റിലയന്‍സ് ഇന്‍ഡ്സ്ട്രീസ് ചെയര്മാന് മുകേഷ് അംബാനിയുടെ ഇളയമകന് അനന്ത് അംബാനിയുടെയും രാധിക മെര്‍ച്ചന്റിന്റെയും പ്രീവെഡ്ഡിങ് ആഘോഷങ്ങള്‍ ഗുജറാത്തിലെ ജാംനഗറില്‍ പുരോഗമിക്കുകയാണ്. ലോകപ്രശസ്തരായ വ്യവസായികളുടെയും സിനിമ-കായിക താരങ്ങളുടെയും സാന്നിധ്യം കൊണ്ട് സമ്പന്നമായ ആഘോഷ പരിപാടിയില്‍ പ്രമുഖ കലാകാരന്മാര് അണിനിരന്ന സംഗീത-നൃത്ത വിരുന്നും അരങ്ങേറി.
വിവാഹാഘോഷത്തില്‍ പങ്കെടുക്കാനെത്തിയവരോട് സംസാരിക്കവെ വികാരാധീനനായ അനന്ത് അംബാനിയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. മകന്റെ വാക്കുകള്‍ നിറകണ്ണുകളോടെ കേട്ടിരിക്കുന്ന മുകേഷ് അംബാനിയെയും ദൃശ്യങ്ങളില്‍ കാണാം.
കുട്ടിക്കാലത്തെ ആരോഗ്യപ്രശ്നങ്ങളേക്കുറിച്ച് പറഞ്ഞുതുടങ്ങിയ അനന്ത് അംബാനി കുടുംബം നല്കിയ അകമഴിഞ്ഞ പിന്തുണയേക്കുറിച്ച് വാചാലനായി. തനിക്കുവേണ്ടി കഴിയുന്നതെല്ലാം ചെയ്ത കുടുംബമാണ് തന്റേതെന്നു പറഞ്ഞ അനന്ത് അംബാനി ജീവിതത്തിൽ പലകാര്യങ്ങളും അത്ര എളുപ്പമായിരുന്നില്ലെന്നും കൂട്ടിച്ചേര്‍ത്തു. കുട്ടിക്കാലംമുതൽ ഒട്ടേറെ ആരോഗ്യപ്രശ്നങ്ങള്‍ തന്നെ അലട്ടിയിരുന്നു, പക്ഷേ ആ യാത്രയിലുടനീളം തന്റെ കുടുംബത്തിന്റെ ശക്തമായ പിന്തുണ കൂടെയുണ്ടായിരുന്നു.
‘എന്റെ വിവാഹത്തിന്റെ ഒരുക്കങ്ങളെല്ലാം ചെയ്തത് അമ്മ നിത അംബാനിയാണ്. നാലുമാസത്തോളമായി ദിവസവും പതിനെട്ടും പത്തൊമ്പതും മണിക്കൂറുകൾ ഒരുക്കങ്ങൾക്കായി അമ്മ നീക്കിവെച്ചിരുന്നു. രണ്ടുമൂന്നുമാസമായി കുടുംബത്തിലെ എല്ലാവരും മൂന്നുമണിക്കൂറിൽ കുറവാണ് ഉറങ്ങിയിട്ടുള്ളത്’- അനന്ത് പറഞ്ഞു.
രാധികയെ വധുവായി ലഭിക്കുന്നതില്‍ താൻ അതീവ ഭാഗ്യവാനാണെന്ന് അനന്ത് പറഞ്ഞു. കഴിഞ്ഞ ഏഴുവർഷമായി പരിചയമുണ്ടെങ്കിലും ഇന്നലെ കണ്ടതുപോലെയാണ് തോന്നാറുള്ളതെന്നും അദ്ദേഹം പറഞ്ഞു.
ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ ഷാരൂഖ് ഖാൻ, സൽമാൻ ഖാൻ, ആമിർ ഖാൻ, അർജുൻ കപൂർ, അനിൽ കപൂർ, ആദിത്യ റോയ് കപൂർ തുടങ്ങി നിരവധി ബോളിവുഡ് താരങ്ങൾ ജാംനഗറിൽ എത്തിയിട്ടുണ്ട്. ബോളിവുഡിലെ താരദമ്പതികളായ ദമ്പതികളായ രൺവീർ സിംഗ്, ദീപിക പദുക്കോൺ, വിക്കി കൗശൽ, കത്രീന കൈഫ് എന്നിവരും എത്തിയിട്ടുണ്ട്.
തായ്, ജാപ്പനീസ്, മെക്സിക്കൻ, പാഴ്സി, പാൻ ഏഷ്യൻ തുടങ്ങിയ 2500-ഓളം വിഭവങ്ങൾ ഉള്ള ഇന്റര്‍നാഷണല്‍ മെനുവാണ് മൂന്ന് ദിവസത്തെ പരിപാടിക്കായി ഒരുക്കിയിരിക്കുന്നത്. അതിഥികള്‍ക്കായി വിവിധ പൂക്കള്‍കൊണ്ട് അലങ്കരിച്ച ഗ്രീന്‍ റൂമുകളാണ് സജ്ജമാക്കിയിരിക്കുന്നത്. സെലബ്രിറ്റികളും ലോകത്തിലെ പ്രമുഖരായ വ്യവസായികളും എത്തുന്നതിനാല്‍ കനത്ത സുരക്ഷയാണ് ആഘോഷപരിപാടികള്‍ നടക്കുന്നിടത്ത് ഏര്‍പ്പെടുത്തിയിരിക്കുന്നത്.