അപകടകാരികളായ 20-ല്‍ പരം ഇനം വിദേശനായകളുടെ വില്‍പ്പനയും ഇറക്കുമതിയും നിരോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍. പിറ്റ് ബുള്ളുകളുടെയും അപകടകാരികളായ മറ്റ് വിദേശയിനം നായകളുടെയും വില്‍പ്പന, പ്രജനനം, സംരക്ഷണം എന്നിവയ്ക്ക് ലൈസന്‍സോ അനുമതിയോ നല്‍കരുതെന്ന് സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും തദ്ദേശ സ്ഥാപനങ്ങളോട് മൃഗസംരക്ഷണ വകുപ്പ് മന്ത്രാലയ സെക്രട്ടറി ഒപി ചൗധരി നിര്‍ദേശിച്ചു. പീപ്പിള്‍ ഫോര്‍ ദി എത്തിക്കല്‍ ട്രീറ്റ്‌മെന്റ് ഓഫ് അനിമല്‍സ്(പെറ്റ) ഇന്ത്യ ഡല്‍ഹി ഹൈക്കോടതിയില്‍ നല്‍കിയ റിട്ട് അപേക്ഷയിലാണ് നടപടി. സംസ്ഥാനങ്ങളുടെയും കേന്ദ്ര ഭരണപ്രദേശങ്ങളിലെയും ചീഫ് സെക്രട്ടറിമാര്‍ക്ക് അയച്ച കത്തിലാണ് ഇക്കാര്യം ഉന്നയിച്ചിട്ടുള്ളത്. മനുഷ്യജീവന് അപകടകരമാണെന്ന വിദഗ്ധ സമിതി റിപ്പോര്‍ട്ട് കണക്കിലെടുത്താണ് നടപടി.
അപകടകാരികളായ ഇത്തരം നായ ഇനങ്ങളുടെ ഇറക്കുമതി നിയമവിരുദ്ധമാണെന്നും മൃഗസംരക്ഷണ വകുപ്പ് കമ്മിഷണര്‍ അധ്യക്ഷനായ വിദഗ്ധ സമിതി നിര്‍ദേശിച്ചതായും വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ടു ചെയ്തു. പിറ്റ് ബുള്‍ ഇനങ്ങള്‍, ടോസ ഇനു, അമേരിക്കന്‍ സ്റ്റാഫോര്‍ഡ്ഷയര്‍ ടെറിയര്‍, ഫില ബ്രസിലേരിയോ, ഡോഗോ അര്‍ജന്റീനോ, അമേരിക്കന്‍ ബുള്‍ഡോഗ്, ബോര്‍ബോല്‍, കംഗല്‍, വിവിധ ഷെപ്പേര്‍ഡ് ഇനത്തില്‍പ്പെട്ട നായകള്‍, ടോണ്‍ജാക്ക്, ബന്ദോഗ്, സര്‍പ്ലാനിനാക്, ജാപ്പനീസ് ടോസ, അകിത, മാസ്റ്റിഫ്‌സ്, റോട്ട്‌വീലര്‍, റോഡേഷ്യന്‍ റിഡ്ജ്ബാക്ക്, വുള്‍ഫ് ഡോഗ്, കാനറിയോ, അക്ബാഷ്, മോസ്‌കോ ഗാര്‍ഡ്‌ഡോഗ് തുടങ്ങിയ നായ ഇനങ്ങളെ നിരോധിക്കാനാണ് സമിതി ശുപാര്‍ശ ചെയ്തിരിക്കുന്നത്. കുട്ടികളെയും മുതിര്‍ന്നവരെയും സംരക്ഷിക്കുന്നതിനായി സ്വീകരിച്ച കേന്ദ്രത്തിന്റെ ഈ നടപടിയെ പെറ്റ ഇന്ത്യ അഭിനന്ദിച്ചു. ഈ നായകളുടെ ആക്രമണത്തില്‍ ഇതിനോടകം നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ജീവന്‍ നഷ്ടപ്പെടുകയും ചെയ്തിട്ടുണ്ട്.