കൊടൈക്കനാൽ ഗുണാ കേവിലെ നിരോധിത മേഖലയിലേക്ക് അതിക്രമിച്ച് കയറിയതിന് വനംവകുപ്പ് ഉദ്യോഗസ്ഥർ മൂന്നുപേരെ അറസ്റ്റ് ചെയ്തു. കൃഷ്ണഗിരി സ്വദേശികളായ എസ് വിജയ് (24), പി ഭരത് (24), റാണിപ്പേട്ട സ്വദേശി പി രഞ്ജിത്ത്കുമാർ (24) എന്നിവരെയാണ് ഇന്നലെ പിടികൂടിയത്.
‘മഞ്ഞുമല്‍ ബോയ്‌സ്’ ഹിറ്റായത് മുതൽ നിരവധി സഞ്ചാരികളാണ് ഗുണ കേവ് സന്ദർശിക്കാനായി ഇവിടെ ദിവസവും എത്തിക്കൊണ്ടിരിക്കുന്നത്. ഓഫ് സീസൺ ആയിട്ടു കൂടി വൻ തിരക്കാണ് ഇപ്പോൾ കൊടൈക്കനാലിലെ ഗുണാ കേവിൽ അനുഭവപ്പെടുന്നത്. ഡെവിൾസ് കിച്ചൺ എന്നും അറിയപ്പെടുന്ന ഈ സ്ഥലം സന്ദർശിക്കാനായി ഒരാഴ്ചയ്ക്കുള്ളിൽ ഏകദേശം 40,000 ത്തിലധികം സന്ദർശകർ ഇവിടെയെത്തി എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
വനംവകുപ്പ് ഉദ്യോഗസ്ഥർക്കുപോലും നിയന്ത്രിക്കാൻ പറ്റാത്ത തരത്തിലുള്ള തിരക്കാണ് ഗുണകേവിൽ അനുഭവപ്പെടുന്നതെന്ന് ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ടു ചെയ്തു. ഉദ്യോഗസ്ഥർക്ക് ഇത് വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്.
ചിത്രത്തിന്റെ തകർപ്പൻ വിജയത്തിന് ശേഷം കൊടൈക്കനാലിൽ വിനോദസഞ്ചാരികളുടെ എണ്ണം കുതിച്ചുയരുന്നതായി വനംവകുപ്പിൻ്റെ ഇൻ്റഗ്രേറ്റഡ് ഡെവലപ്‌മെൻ്റ് റേഞ്ച് (കൊടൈക്കനാൽ ഡിവിഷൻ) ഓഫീസർ ആർ സെന്തിൽ മാധ്യമങ്ങളോട് പറഞ്ഞു.
“സീസണല്ലാതിരുന്നിട്ടും വിനോദസഞ്ചാരികളുടെ എണ്ണത്തിൽ വലിയ വർധനവുണ്ടായിട്ടുണ്ട്. ഫെബ്രുവരിയിൽ മാത്രം ഒരു ലക്ഷത്തിലധികം വിനോദസഞ്ചാരികൾ കൊടൈക്കനാലും ഗുണാ കേവും സന്ദർശിച്ചിട്ടുണ്ട്. ചിത്രത്തിൻ്റെ മികച്ച വിജയം ജില്ലാ ഭരണകൂടത്തിൻ്റെയും വനംവകുപ്പിൻ്റെയും പ്രദേശവാസികളുടെയും വരുമാനം ഉയർത്തികൊണ്ടിരിക്കുകയാണ്,” അദ്ദേഹം പറഞ്ഞു.