പ്രധാനമന്ത്രി നരേന്ദ്ര മോദി വേവ്സ് ഉച്ചകോടിയിൽ ആഗോള, ഇന്ത്യൻ നേതാക്കളുമായി സംവദിക്കും. ഇന്ത്യയിൽ നിന്നും, ലോകമെമ്പാടുമുള്ള പ്രൊഫഷണലുകളുമായി വീഡിയോ കോൺഫറൻസ് വഴിയായിരിക്കും പരിപാടി നടക്കുക. വെള്ളിയാഴ്ച രാത്രി 9 മണിക്കാണ് പരിപാടി ആരംഭിക്കുക.
ഫെബ്രുവരി 5 മുതൽ 9 വരെ ഇന്ത്യയാണ് ആദ്യത്തെ ലോക ഓഡിയോവിഷ്വൽ എന്റർടൈൻമെന്റ് ഉച്ചകോടി (WAVES) നടത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ ‘മൻ കി ബാത്ത്’ റേഡിയോ പ്രസംഗത്തിലാണ് വേവ്സ് പ്രഖ്യാപിച്ചത്.
വേവ്സ് ഉച്ചകോടിയിൽ ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ, മൈക്രോസോഫ്റ്റ് സിഇഒ സത്യ നാദെല്ല, റിലയൻസ് ചെയർമാൻ മുകേഷ് അംബാനി, മഹീന്ദ്ര ആൻഡ് മഹീന്ദ്ര ഗ്രൂപ്പ് സിഇഒ ആനന്ദ് മഹീന്ദ്ര, നടന്മാരായ അമിതാഭ് ബച്ചൻ, ഷാരൂഖ് ഖാൻ, ചിരഞ്ജീവി, മോഹൻലാൽ, രജനീകാന്ത്, ആമിർ ഖാൻ, എ.ആർ. റഹ്മാൻ, അക്ഷയ് കുമാർ, രൺബീർ കപൂർ, ദീപിക പദുക്കോൺ, തുടങ്ങിയവർ പങ്കെടുക്കും.
ഇന്ത്യയിലെ മാധ്യമ, വിനോദ വ്യവസായത്തിൽ ചർച്ച, സഹകരണം, നവീകരണം എന്നിവ പ്രോത്സാഹിപ്പിക്കുക എന്നതാണ് വേൾഡ് ഓഡിയോ വിഷ്വൽ & എന്റർടൈൻമെന്റ് സമ്മിറ്റ് (WAVES) ലക്ഷ്യമിടുന്നത്. വെല്ലുവിളികൾ ചർച്ച ചെയ്യുന്നതിനും ആഗോള വ്യാപാരം പ്രോത്സാഹിപ്പിക്കുന്നതിനും മേഖലയുടെ ഭാവി മെച്ചപ്പെടുത്തുന്നതിനും വ്യവസായ പ്രമുഖരെയും പങ്കാളികളെയും നൂതനാശയക്കാരെയും ഈ വേദി ഒരുമിച്ച് കൊണ്ടുവരും.
ആഗോളതലത്തിൽ ഇന്ത്യൻ മാധ്യമ, വിനോദ വ്യവസായത്തിന്റെ നില, നവീകരണത്തിലൂടെ കഴിവുകൾ വർദ്ധിപ്പിക്കേണ്ടതിന്റെ ആവശ്യകത, ആഗോളതലത്തിൽ ഇന്ത്യൻ പ്രതിഭകളുടെ സാന്നിധ്യം ഉറപ്പാക്കുന്നതിനുള്ള നടപടികൾ എന്നിവയെക്കുറിച്ചുള്ള ചർച്ചകൾക്കും വേവ്സ് വേദിയാകും.