കോവിഡ് വൈറസ് ലാബിൽ സൃഷ്ടിച്ചവയാകാമെന്ന വിലയിരുത്തലുമായി വീണ്ടും ശാസ്ത്രജ്ഞർ. നേരത്തെ വൈറസ് വുഹാനിലെ ലാബിൽ നിന്ന് ചോർന്നതാണെന്നും മനുഷ്യ സൃഷ്ടിയാണെന്നും വെളിപ്പെടുത്തി ശാസ്ത്രജ്ഞൻ രംഗത്തെത്തിയിരുന്നു. പിന്നീട് ഇക്കാര്യത്തിൽ പലതരത്തിലുള്ള ഊഹാപോഹങ്ങൾ നിലനിന്നിരുന്നെങ്കിലും ഇപ്പോൾ വീണ്ടും ഇക്കാര്യം സ്ഥിരീകരിക്കുന്ന അഭിപ്രായവുമായി എത്തിയിരിക്കുകയാണ് രണ്ട് ശാസ്ത്രജ്ഞർ. കോവിഡ് വൈറസ് മനുഷ്യനിർമ്മിതമാകാനുള്ള സാധ്യത ലോകം അംഗീകരിക്കേണ്ടതുണ്ടെന്ന് ലണ്ടനിലെ കിംഗ്സ് കോളേജിലെ സയൻസ് ആൻ്റ് ഇൻ്റർനാഷണൽ സെക്യൂരിറ്റി അസോസിയേറ്റ് പ്രൊഫസറായ ഡോ. ഫിലിപ്പ ലെൻസോസ് ഈ ആഴ്ച ഐക്യരാഷ്ട്ര സഭയോട് പറഞ്ഞു.
യഥാർത്ഥത്തിൽ ചൈനയിലെ വുഹാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽ നിന്ന് ഉൽഭവിച്ച മനുഷ്യനിർമ്മിത വൈറസാകാം കൊറോണയെന്ന് റട്ഗേഴ്സ് യൂണിവേഴ്സിറ്റിയിലെ മോളിക്യുലാർ ബയോളജിസ്റ്റായ റിച്ചാർഡ് എച്ച്. എബ്രൈറ്റ് മാധ്യമങ്ങളോട് വ്യക്തമാക്കി. ഇതിന്റെ സാധ്യതയെ സാധൂകരിക്കുന്ന നിർണായക തെളിവുകളിലേക്ക് എത്തിച്ചേർന്നിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇത്തരം ഒരു വൈറസ് നിർമ്മിക്കുന്നതിനെക്കുറിച്ച് ആശയവിനിമയം നടത്തിയതിന്റെ തെളിവുകൾ ലാബിലെ ഒരു രേഖയിൽ നിന്ന് ലഭിച്ചതായും എബ്രൈറ്റ് ഊന്നിപറഞ്ഞു.
കൊറോണ വൈറസ് മനുഷ്യരിലേക്ക് എളുപ്പത്തിൽ പകരുന്നത്തിനായുള്ള പദ്ധതികൾക്ക് ഗവേഷകർ ശ്രമിക്കുന്നുണ്ടെന്നും വുഹാനിൽ നിന്ന് കണ്ടെത്തിയ ഈ രേഖയിൽ പറയുന്നുണ്ട്. വുഹാനിലെ ശാസ്ത്രജ്ഞർ ചൈനീസ് ഗവൺമെൻ്റിൻ്റെ ഫണ്ട് ഉപയോഗിച്ച് ഇതിനുള്ള ഗവേഷണം തുടർന്നേക്കാമെന്നും ന്യൂയോർക്ക് ടൈംസിൽ എഡിറ്ററായി സേവനമനുഷ്ഠിച്ച നിക്കോളാസ് വേഡ് അഭിപ്രായപ്പെട്ടിരുന്നു. മനുഷ്യരിൽ പടർന്നു പിടിക്കാനും മരണത്തിനും സാധ്യതയുള്ള കൊറോണ വൈറസിൻ്റെ പ്രത്യേക ജനിതക ഘടനയും ലാബിൽ സൃഷ്ടിച്ചിരിക്കാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
” കോവിഡ് വ്യാപനം ആരംഭിച്ചത് ഗവേഷണവുമായി ബന്ധപ്പെട്ട ചില സംഭവങ്ങളിൽ നിന്നാകാം എന്ന വസ്തുത നാം അംഗീകരിക്കേണ്ടതുണ്ട്. നമ്മൾ അത് കണ്ടുപിടിക്കാൻ പോവുകയാണ്. എന്തായാലും നമ്മുടെ ഭാഗത്തുനിന്ന് അങ്ങനെ ഒരു തെറ്റ് സംഭവിക്കില്ല എന്ന് ഞാൻ കരുതുന്നു. ഭാവിയിലും ഇത്തരം ഗവേഷണങ്ങൾ നാം സൂക്ഷ്മമായി ചെയ്യേണ്ടതുണ്ട്. ” എന്നും ഡോ. ഫിലിപ്പാ ലെൻസോസ് കൂട്ടിച്ചേർത്തു.