കുറ്റിക്കോൽ ചുണ്ടയിൽ അടയ്ക്ക മോഷണം നടത്തുന്നതിനിടെ കിണറ്റിൽ വീണയാളെ അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തി. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. ചുണ്ടയിലെ സഹോദരിമാരായ സി. കാർത്യായനി, സി. ലീല എന്നിവരുടെ വീട്ടിൽ നിന്നാണ് കുറ്റിക്കോൽ വാണിയംപാറയിലെ രാമകൃഷ്ണൻ അടയ്ക്ക മോഷ്ടിക്കാൻ ശ്രമിച്ചത്. വീടിന് പുറത്ത് ഉണക്കാനിട്ടിരുന്ന അടയ്ക്ക ചാക്കിൽ നിറയ്ക്കുന്നതിനിടെ ശബ്ദം കേട്ട് വീട്ടുകാർ പുറത്തിറങ്ങിയതോടെ രാമകൃഷ്ണൻ ഓടി രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു.
സഹോദരിമാരുടെ ബഹളം കേട്ട് അയൽവാസികൾ ഓടിക്കൂടി. ഇതിനിടെ ഓടിയ രാമകൃഷ്ണൻ സമീപത്തെ കുഞ്ഞിരാമൻ നായരുടെ തോട്ടത്തിലെ ആൾമറയില്ലാത്ത കിണറ്റിൽ വീഴുകയായിരുന്നു. സംശയാസ്പദമായ ശബ്ദം കേട്ട് നാട്ടുകാർ പരിശോധിച്ചപ്പോഴാണ് കിണറ്റിൽ വീണ രാമകൃഷ്ണനെ കണ്ടെത്തിയത്. തുടർന്ന് അഗ്നിരക്ഷാ സേനയെ വിവരമറിയിച്ചു.
ബോധരഹിതനായ രാമകൃഷ്ണനെ അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തി ബേഡഡുക്ക താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സാരമായ പരിക്കുകളൊന്നുമില്ലെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചു. പരാതിയില്ലെന്ന് സഹോദരിമാർ അറിയിച്ചതിനെ തുടർന്ന് പോലീസ് കേസെടുത്തില്ല.