ഓട്ടോറിക്ഷകളിൽ യാത്രാനിരക്ക് പ്രദർശിപ്പിക്കുന്ന മീറ്റർ പ്രവർത്തിച്ചില്ലെങ്കിൽ സൗജന്യ യാത്രയായി കണക്കാക്കുമെന്ന് ട്രാൻസ്പോർട്ട് കമ്മിഷണർ സർക്കുലർ ഇറക്കി. ‘യാത്രാ വേളയിൽ ഫെയർ മീറ്റർ പ്രവർത്തിപ്പിക്കാതിരിക്കുകയോ, പ്രവർത്തന രഹിതമാവുകയോ ചെയ്താൽ യാത്ര സൗജന്യം’( If the fare meter is not engaged or not working, your journey is free) എന്ന സ്റ്റിക്കർ യാത്രക്കാരൻ ദൃശ്യമാകുന്ന തരത്തിൽ ഡ്രൈവറുടെ സീറ്റിന് പിറകിലായി മലയാളത്തിലും ഇംഗ്ളീഷിലും പ്രിന്റ് ചെയ്ത് പതിപ്പിക്കണമെന്നും സർക്കുലറിൽ പറയുന്നു.
ദുബായിൽ ഇത്തരം രീതി വിജയകരാമയി നടപ്പാക്കിയിട്ടുണ്ടെന്നും ഇതേ രീതി കേരളത്തിലും നടപ്പാക്കണമെന്ന കൊച്ചി സ്വദേശി കെ.പി. മത്ത്യാസ് ഫ്രാന്‍സിസ് മോട്ടോർ വാഹന വകുപ്പിന് സമർപ്പിച്ച നിർദേശമാണ് നടപടിക്ക് പ്രചോദനമായത്. സ്റ്റിക്കർ പതിപ്പിച്ചില്ലെങ്കിൽ ഇരുണ്ട പശ്ചാത്തലത്തിൽ വെള്ള അക്ഷരത്തിൽ യാത്രക്കാരന് വായിക്കാൻ കഴിയാവുന്ന രീതിയിൽ എഴുതി വയ്ക്കണമെന്നും സർക്കുലറിൽ പറയുന്നു.
യാത്രാ വേളകളിൽ മീറ്റർ ചാർജ് സംബന്ധിച്ച് യാത്രക്കാരനും ഓട്ടോറിക്ഷാ ഡ്രൈവർമാരുമായി ഉണ്ടാകുന്ന സ്ഥിരം തർക്കം കണക്കിലെടുത്താണ് തീരുമാനം. മാർച്ച് ഒന്നു മുതൽ ഉത്തരവ് പ്രാവർത്തികമാകും.
സ്റ്റിക്കർ പതിക്കാതെ തുടർന്നും സർവീസ് നടത്തിയാൽ ഡൈവർമാരിൽനിന്ന് വൻതുക പിഴയായി ഈടാക്കും. നിർദ്ദേശം കർശനമായി നടപ്പിലാക്കുന്നത് എല്ലാ ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മീഷൻ മാരുടെ നേതൃത്വത്തിൽ ഉറപ്പുവരുത്തണമെന്നും ട്രാൻസ്പോർട്ട് കമ്മിഷണർ നാഗരാജുചകിലം പുറത്തിറക്കിയ സർക്കുലറിൽ പറയുന്നു.