മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി (Prime Minister Narendra Modi) ഫ്രാന്‍സിലെത്തി. പാരീസിലെ എലിസി കൊട്ടാരത്തില്‍ ഒരുക്കിയ അത്താഴവിരുന്നില്‍ പങ്കെടുത്ത മോദി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണുമായും യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സുമായും കൂടിക്കാഴ്ച നടത്തിയതായി പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു.
ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ, കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ, ജര്‍മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സ് തുടങ്ങിയവരും അത്താഴവിരുന്നില്‍ പങ്കെടുത്തു. മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായാണ് മോദി ഫ്രാന്‍സിലെത്തിയത്. സന്ദര്‍ശനത്തിന് ശേഷം ഫ്രാന്‍സില്‍ നിന്ന് അദ്ദേഹം യുഎസിലേക്ക് തിരിക്കുമെന്നാണ് റിപ്പോര്‍ട്ട്.
ഫ്രാന്‍സിലെത്തിയ മോദി മാക്രോണിനോടൊപ്പം എഐ (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) ഉച്ചകോടിയുടെ സഹ-അധ്യക്ഷനാകും. അതിന് ശേഷം മാക്രോണുമായി ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തും. ഉച്ചക്കോടിയില്‍ പങ്കെടുക്കുന്ന ആഗോള ബിസിനസ് സംരംഭകരുമായി അദ്ദേഹം ചര്‍ച്ചകള്‍ നടത്തുമെന്നും റിപ്പോര്‍ട്ടുണ്ട്. തുടര്‍ന്ന് ഇന്ത്യ-ഫ്രാന്‍സ് സിഇഒ ഫോറത്തേയും അദ്ദേഹം അഭിസംബോധന ചെയ്യും. മാക്രോണുമായുള്ള ഉഭയകക്ഷി ചര്‍ച്ചകള്‍ ഇന്ത്യ-ഫ്രാന്‍സ് തന്ത്രപരമായ പങ്കാളിത്തത്തിനായുള്ള 2047 ഹൊറൈസണ്‍ റോഡ് മാപ്പിന്റെ പുരോഗതി വിലയിരുത്താനും അവസരം നല്‍കുമെന്ന് സന്ദര്‍ശനത്തിന് മുന്നോടിയായി പ്രധാനമന്ത്രി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
ബുധനാഴ്ച മാക്രോണും മോദിയും മസാര്‍ഗസ് സെമിത്തേരി സന്ദര്‍ശിക്കും. അവിടെ വെച്ച് നടക്കുന്ന ചടങ്ങില്‍ ഒന്നും രണ്ടും ലോക മഹായുദ്ധങ്ങളില്‍ വീരമൃത്യു വരിച്ച ഇന്ത്യന്‍ സൈനികര്‍ക്ക് മോദി ആദരാഞ്ജലി അര്‍പ്പിക്കും. കൂടാതെ മാര്‍സെയിലില്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന ഫ്രാന്‍സിലെ ആദ്യത്തെ ഇന്ത്യന്‍ കോണ്‍സുലേറ്റ് മോദിയും മാക്രോണും ചേര്‍ന്ന് ഉദ്ഘാടനം ചെയ്യും. കൂടാതെ ഫ്രാന്‍സിലെ ഇന്റര്‍നാഷണല്‍ തെര്‍മോന്യൂക്ലിയാര്‍ എക്സ്പിരിമെന്റല്‍ റിയാക്ടര്‍ പ്രോജക്ടും മോദി സന്ദര്‍ശിക്കും. ഇത് ആറാം തവണയാണ് മോദി ഫ്രാന്‍സ് സന്ദര്‍ശിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.