മൃഗങ്ങളുടെ ദൈനംദിന ഭക്ഷണക്രമങ്ങളും അവർക്കായി ഒരുക്കിയിരിക്കുന്ന സൗകര്യങ്ങളും വിശദമായി പങ്ക് വച്ച് വനതാരയുടെ ഔദ്യോഗിക ഇൻസ്റ്റഗ്രാം അക്കൗണ്ട്. മൃഗങ്ങൾക്ക് ആപ്പിളും, മാതളവും നൽകി അവരോടൊപ്പം സമയം ചെലവഴിക്കുന്ന അനന്ത് അംബാനിയെയും ദൃശ്യങ്ങളിൽ കാണാൻ സാധിക്കും. ഇന്ത്യയിലും വിദേശ രാജ്യങ്ങളിലുമുള്ള പരിക്കേറ്റതും മറ്റ് വെല്ലുവിളികൾ നേരിടുകയും ചെയ്യുന്ന മൃഗങ്ങളുടെ പുനരധിവാസം ലക്ഷ്യം വയ്ക്കുന്ന റിലയൻസിന്റെ പദ്ധതിയാണ് വനതാര. 200 ലധികം ആനകൾ ഉൾപ്പെടെ നിരവധി മൃഗങ്ങൾ ഇന്ന് വനതാരയിലുണ്ട് ലോകത്തിലെ ഏറ്റവും വലിയ വന്യജീവി സംരക്ഷണ കേന്ദ്രമാക്കി വനതാരയെ മാറ്റുക എന്നതാണ് തന്റെ ലക്ഷ്യമെന്ന് അനന്ത് അംബാനി പറയുന്നു.
ആനകൾക്ക് മാത്രമായി ജാംനഗറിലെ റിലയൻസ് കോംപ്ലെക്സിനുള്ളിൽ ഏതാണ്ട് 600 ഏക്കർ വിസ്തൃതിയിൽ രാധേ കൃഷ്ണ ടെമ്പിൾ എലിഫന്റ് വെൽഫെയർ ട്രസ്റ്റ് (ആർകെടിഇഡബ്ല്യൂടി) പ്രവർത്തിക്കുന്നുണ്ട്. അനന്ത് അംബാനിയുടെ പ്രീവെഡ്ഡിങ് ആഘോഷങ്ങൾക്കുള്ള വേദിയായി ജാംനഗർ മാറിയപ്പോഴാണ് വനതാരയും കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത്. ആനകൾക്കുള്ള സംരക്ഷണ കേന്ദ്രത്തിൽ മുറിവേറ്റ ആനകൾക്ക് കുളിക്കാനായി ജക്കുസി (Jacuzzi) ഉൾപ്പെടെയുള്ള സൗകര്യങ്ങളും ഓരോ ആനകൾക്കുമായി പ്രത്യേകം ഭക്ഷണ ക്രമങ്ങളുമുണ്ട്. 130 കിലോഗ്രാം ഭക്ഷണമാണ് ഒരു ആനയ്ക്കായി ഒരു ദിവസം നൽകുന്നത്.
വനതാര ഇൻസ്റ്റഗ്രാമിൽ പങ്ക് വച്ച വീഡിയോയിൽ ലീലാവതി എന്ന ആനയുടെ ഒരു ദിവസത്തെ ഭക്ഷണ ക്രമങ്ങളും മറ്റ് പ്രവർത്തനങ്ങളും വിശദീകരിക്കുന്നുണ്ട്. ലീലാവതിയുടെ പ്രഭാത ഭക്ഷണത്തിൽ റാഗിയുടെ ലഡ്ഡു, 10 കിലോഗ്രാം കിച്ചടി, ഒരു റൊട്ടി, ഒരു കിലോ പെല്ലെറ്റ് എന്നിവ ഉൾപ്പെടുന്നു. പച്ചപ്പുല്ലും, പയറു വർഗ്ഗങ്ങളും അടങ്ങിയ ലഘു ഭക്ഷണത്തിന് ശേഷമായിരിക്കും ഉച്ച ഭക്ഷണം നൽകുക. ഇലകളും, 2 കിലോഗ്രാം പഴങ്ങളും, 3 കിലോഗ്രാം പച്ചക്കറിയുമാണ് ഉച്ച ഭക്ഷണം. 10 കിലോഗ്രാം ഉണങ്ങിയ പുല്ലായിരിക്കും രാത്രി ഭക്ഷണമായി നൽകുക. ഭക്ഷണത്തിന് പുറമെ ഉയർന്ന മർദ്ദമുള്ള 260 ജെറ്റ് പൈപ്പുകൾ വഴി ചെറിയ ചൂടുള്ള വെള്ളം ലഭ്യമാക്കി ഹൈഡ്രോ തെറാപ്പിയും ആനകൾക്കായി ഒരുക്കിയിട്ടുണ്ട്. സർക്കസിലും മറ്റും ഇരകളാകേണ്ടി വന്ന ആനകൾ നേരിടുന്ന ആരോഗ്യ പ്രശ്നങ്ങൾ പരിഹരിക്കാൻ ജക്കുസി പൂൾ സഹായിക്കുന്നു.

മൃഗസംരക്ഷണത്തിനായി വളരെ കുറച്ച് ആളുകൾ മാത്രമേ പ്രവർത്തിക്കുന്നുള്ളൂവെന്നും ദൈവാനുഗ്രഹത്താൽ താൻ ഇതിനായി തിരഞ്ഞെടുക്കപ്പെട്ടുവെന്ന് വിശ്വസിക്കുന്നുവെന്നും അനന്ത് അംബാനി പറഞ്ഞു. ഇന്നത്തെ ജീവിതത്തിൽ ഒരിക്കലും ദൈവത്തെ നേരിട്ട് കാണാൻ സാധിക്കില്ല. എന്നാൽ ഓരോ മൃഗങ്ങളിലും ദൈവത്തെ കാണാൻ സാധിക്കുമെന്നും വനതാരയിലൂടെ സമൂഹത്തിന് വേണ്ടി എന്തെങ്കിലും തിരിച്ച് ചെയ്യുകയാണെന്നും അനന്ത് അംബാനി പറഞ്ഞു.