ബ്രസീലിൽ 14കാരൻ ചിത്രശലഭത്തിന്റെ അവശിഷ്ടങ്ങൾ ഉപയോഗിച്ച് നിർമ്മിച്ച മിശ്രിതം സ്വയം കുത്തിവച്ചതിനെ തുടർന്ന് മരിച്ചു. അപകടകരമായ ഒരു സോഷ്യൽ മീഡിയ ചലഞ്ചുമായി സംഭവത്തിന് ബന്ധമുണ്ടോ എന്ന് കണ്ടെത്താൻ പോലീസ് അന്വേഷണം ആരംഭിച്ചു.
തെക്കേ അമേരിക്കയുടെ ചില ഭാഗങ്ങളിൽ യുവാക്കൾ ചത്ത ചിത്രശലഭങ്ങളെ സ്വയം കുത്തിവയ്ക്കുന്ന ഒരു വൈറൽ സോഷ്യൽ മീഡിയ ട്രെൻഡ് പ്രചരിക്കുന്നതായി റിപ്പോർട്ടുകളുണ്ട്.
14 വയസ്സുള്ള ഡേവി ന്യൂനെസ് മൊറേര എന്ന കുട്ടിയാണ് ചത്ത ചിത്രശലഭത്തിന്റെ അവശിഷ്ടങ്ങളുമായി വെള്ളം കലർത്തി ആ മിശ്രിതം കാലിൽ കുത്തിവച്ചത്. കളിക്കുന്നതിനിടെ തനിക്ക് പരിക്കേറ്റതായി കൗമാരക്കാരൻ ആദ്യം പിതാവിനോട് പറഞ്ഞതായി ഡെയ്‌ലി മെയിൽ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ, ഛർദ്ദിക്കുകയും മുടന്ത് അനുഭവപ്പെടുകയും ചെയ്ത കുട്ടിയുടെ നില വഷളായി. പിന്നീട് പ്ലാനാൾട്ടോയിലെ ആശുപത്രിയിൽ എത്തിക്കുന്നതിന് മുമ്പാണ് യഥാർത്ഥത്തിൽ എന്താണ് സംഭവിച്ചതെന്ന് കുട്ടി മാതാപിതാക്കളോട് പറയുന്നത്. ഡേവിയുടെ തലയിണയ്ക്കടിയിൽ ഒളിപ്പിച്ച ഒരു സിറിഞ്ചും പിതാവ് കണ്ടെത്തിയതായി റിപ്പോർട്ടിൽ പറയുന്നു.
വൈദ്യസഹായം നൽകിയിട്ടും ഡേവിയുടെ ആരോഗ്യം വഷളായിക്കൊണ്ടിരുന്നു. പിന്നീട് ഡേവിയെ വിറ്റോറിയ ഡി കോൺക്വിസ്റ്റയിലെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി. അവിടെ ഒരു ആഴ്ചയോളം ചികിത്സയിൽ കഴിഞ്ഞെങ്കിലും ഒടുവിൽ മരണത്തിന് കീഴടങ്ങുകയായിരുന്നു. സംഭവം ബ്രസീലിലുടനീളം വലിയി വാർത്തയായി.
മരണകാരണം എന്താണെന്ന് ഇപ്പോഴും അന്വേഷിക്കുകയാണെന്നും പൂർണ്ണമായ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിനായി കാത്തിരിക്കുകയാണെന്നും അധികൃതർ അറിയിച്ചു. എതെങ്കിലും സോഷ്യൽ മീഡിയ ട്രെൻഡിന്റെ ഭാഗമായാണോ ഇത്തരമൊരു സംഭവം ഉണ്ടായതെന്നും പരിശോധിക്കുന്നുണ്ട്.
ഡേവിക്ക് എംബോളിസമോ ഗുരുതരമായ അണുബാധയോ അല്ലെങ്കിൽ അലർജിയോ അനുഭവപ്പെട്ടിരിക്കാമെന്ന് ചികിത്സിച്ച സാന്താ മാർസെലിന ആശുപത്രിയിലെ ഡോക്ടറായ ലൂയിസ് ഫെർണാണ്ടോ ഡി. റെൽവാസ് അഭിപ്രായപ്പെട്ടു
കുട്ടി ഈ മിശ്രിതം എങ്ങനെ തയ്യാറാക്കിയെന്നോ കുത്തിവച്ചതെങ്ങനെയെന്നോ അറിയില്ലെന്നും ഒരുപക്ഷേ ഉള്ളിൽ വായു അവശേഷിച്ചിരുന്നത് എംബോളിസത്തിലേക്ക് നയിച്ചിരുന്നിരിക്കാമെന്നു റെൽവാസ് പറഞ്ഞു.
മനുഷ്യരിലെ ചിത്രശലഭ വിഷാംശം ഇപ്പോഴും അധികം പഠിക്കപ്പെടാത്ത ഒരു മേഖലയാണെന്ന് ചിത്രശലഭ വിദഗ്ദ്ധനും സാവോ പോളോ സർവകലാശാലയിലെ സുവോളജി മ്യൂസിയത്തിന്റെ ഡയറക്ടറുമായ മാർസെലോ ഡുവാർട്ടെ പറഞ്ഞു. ചിത്രശലഭങ്ങൾക്ക് സങ്കീർണ്ണമായ ഒരു ജീവശാസ്ത്രമുണ്ട്, അവയുടെ ശരീരത്തിലുള്ള ദ്രാവകങ്ങൾ മനുഷ്യന് ദോഷകരമായി ബാധിക്കുമോ എന്ന കാര്യത്തിൽ ആഴത്തിൽ പഠനം നടന്നിട്ടില്ലെന്ന് ഡുവാർട്ടെ വിശദീകരിച്ചു.