ഒരു കുഞ്ഞിനുവേണ്ടി നാളുകള്‍ എണ്ണി കാത്തിരിക്കുന്നവര്‍ നിരവധിയാണ്. വന്ധ്യതാ ചികിത്സയില്‍ ഐവിഎഫ് കേന്ദ്രങ്ങള്‍ നല്‍കുന്ന സേവനം വിലമതിക്കാനാവാത്തതാണ്. ഇപ്പോഴിതാ താന്‍ ആകാംക്ഷാപൂര്‍വം കാത്തിരുന്ന് ജന്മം നല്‍കിയ കുഞ്ഞ് മറ്റാരുടേതോ ആണെന്ന അവകാശവാദത്തിൽ ഫെർട്ടിലിറ്റി ക്ലിനിക്കിനെതിരേ പരാതിയുമായി എത്തിയിരിക്കുകയാണ് 38കാരിയായ യുവതി. അമേരിക്കയിലാണ് സംഭവം. ഫെര്‍ട്ടിലിറ്റി ക്ലിനിക്കിനെതിരേ ക്രിസ്റ്റീന മുറെ എന്ന യുവതി കേസ് ഫയല്‍ ചെയ്തതായി എന്‍ബിസി ന്യൂസ് റിപ്പോര്‍ട്ടു ചെയ്തു.
38കാരിയായ ക്രിസ്റ്റീന മുറെയും അവള്‍ക്ക് ബീജം നല്‍കിയയാളും വെളുത്തവര്‍ഗക്കാരായിട്ടും അവര്‍ക്ക് ജനിച്ച കുഞ്ഞ് ആഫ്രിക്കന്‍-അമേരിക്കന്‍ വശത്തില്‍പ്പെട്ടതാണെന്ന് കണ്ടെത്തി. രണ്ടുവര്‍ഷം മുമ്പാണ് ഗര്‍ഭം ധരിക്കുന്നതിന് ക്രിസ്റ്റീന ഐവിഎഫ് ചികിത്സയെടുത്തത്. 2023 ഡിസംബറില്‍ അവര്‍ ആരോഗ്യവാനായ ഒരു ആണ്‍കുട്ടിക്ക് ജന്മം നല്‍കി. ‘‘ഞാന്‍ വളരെ സന്തോഷവതിയായിരുന്നു. ഞാന്‍ ഒരു അമ്മയായിരിക്കുന്നു. ജനിച്ച കുഞ്ഞ് സുന്ദരനും ആരോഗ്യവാനുമായിരുന്നു. പക്ഷേ, എന്തോ ഒരു കുഴപ്പമുണ്ടെന്ന് വളരെ വ്യക്തമായിരുന്നു,’’ ക്രിസ്റ്റീന പറഞ്ഞതായി എന്‍ബിസി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
പ്രസവത്തിന് ശേഷം ക്രിസ്റ്റീനയും കുഞ്ഞും ഡിഎന്‍എ പരിശോധനയ്ക്ക വിധേയയായി. കുഞ്ഞുമായി അവര്‍ക്ക് യാതൊരുവിധത്തിലുമുള്ള ബന്ധവുമില്ലെന്ന് കണ്ടെത്തി. ‘‘പ്രസവിച്ചുവെങ്കിലും ജനിതകപരമായി കുഞ്ഞ് എന്റേതല്ല. അവന് ഞാനുമായി രക്തബന്ധമില്ല. എന്റേതിന് സമാനമായ കണ്ണുകളില്ല. പക്ഷേ അവന്‍ എന്റെ മകന്‍ തന്നെയാണ്. എപ്പോഴും എന്റെ മകനായിരിക്കും. എന്നാല്‍, എന്റെ മനസ്സ് ഒരിക്കലും പൂര്‍ണമായി സുഖപ്പെടുകയോ പൂര്‍ണമായും മുന്നോട്ട് പോകുകയോ ഇല്ല. ഞാന്‍ എപ്പോഴും എന്റെ മകന് വേണ്ടി ആഗ്രഹിക്കുകയും അവന്‍ എങ്ങെനയുള്ള ഒരാളായി മാറുമെന്ന് ചിന്തിക്കുകയും ചെയ്യും,’’ അവര്‍ കൂട്ടിച്ചേര്‍ത്തു.
കുഞ്ഞിന് ജന്മം നല്‍കിയ ഉടന്‍ തന്നെ ഫെര്‍ട്ടിലിറ്റി ക്ലിനിക്കില്‍ ക്രിസ്റ്റീന വിവരം അറിയിച്ചു. കുട്ടിയുടെ ജീവശാസ്ത്രപരമായ മാതാപിതാക്കളോട് ഇക്കാര്യം പറയുകയും ചെയ്തു.
‘‘കുഞ്ഞിനെ ആദ്യമായി കണ്ടപ്പോഴുള്ള ഞെട്ടല്‍ അവര്‍ വ്യക്തമായി ഓര്‍ക്കുന്നുണ്ട്. ക്രിസ്റ്റീന ഒരു കോക്കേഷ്യന്‍ സ്ത്രീയാണ്. സമാനമായ രൂപഭാവമുള്ള ബീജദാതാവിനെയാണ് അവര്‍ തിരഞ്ഞെടുത്തതും. എന്നാല്‍ അവര്‍ പ്രസവിച്ചത് ഒരു ആഫ്രിക്കന്‍ അമേരിക്കന്‍ വംശത്തില്‍പ്പെട്ട കുഞ്ഞിനെയാണ്. ഒരു ഫെര്‍ട്ടിലിറ്റി ക്ലിനിക്കില്‍ ഇതുപോലെയുള്ള തെറ്റുകള്‍ ഒരിക്കലും സംഭവിക്കരുത്. അത് തെറ്റാണ്,’’ ക്രിസ്റ്റീനയുടെ അഭിഭാഷകന്‍ ആദം വുള്‍ഡ് എന്‍ബിസി ന്യൂസിനോട് പറഞ്ഞു.
അതേസമയം, ഇത് ഒറ്റപ്പെട്ട സംഭവമാണെന്നും മുമ്പ് ആരിലും സംഭവിച്ചിട്ടില്ലെന്നും ക്രിസ്റ്റീനയെ ചികിത്സിച്ച ഫെര്‍ട്ടിലിറ്റി ക്ലിനിക്ക് അവകാശപ്പെട്ടു. ‘‘ഈ പിശക് കണ്ടെത്തിയ അതേദിവസം തന്നെ ഞങ്ങള്‍ ആഴമേറിയ വിശകലനം നടത്തുകയും ചികിത്സ തേടിയെത്തുന്നവര്‍ക്ക് കൂടുതല്‍ സംരക്ഷണം ഉറപ്പാക്കുകയും ചെയ്തു. വീണ്ടും ഇത്തരമൊരു സംഭവം നടക്കില്ലെന്ന് ഉറപ്പാക്കുന്നതിന് കൂടുതല്‍ സുരക്ഷാ നടപടികള്‍ സ്വീകരിച്ചതായും ഫെര്‍ട്ടിലിറ്റി ക്ലിനിക്ക് പുറത്തിറക്കിയ പ്രസ്താനവയില്‍ പറയുന്നു.