ താൻ ഭാഗ്യവാനാണെന്നും തങ്ങൾ ഒരുമിച്ച് മികച്ച രീതിയിൽ സമയം ചെലവിടുന്നതായും ഒളിംപിക്സിന് ഒരുമിച്ച് പോകുമെന്നും നല്ല കാര്യങ്ങൾ വരുന്നതായുമാണ് ബിൽഗേറ്റ്സ് പ്രതികരിച്ചത്. ബിൽഗേറ്റ്സും ഒറക്കിൾ സിഇഒയുടെ വിധവയായ പൌളയും തമ്മിൽ പ്രണയത്തിലാണെന്ന് 2023 മുതൽ അഭ്യൂഹങ്ങളുണ്ടായിരുന്നു. മെലിൻഡയുമായി വിവാഹ ബന്ധം അവസാനിപ്പിച്ചതിന് പിന്നാലെയായിരുന്നു ഈ അഭ്യൂഹങ്ങൾ വ്യാപകമായത്. എന്നാൽ ബിൽഗേറ്റ്സ് തന്നെ ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുകയാണ്.
ഓറക്കിൾ ആൻഡ് ഹെൽവെറ്റ് പാക്കാർഡിന്റെ മുൻ സിഇഒ ആയിരുന്ന മാർക്ക് ഹഡിന്റെ വിധവയാണ് 62കാരിയായ പൌള. 1984ൽ ഓസ്റ്റിനിലെ ടെക്സാസ് സർവ്വകലാശാലയിൽ നിന്ന് ബിരുദം പൂർത്തിയാക്കിയ ശേഷം എൻസിആർ കോർപ്പറേഷനിൽ സെയിൽ ആൻഡ് അലയൻസ് വിഭാഗത്തിൽ ഉന്നത ജീവനക്കാരിയായിരുന്നു പൌള. കഴിഞ്ഞ വർഷം അനന്ത് അംബാനിയുടെ വിവാഹത്തിന് മുന്നോടിയായുള്ള ആഘോഷങ്ങളിൽ ബിൽ ഗേറ്റ്സ് പൌളയ്ക്ക് ഒപ്പമാണ് പങ്കെടുത്തത്. 69കാരനായ കോടീശ്വരൻ അടുത്തിടെയാണ് മെലിൻഡയുമായുള്ള വിവാഹബന്ധത്തേക്കുറിച്ച് ദി ടൈംസ് ഓഫ് ലണ്ടന് നൽകിയ അഭിമുഖത്തിൽ വളരെ വിഷമത്തോടെ പ്രതികരിച്ചിരുന്നു.
2021ലാണ് ബിൽഗേറ്റ്സും മെലിൻഡയും വേർപിരിയുന്നതായി പ്രഖ്യാപിച്ചത്. 27 വർഷത്തെ വിവാഹത്തിന് പിന്നാലെയായിരുന്നു ഇത്. ലോകത്തിലെ തന്നെ ഏറ്റവും ചെലവേറിയ വിവാഹമോചനങ്ങളിലൊന്നായിരുന്നു ഗേറ്റ്സ് ദമ്പതികളുടേത്. 2021-ൽ മെലിൻഡ ഗേറ്റ്സുമായി വിവാഹമോചനം നടത്തിയപ്പോൾ മെലിൻഡയ്ക്ക് 76 ബില്യൺ ഡോളർ അതായത് 631000 കോടി രൂപയാണ് ജീവനാംശമായി നൽകേണ്ടി വന്നത്.