ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജില്‍ നടക്കുന്ന മഹാകുംഭമേളയിലേക്ക് തീര്‍ത്ഥാടകരും സന്യാസിമാരും ഒഴുകിയെത്തുകയാണ്. ഇക്കൂട്ടത്തിലെ പ്രധാന ശ്രദ്ധകേന്ദ്രമായി മാറിയ ഒരാളാണ് ‘ഐഐടി ബാബ’. ഐഐടി മുംബൈയില്‍ പഠിച്ച ഇദ്ദേഹം സന്യാസം സ്വീകരിക്കുകയായിരുന്നു. ഐഐടി ബാബയ്ക്ക് പിന്നാലെ മഹാകുംഭമേളയില്‍ താരമാകുകയാണ് ‘ബിസിനസ് ബാബ’. 3000 കോടിയുടെ ബിസിനസ് സാമ്രാജ്യം ഉപേക്ഷിച്ചാണ് അദ്ദേഹം ആത്മീയതിലേക്ക് എത്തിയത്. ഇദ്ദേഹത്തിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.
കാവിവസ്ത്രവും രുദ്രാക്ഷവുമാണ് ഇപ്പോള്‍ ഇദ്ദേഹത്തിന്റെ വേഷം. കോടിക്കണക്കിന് രൂപയുടെ ബിസിനസ് ചെയ്തിരുന്നയാളാണ് താനെന്നും ഇദ്ദേഹം വീഡിയോയില്‍ പറയുന്നുണ്ട്. എന്നാല്‍ സമ്പത്ത് തനിക്ക് സമാധാനം നല്‍കില്ലെന്ന സത്യം തിരിച്ചറിഞ്ഞതോടെയാണ് ഇദ്ദേഹം സന്യാസം സ്വീകരിക്കാന്‍ തീരുമാനിച്ചത്.
ഇന്‍സ്റ്റഗ്രാമിലാണ് ഇദ്ദേഹത്തിന്റെ വീഡിയോ പ്രത്യക്ഷപ്പെട്ടത്. ‘ബിസിനസുകാരനില്‍ നിന്നും കുംഭമേളയിലെ ബിസിനസ് ബാബയിലേക്ക്’ എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. കുംഭമേളയ്ക്കിടെ തീര്‍ത്ഥാടകരുമായും ഭക്തരുമായും അദ്ദേഹം സംസാരിക്കുന്നതും പാവപ്പെട്ട സന്യാസിമാര്‍ക്കും ഭക്തര്‍ക്കും പുതപ്പുകളും വസ്ത്രങ്ങളും വിതരണം ചെയ്യുന്നതും വീഡിയോയില്‍ കാണാം.
നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ കമന്റുമായി എത്തിയത്. ഇദ്ദേഹത്തെ പ്രശംസിച്ചും വിമര്‍ശിച്ചും നിരവധി പേര്‍ രംഗത്തെത്തി. അദ്ദേഹം യഥാര്‍ത്ഥ ദാരിദ്ര്യം അനുഭവിച്ചിട്ടില്ലെന്നും അതുകൊണ്ടാണ് സമ്പന്നതയില്‍ സന്തോഷം കണ്ടെത്താന്‍ കഴിയാതെ പോയതെന്നും ചിലര്‍ കമന്റ് ചെയ്തു. ഇയാള്‍ ഇപ്പോള്‍ പുതിയ ബിസിനസ് തുടങ്ങിയിരിക്കുകയാണെന്ന് ചിലര്‍ വിമര്‍ശിച്ചു.
അതേസമയം മഹാ കുംഭമേളയിലെ പ്രധാന സ്നാന ദിവസങ്ങളിലൊന്നായ മാഘി പൂര്‍ണിമ സ്നാനത്തിന് ബുധനാഴ്ച പുലര്‍ച്ചെ തുടക്കമായി. ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജിലെ ത്രിവേണി സംഗമത്തില്‍ ബുധനാഴ്ച പുലര്‍ച്ചയോടെ ലക്ഷക്കണക്കിന് ഭക്തര്‍ മാഘി പൂര്‍ണിമ സ്നാനം നടത്തി. ഒരു മാസം നീണ്ടുനില്‍ക്കുന്ന കല്‍പ്പവയുടെ സമാപനം കുറിക്കുന്ന ദിവസമാണ് മാഘി പൂര്‍ണിമ. തീര്‍ത്ഥാടകരുടെ തിരക്ക് നിയന്ത്രിക്കാന്‍ അധികൃതര്‍ വിപുലമായ സജ്ജീകരണങ്ങളൊരുക്കുകയും ചെയ്തു.
നിരവധി പ്രമുഖരും ഇത്തവണ മഹാകുംഭമേളയില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി, അമ്മ കോകിലാ ബെന്‍, മക്കളായ ആകാശ് അംബാനി, അനന്ത് അംബാനി, മരുമക്കളായ ശ്ലോക, രാധിക, പേരക്കുട്ടികളായ പൃഥ്വി, വേദ എന്നിവരും സഹോദരിമാരായ ദീപ്തി സല്‍ഗോക്കറും നീന കോത്താരിയും കുംഭമേളയില്‍ പങ്കെടുത്തിരുന്നു. ത്രിവേണി സംഗമത്തില്‍ പുണ്യസ്‌നാനം ചെയ്ത അംബാനി കുടുംബം പരമാര്‍ത്ഥ് നികേതന്‍ ആശ്രമത്തിലെ സ്വാമി ചിദാനന്തസരസ്വതി മഹാരാജുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു.