തിരുവനന്തപുരം: കോണ്‍ഗ്രസിന് കനത്ത പ്രഹരം സമ്മാനിച്ച് ബിജെപി അംഗത്വം സ്വീകരിച്ച പത്മജാ വേണുഗോപാല്‍ തൃശൂരില്‍ ബിജെപി സ്ഥാനാര്‍ഥിക്കുവേണ്ടി പ്രചാരണത്തിനിറങ്ങുമോ. രാഷ്ട്രീയ കേന്ദ്രങ്ങള്‍ക്കിടയില്‍ പത്മജയുടെ പ്രചാരണം സംബന്ധിച്ച് ചര്‍ച്ചയായി. ഇതിനിടെ തൃശൂരില്‍ സുരേഷ് ഗോപിക്കുവേണ്ടിയുള്ള പ്രചാരണത്തില്‍ പത്മജയെ പങ്കെടുപ്പിക്കണമെന്നും പങ്കെടുപ്പിക്കേണ്ടെന്നും രണ്ട് അഭിപ്രായം ബിജെപിക്കുള്ളില്‍ തന്നെ ഉയര്‍ന്നു. പത്മജയെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ പങ്കെടുപ്പിച്ചാല്‍ തിരിച്ചടി ഉണ്ടാവുമെന്ന സൂചനയും ചില ബിജെപി നേതാക്കള്‍ മുതിര്‍ന്ന നേതൃത്വത്തെ അറിയിച്ചതായും അറിയുന്നു. ബിജെപിയില്‍ അംഗത്വം സ്വീകരിച്ച ശേഷം മാധ്യമങ്ങളുമായി നടത്തിയ അഭിമുഖങ്ങളില്‍ ഇടതു സ്ഥാനാര്‍ഥി സുനില്‍കുമാറിനെക്കുറിച്ച് പത്മജ നടത്തിയ പരാമര്‍ശവും ബിജെപി നേതൃത്വത്തിന് സ്വീകാര്യമല്ല. സുനില്‍കുമാര്‍ എപ്പോഴും തൃശൂരില്‍ ഉണ്ടാവുമെന്നു പറഞ്ഞത് ഉള്‍പ്പെടെയുള്ള പരാമര്‍ശങ്ങള്‍ പരോക്ഷമായി സുരേഷ്‌ഗോപിക്കും തിരിച്ചടി ഉണ്ടാക്കുമെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. കൂടാതെ പത്മജ പ്രചാരണത്തിന് ഇറങ്ങിയാല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൂടുതല്‍ സജീവമാകുമെന്നും ഇത് സുരേഷ് ഗോപിയെ കൂടുതല്‍ പ്രതിസന്ധിയിലാക്കുമെന്ന അഭിപ്രായവും ഉയരുന്നുണ്ട്. പത്മജയെ പ്രചാരണ രംഗത്ത് ഇറക്കണമോ എന്ന കാര്യത്തില്‍ അന്തിമ തീരുമാനം സ്ഥാനാര്‍ഥി സുരേഷ് ഗോപിയുടെ കൂടി അഭിപ്രായം മാനിച്ചാവും. പത്മജ പ്രചാരണ രംഗത്ത് എത്തിയാല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയും സഹോദരനുമായ കെ. മുരളീധരന്‍ നടത്തുന്ന പ്രതികരണങ്ങള്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുമെന്നും ഉറപ്പാണ്. ഈ സാഹചര്യത്തില്‍ പത്മജയുടെ പ്രചാരണം സംബന്ധിച്ചുള്ള പാര്‍ട്ടി തീരുമാനങ്ങള്‍ വരും ദിവസങ്ങളില്‍ ്അറിയാന്‍ കഴിയും.
ചാലക്കുടി ഉള്‍പ്പെടെയുള്ള മണ്ഡലങ്ങളില്‍ ബിഡിജെഎസ് മത്സരിക്കുമെന്ന പ്രഖ്യാപനം വന്നതോടെ ഇക്കുറി പത്മജയെ ലോക്‌സഭയിലേക്ക് മത്സരിപ്പിക്കാനുള്ള സാധ്യതയും മങ്ങി.