തിരുവനന്തപുരം മെഡിക്കൽ കോളേജിലെ പി ജി വിദ്യാർത്ഥിനിയായിരുന്ന ഡോ. ഷഹന ജീവനൊടുക്കിയ സംഭവത്തിലെ പ്രതി ഡോക്ടർ റുവൈസിന് പഠനം തുടരാമെന്ന് ഹൈക്കോടതി. പി ജി പഠനം വിലക്കിയ ആരോഗ്യ സർവകലാശാല ഉത്തരവ് ഹൈക്കോടതി റദ്ദ് ചെയ്തു. ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റേതാണ് ഉത്തരവ്. പഠനം തുടരാനായില്ലെങ്കില്‍ പരിഹരിക്കാനാകാത്ത നഷ്ടമുണ്ടാകുമെന്നും ഒരാഴ്ചയ്ക്കകം പുനഃപ്രവേശനം നല്‍കണമെന്നും ഹൈക്കോടതി നിർദേശിച്ചു. അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ കോളേജ് അധികൃതർ ശ്രദ്ധിക്കണമെന്നും ഉത്തരവിൽ പറയുന്നു.
തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഡോക്ടറായ ഷഹനയെ 2023 ഡിസംബർ 5 നാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജിന് സമീപമുള്ള ഫ്ലാറ്റിൽ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ സഹപാഠികള്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അനസ്‌തേഷ്യ മരുന്ന് കൂടുതലായി കുത്തിവെച്ചതാണ് മരണ കാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു.
തിരുവനന്തപുരം ജില്ലയിലെ വെഞ്ഞാറമൂട് മൈത്രി നഗര്‍ ജാസ് മന്‍സിലില്‍ അബ്ദുള്‍ അസീസിന്റെയും ജമീലയുടെയും മകളാണ് ഷഹന. ആലപ്പുഴ ഗവ. ടിഡി മെഡിക്കല്‍ കോളേജില്‍നിന്ന് എംബിബിഎസ് പൂര്‍ത്തിയാക്കിയത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ സര്‍ജറി വിഭാഗത്തില്‍ 2022 ബാച്ചിലാണ് ഷഹന പിജിക്ക് പ്രവേശനം നേടിയത്.