തൃണമൂല്‍ കോണ്‍ഗ്രസിന്റെ രണ്ടു സിറ്റിങ് എം പിമാര്‍ ബിജെപിയില്‍ ചേർന്നു. ബാരക്പുര്‍ എം പി അര്‍ജുന്‍ സിങ്ങും തംലൂക് എം പി ദിവേന്ദു അധികാരിയുമാണ് ബിജെപിയില്‍ ചേര്‍ന്നത്. നേരത്തെ തൃണമൂല്‍ ഇരുവര്‍ക്കും സീറ്റ് നിഷേധിച്ചിരുന്നു. ബംഗാൾ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയുടെ സഹോദരനാണ് ദിവേന്ദു. ന്യൂഡൽഹിയിലെ പാർട്ടി ആസ്ഥാനത്തെത്തിയാണ് ഇരുവരും ബിജെപി അംഗത്വം സ്വീകരിച്ചത്.
സിറ്റിങ് എംപി അര്‍ജുന്‍ സിങ്ങിനെ മാറ്റി ബാരക്പുരില്‍ നിലവിലെ മന്ത്രി പാര്‍ത്ഥ ഭൗമിക്കിനാണ് തൃണമൂല്‍ ടിക്കറ്റ് നൽകിയത്. ദിവേന്ദുവിന് പകരം ദേബാന്‍ശു ഭട്ടാചാര്യ തംലൂകില്‍ മത്സരിക്കും.
2019ല്‍ തൃണമൂല്‍ കോണ്‍ഗ്രസ് സീറ്റ് നിഷേധിച്ചതിനെത്തുടര്‍ന്ന് അര്‍ജുന്‍ സിങ് ബിജെപിയില്‍ ചേര്‍ന്നിരുന്നു. ബാരക്പൂരില്‍ ബിജെപി ടിക്കറ്റില്‍ വിജയിച്ച ശേഷം തൃണമൂലില്‍ തിരിച്ചെത്തുകയായിരുന്നു. വീണ്ടും തൃണമൂല്‍ സീറ്റ് നിഷേധിച്ചതിനെത്തുടര്‍ന്നാണ് ബിജെപിയില്‍ ചേര്‍ന്നത്.
എംപിയായ ശേഷം തൃണമൂലില്‍ തിരിച്ചെത്തിയെങ്കിലും എം പി സ്ഥാനം രാജിവെക്കാത്തതിനെത്തുടര്‍ന്ന് ഔദ്യോഗികമായി ബിജെപി എം പിയെന്നായിരുന്നു അര്‍ജുന്‍ സിങ്ങിനെ പാർലമെന്റ് രേഖകളിൽ ഉൾപ്പെടുത്തിയിരുന്നത്. അര്‍ജുന്‍ സിങ്ങിനെ പാര്‍ട്ടി യോഗങ്ങളില്‍ പങ്കെടുപ്പിക്കുന്നതിനെതിരേ പാർട്ടിക്കുള്ളിൽ തന്നെ വിമർശനം ഉയർന്നിരുന്നു.