കൊല്ലത്തെ സൈനികന്റെ മരണം ലോക്കപ്പ് മര്‍ദനത്തെത്തുടര്‍ന്നാണെന്ന ആരോപണവുമായി മാതാവ് രംഗത്ത്. മുളവന സാജന്‍ കോട്ടേജില്‍ 32കാരനായ തോംസണ്‍ തങ്കച്ചന്റെ മരണത്തിലാണ് ആരോപണവുമായി മാതാവ് ഡെയ്‌സി മോള്‍ രംഗത്തെത്തിയത്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 27നാണ് തോംസണ്‍ മരിച്ചത്. പോസ്റ്റ്മോര്‍ട്ടം റിപ്പോർട്ടിൽ തലയ്ക്ക് പുറകിലേറ്റ ക്ഷതവും ആന്തരികാവയവങ്ങളിലെ നീര്‍കെട്ടുമാണ് മരണകാരണമെന്ന് കണ്ടെത്തി. അന്വേഷണം ആവശ്യപ്പെട്ട് ഉന്നത പോലീസ് അധികാരികൾക്ക് ഡെയ്‌സി പരാതി നൽകി.
മുളവന സ്വദേശിനി വിന്നിയും തോംസണും പ്രണയത്തെ തുടർന്നായിരുന്നു വിവാഹിതരായത്. 2024 ഓഗസ്റ്റില്‍ മകന്‍ ലീവിന് വന്നതുമുതൽ ഭാര്യ വീട്ടിലായിരുന്നു താമസം. ഈ സമയം ഭാര്യയുമായി ചില പ്രശ്‌നങ്ങളെക്കുറിച്ച് വാക്കുതര്‍ക്കമുണ്ടായിരുന്നതായി ഡെയ്‌സിയുടെ പരാതിയിൽ പറയുന്നു. ഒക്‌ടോബര്‍ 11ന് രാത്രി ഭാര്യാ വീട്ടുകാര്‍ കൂട്ടായി മര്‍ദിച്ചു എന്നും, സ്ത്രീധനപീഡന പരാതി നൽകി കള്ളകേസിൽ കുണ്ടറ പോലീസിൽ അറസ്റ്റ് ചെയ്യിക്കുകയും ചെയ്തതായി ഡെയ്സി ആരോപിക്കുന്നു. കസ്റ്റഡിയിലിരിക്കെ സൈനികന് കൊടിയ ലോക്കപ്പ് പീഡനം ഏൽക്കേണ്ടി വന്നതായി മാതാവ് ആരോപിക്കുന്നു.
പൊലീസ് വ്യാജ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ റിമാന്‍ഡ് ചെയ്ത് കൊല്ലം സബ് ജയിലിൽ പാർപ്പിച്ചതായും ഡെയ്സി ഉന്നത പോലീസ് അധികാരികൾക്ക് നൽകിയ പരാതിയിൽ പറയുന്നു. ഒരു സൈനികനെ അറസ്റ്റ് ചെയ്യുമ്പോള്‍ പാലിക്കേണ്ട യാതൊരു നടപടിക്രമങ്ങളും സുപ്രീം കോടതിയുടെ നിര്‍ദേശങ്ങളും കുണ്ടറ പോലീസ് പാലിച്ചില്ലെന്ന്
അഭിഭാഷകരും ആരോപിക്കുന്നു.
ജാമ്യത്തിലിറങ്ങിയ ഇയാളെ പോലീസ് സഹായിയായ ഓട്ടോ ഡ്രൈവര്‍ തന്റെ വീട്ടില്‍ കൊണ്ടുവന്നു വിടുകയായിരുന്നു. അവശനിലയിലായിരുന്ന തോംസൺ തുടര്‍ന്ന് കുണ്ടറ താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. പോലീസിന്റെ പീഡനത്തെ തുടര്‍ന്നു നട്ടെല്ലിന്റെ കീഴ്ഭാഗത്തുണ്ടായ മുഴ സര്‍ജറി ചെയ്യാനായി ഡിസംബര്‍ 13ന് കൊല്ലത്തെ സ്വകാര്യ മെഡിക്കല്‍ കോളജില്‍ അഡ്മിറ്റ് ചെയ്തു. 20ന് ഡിസ്ചാര്‍ജായി വീട്ടിലെത്തിയതിന് ശേഷം 27ന് രാവിലെ കിടക്കയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
പൊലീസിന്റെ കൊടിയ മര്‍ദനമാണ് മകന്റെ മരണത്തിന് കാരണമായത് എന്നാണ് മാതാവിന്റെ ആരോപണം. മകന്റെ മരണത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഉയര്‍ന്ന പൊലീസ് മേധാവികള്‍ക്കും പരാതി നല്‍കിയിരിക്കുകയാണ്.