തിരുവനന്തപുരം : മലങ്കര പുനരൈക്യ പ്രസ്ഥാനത്തിന്റെ സ്ഥാപകനും തിരുവനന്തപുരം അതിരൂപതയുടെ പ്രഥമ മെത്രാപ്പോലീത്തായും ബഥനി ആശ്രമത്തിന്റെയും ബഥനി മഠത്തിന്റെയും സ്ഥാപകനുമായ ദൈവദാസന്‍ ആര്‍ച്ചുബിഷപ്പ് മാര്‍ ഇവാനിയോസ് മെത്രാപ്പോലീത്തായെ ധന്യന്‍ പദവിയിലേക്ക് ഫ്രാന്‍സിസ് മാര്‍പാപ്പ ഉയര്‍ത്തി. വിശുദ്ധരുടെ നാമകരണ നടപടികള്‍ക്കായുള്ള കാര്യാലയത്തിന്റെ പ്രിഫെക്ട് കര്‍ദ്ദിനാള്‍ മര്‍ച്ചേലോ സെമേറാനോ ഇത് സംബന്ധിച്ച പരിശോധനാ റിപ്പോര്‍ട്ട് പരിശുദ്ധ ഫ്രാന്‍സിസ്് മാര്‍പാപ്പയ്ക്ക് നല്‍കിയിരുന്നു. ഇതോടൊപ്പം മറ്റ് മൂന്ന് പേരെ വിശുദ്ധരായും രണ്ട് പേരെ രക്തസാക്ഷികളായും അഞ്ച് പേരെ ധന്യരായും മാര്‍പാപ്പ പ്രഖ്യാപിച്ചിട്ടുണ്ട്. മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ നേതൃത്വത്തിലുള്ള കൃതജ്ഞതാബലിയും അനുസ്മരണ ശുശ്രൂഷകളും നാളെ (വെള്ളി) വൈകിട്ട് നാലിന് കബറിടം സ്ഥിതിചെയ്യുന്ന പട്ടം സെന്റ്‌മേരീസ് മേജര്‍ ആര്‍ക്കി എപ്പാര്‍ക്കിയല്‍ കത്തീഡ്രല്‍ ദൈവാലയത്തില്‍ നടക്കും. 1882 സെപ്റ്റംബര്‍ 21 ന് മാവേലിക്കര പുരാതനമായ പണിക്കരുവീട്ടില്‍ തോമാ പണിക്കരുടെയും അന്നമ്മയുടെയും മകനായി ജനിച്ച ഗീവര്‍ഗ്ഗീസ് നാട്ടിലെ പ്രാഥമിക പഠനങ്ങള്‍ക്കുശേഷം 1897 ല്‍ കോട്ടയം എം.ഡി. സെമിനാരി ഹൈസ്‌കൂളില്‍ ചേര്‍ന്നു. തുടര്‍ന്ന് മദ്രാസ് ക്രിസ്ത്യന്‍ കോളേജില്‍ നിന്നും കല്‍ക്കട്ട സെറാമ്പൂര്‍ കോളേജില്‍ നിന്നും ഉപരിപഠനം നടത്തി. മലങ്കര നസ്രാണികളുടെ ഇടയില്‍ ആദ്യത്തെ എം.എ. ബിരുദധാരിയായി 1900 ജനുവരി 9 ന് മലങ്കര മെത്രാപ്പോലീത്തയായിരുന്ന പുലിക്കോട്ടില്‍ മാര്‍ ദിവന്യാസിയോസില്‍ നിന്നും ശെമ്മാശ്ശ പട്ടം സ്വീകരിച്ചു. 1908 സെപ്റ്റംബര്‍ 15 ന് വട്ടശ്ശേരില്‍ മാര്‍ ദിവന്നാസിയോസ് മെത്രാപ്പോലീത്തായില്‍ നിന്നും വൈദികപട്ടം സ്വീകരിച്ചു. എം.ഡി. സെമിനാരി ഹൈസ്‌കൂളിന്റെ പ്രിന്‍സിപ്പലായി നിയമിതനായി. തുടര്‍ന്ന് സെറാമ്പൂര്‍ യൂണിവേഴ്‌സിറ്റിയില്‍ പ്രൊഫസറായി നിയമിതനായി. സന്യാസജീവിതാഭിമുഖ്യത്താല്‍ നാട്ടില്‍ തിരിച്ചെത്തി 1919 ആഗസ്റ്റ് 15 ന് റാന്നി പെരുന്നാട്ടില്‍ ബഥനി ആശ്രമം സ്ഥാപിച്ചു. 1925 മെയ് 1 ന് ബസേലിയോസ് ഗീവര്‍ഗ്ഗീസ് പ്രഥമന്‍ ബാവായില്‍ നിന്നും പരുമലയില്‍ വച്ച് ബഥനിയുടെ മെത്രാപ്പോലീത്തയായി അഭിഷിക്തനായി. ഗീവര്‍ഗ്ഗീസ് മാര്‍ ഇവാനിയോസ് എന്ന പേര് സ്വീകരിച്ചു. 1930 സെപ്റ്റംബര്‍ 20 ന് മാര്‍ തെയോഫിലോസ് എപ്പിസ്‌കോപ്പയോടും മറ്റ് മൂന്ന് പേരോടും കൂടി കൊല്ലം തങ്കശ്ശേരിയിലെ ബിഷപ്പ്‌സ് ഹൗസ് ചാപ്പലില്‍ വച്ച് അന്നത്തെ കൊല്ലം മെത്രാന്‍ അലോഷ്യസ് മരിയാ ബെന്‍സിഗറിന്റെ മുമ്പാകെ കത്തോലിക്കാ സഭയില്‍ ചേര്‍ന്നു. 1932 ല്‍ റോമിലേക്ക് നടത്തിയ യാത്രയെ തുടര്‍ന്ന് പതിനൊന്നാം പീയൂസ് മാര്‍പാപ്പായില്‍ നിന്നും പാലിയം സ്വീകരിച്ചു. 1932 ജൂണ്‍ 11 ന് സാര്‍വ്വത്രിക സഭയില്‍ മലങ്കര സുറിയാനി കത്തോലിക്കാ ഹയരാര്‍ക്കി സ്ഥാപിതമായി. തിരുവനന്തപുരം അതിരൂപതയുടെ പ്രഥമ മെത്രാപ്പോലീത്തയായി നിയമിതനായി. 1953 ജൂലൈ 15 ന് കാലം ചെയ്തു. പട്ടം സെന്റ് മേരീസ് കത്തീഡ്രല്‍ ദൈവാലയത്തില്‍ കബറടങ്ങി. 1998 ഫെബ്രുവരി 25 ന് വിശുദ്ധ നാമകരണ നടപടികള്‍ സഭ ഔദ്യോഗികമായി ആരംഭിച്ചു. 2007 ജൂലൈ 14 ന് കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമീസ് കാതോലിക്കാബാവ ദൈവദാസനായി പ്രഖ്യാപിച്ചു. വിശുദ്ധ നാമകരണ നടപടികളുടെ ഭാഗമായി 2014 ജൂണ്‍ 23 ന് ദൈവദാസന്‍ മാര്‍ ഇവാനിയോസിന്റെ കബറിടം തുറന്ന് പരിശോധിച്ചിരുന്നു. അദ്ദേഹത്തിന്റെ പേരിലുള്ള ഗ്രന്ഥങ്ങളുടെയും കത്തുകളുടെയും പരിപൂര്‍ണ്ണമായ പരിശോധന പൂര്‍ത്തിയാക്കി ഒരുലക്ഷം പേജോളം വരുന്ന റിപ്പോര്‍ട്ട് റോമിലേക്ക് സമര്‍പ്പിച്ചു. വിശുദ്ധരുടെ നാമകരണ നടപടികള്‍ക്കുള്ള കാര്യാലയം പ്രസ്തുത റിപ്പോര്‍ട്ടിന്മേലുള്ള പരിശോധനകള്‍ പൂര്‍ത്തിയാക്കിയാണ് ധന്യന്‍ പദവിയിലേക്ക് ഉയര്‍ത്തുന്നതിനുള്ള ശുപാര്‍ശകള്‍ മാര്‍പാപ്പയ്ക്ക് നല്‍കിയത്. ഇതിനെത്തുടര്‍ന്നാണ് പരിശുദ്ധ ഫ്രാന്‍സിസ് മാര്‍പാപ്പ ഇപ്പോഴത്തെ പ്രഖ്യാപനം നടത്തിയത്. നാമകരണ നടപടിയില്‍ ഇനിയും പൂര്‍ത്തിയാകാനുള്ളത് വാഴ്ത്തപ്പെട്ടവന്‍, വിശുദ്ധന്‍ എന്നീ പദവികളാണ്. ധന്യന്‍ മാര്‍ ഇവാനിയോസിന്റെ സ്വര്‍ഗ്ഗീയ മധ്യസ്ഥതയില്‍ അത്ഭുതങ്ങള്‍ സ്ഥിരീകരിക്കുമ്പോഴാണ് പ്രസ്തുത പ്രഖ്യാപനങ്ങള്‍ നടക്കുന്നത്.