തിരുവനന്തപുരം: ഓടുന്ന ബസിൽ വച്ച് വിദ്യാർത്ഥിനിയെകടന്നുപിടിച്ചയാൾ ചാടി രക്ഷപെടുന്നതിനിടെ വീണ് കാലൊടിഞ്ഞു. തിരുവനന്തപുരം കഴക്കൂട്ടം വെട്ടുറോഡിലാണ് സംഭവം. 35 കാരനായ വള്ളക്കടവ് സ്വദേശിയ്ക്കാണ് രക്ഷപെടുന്നതിനിടെ പരിക്കേറ്റത്. ഇയാൾ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
കഴിഞ്ഞ ദിവസം കഴക്കൂട്ടം വഴി പോകുന്ന ബസിലാണ് സംഭവം നടക്കുന്നത്. യാത്രമധ്യേ യുവാവ് വിദ്യാർത്ഥിനിയെ കടന്നുപിടിക്കുകയായിരുന്നു.യുവതി ബഹളമുണ്ടാക്കിയതോടെ കണ്ടക്ടർ ബസ് പോലീസ് സ്റ്റേഷനിലേയ്‌ക്ക് പോകാൻ നിർദേശിച്ചു. ഇതോടെ ഇയാൾ ഓടിക്കൊണ്ടിരുന്ന ബസിൽ നിന്നും എടുത്തു ചാടി. ബസിൽ നിന്നും എടുത്ത് ചാടിയ യുവാവിന്റെ കാൽ ഒടിഞ്ഞതിനാൽ പരാതി ഇല്ലെന്ന് യുവതി പോലീസിനോട് പറഞ്ഞു.