Friday, March 14, 2025

HomeNewsKeralaബിസ്ക്കറ്റ് തുമ്പ് ആയി;ആടിനെ മോഷ്ടിച്ച് മട്ടൻ ബിരിയാണിയാക്കുന്ന സംഘം പിടിയിൽ.

ബിസ്ക്കറ്റ് തുമ്പ് ആയി;ആടിനെ മോഷ്ടിച്ച് മട്ടൻ ബിരിയാണിയാക്കുന്ന സംഘം പിടിയിൽ.

spot_img
spot_img

കാസർഗോഡ് ആടിനെ ബിസ്കറ്റ് നൽകി കാറിലെത്തിച്ച് കൊണ്ടു പോകുന്ന സംഘത്തെ പിന്തുടർന്ന് കുമ്പള സ്വദേശികളായ ബന്ധുക്കൾ നടത്തിയ അന്വേഷണത്തിൽ കർണാടക സ്വദേശി പിടിയിൽ. സംഘത്തെ കണ്ടെത്തി പൊലീസിനെ ഏൽപ്പിക്കാൻ ഇവർ നാല് മാസം കൊണ്ട് രണ്ടായിരം കിലോമീറ്റർ യാത്ര ചെയ്തു. 28,000 രൂപയും ഇതിനായി ചെലവിട്ടു.

കുമ്പള സ്വദേശി കെ.ബി. അബ്ബാസ്, സഹോദരൻ അബ്ദുൽ ഹമീദ്, മരുമകൻ അബ്ദുൽ ഫൈസൽ എന്നിവർ സിസിടിവി ദൃശ്യങ്ങൾ, ഫോൺ കോളുകൾ, ടോൾപ്ലാസ വിവരങ്ങൾ എന്നിവ ശേഖരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിൽ കർണാടക ബ്രഹ്‌മാവർ രംഗനഗറിൽ താമസിക്കുന്ന ശിവമൊഗ സ്വദേശി സക്കഫുല്ലയെ (23) പൊലീസ് അറസ്റ്റ് ചെയ്തു. ഇനി സംഘത്തിലെ പ്രധാനി റഫീഖ് എന്ന സാദിഖിനെയും നഷ്ടമായ ആടുകളെയും കിട്ടാനുണ്ടെന്ന് പൊലീസും പരാതിക്കാരും പറയുന്നു. മോഷ്ടിച്ച ആടുകളെ കൊണ്ട് മട്ടൻ ബിരിയാണി വച്ച് മോഷണ സംഘം പ്രദേശവാസികൾക്ക് സൗജന്യമായി നൽകാറുണ്ട് എന്നും പറയപ്പെടുന്നു.

നവംബർ 1നാണ് അബ്ബാസിന്റെ അര ലക്ഷം രൂപ വിലയുള്ള ജമ്‌നപ്യാരി ആട് മോഷണം പോയത്. കുണ്ടങ്കാരടുക്ക ഐഎച്ച്ആർഡി കോളനിക്ക് സമീപം മേയാൻ കെട്ടിയിരുന്നു. ഇതുൾപ്പെടെ തന്റെ കൈവശമുള്ള 24 ആടുകളിൽ രണ്ടു ലക്ഷത്തോളം വില വരുന്ന 14 എണ്ണത്തെ കാണാതായെന്ന് അബ്ബാസ് പറയുന്നു.

അബ്ബാസും സഹോദരനും മരുമകനും വിവിധ ഭാഗങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. ഇതിൽനിന്നും ആടിനെ 12- 13 വയസ്സ് തോന്നിക്കുന്ന കുട്ടി ബിസ്‌കറ്റ് കൊടുത്തുകൊണ്ട് പോകുന്ന ദൃശ്യം കണ്ടെത്തി. ഇതിനിടെ ഉപ്പള സ്വദേശി മുനീർ അബ്ബാസിനെ വിളിച്ച് തന്റെ ആടിനെയും ഇതേ കുട്ടി കൊണ്ടുപോയ കാര്യം അറിയിച്ചു.

തുടർന്ന് അബ്ബാസും മുനീറും ചേർന്ന് ഉപ്പളയിൽ വെച്ച് കുട്ടിയെ പിടികൂടി മഞ്ചേശ്വരം പൊലീസിൽ ഏൽപ്പിച്ചു. പൊലീസ് കുട്ടിയുടെ മാതാവിനെ സ്റ്റേഷനിലേക്ക് വിളിപ്പിക്കുകയും കുട്ടിക്ക് ആടിനെ വലിയ ഇഷ്ടമാണെന്നും ബിസ്കറ്റ് കൊടുക്കാറുണ്ടെന്നും മറ്റൊന്നും അറിയില്ലെന്നും അവർ പൊലീസിനോട് പറയുകയും ചെയ്തു.

പിന്നീട് ഇതേ കുട്ടി മറ്റു സ്ഥലങ്ങളിൽ നിന്ന് ആടുകളെ കടത്തിക്കൊണ്ടു പോകുന്നതായി മനസിലായതോടെ മാതാവിനെ ഫോണിൽ വിളിക്കാൻ ശ്രമിച്ചെങ്കിലും അവർ ഫോൺ എടുത്തില്ല. തുടർന്ന് അബ്ബാസിന്റെ സുഹൃത്തിന്റെ നമ്പറിൽ നിന്ന് അവരെ വിളിച്ച് കുമ്പളയിലേക്ക് വരണമെന്ന് ആവശ്യപ്പെട്ടു. യാത്രാ ചെലവിലേക്ക് 500 രൂപ അയച്ചു വേണമെന്ന് പറഞ്ഞ സ്ത്രീ അത് കൊടുക്കാൻ മറ്റൊരാളുടെ ഗൂഗിൾ പേ നമ്പർ നൽകി. പണം അയച്ചു കൊടുത്തിട്ടും അവർ വന്നില്ല.

തുടർന്ന് സ്ത്രീയ്ക്ക് ഗൂഗിൾ പേ ചെയ്ത നൽകിയ നമ്പറിന്റെ ഉടമയെ പൊലീസ് സഹായത്തോടെ കണ്ടെത്തി. കർണാടക ബ്രഹ്‌മാവറിലെ കോഴിക്കടയിലെ ജീവനക്കാരന്റെതായിരുന്നു അത്. അവിടെയുള്ള കടയുടമയുമായി സംസാരിച്ച് സംഘത്തിന്റെ വീട് കണ്ടെത്തി. മോഷണത്തിനുപയോഗിച്ചിരുന്ന കാറുകളും അവിടെ കണ്ടു. സംഘത്തിന്റെ വീട്ടുവളപ്പിൽ 75 ഓളം ആടുകൾ ഉണ്ടായിരുന്നുവെന്നും അതിൽ അഞ്ച് ആടുകൾ തന്റേതാണെന്നും അബ്ബാസ് പറയുന്നു.

കുമ്പള പൊലീസ് സഹോയത്തോടെ തലപ്പാടി ടോൾ ബൂത്തിൽ പരിശോധന നടത്തി. ആടിനെ കൊണ്ടുപോയ കാർ ആ ദിവസം ടോൾ പ്ലാസയിലുടെ കടന്നുപോയതായി തെളിഞ്ഞു. പിന്നീട് ‌കുമ്പള പൊലീസ് ബ്രഹ്മാവർ പൊലീസിന്റെ സഹായത്തോടെ വീട് വളഞ്ഞ് സക്കഫുല്ലയെ അറസ്റ്റ് ചെയ്‌തു. ബിസ്കറ്റ് നൽകി ആടിനെ കൂട്ടിക്കൊണ്ടു പോയി കാറിലെത്തിക്കുന്ന കുട്ടി ബ്രഹ്മാവറിലെ ഒരു സ്കൂളിലെ വിദ്യാർഥിയാണ്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments