സിദ്ധു മൂസേവാല (Sidhu Moosewala) എന്ന പേരിൽ അറിയപ്പെട്ട അന്തരിച്ച പഞ്ചാബി ഗായകൻ ശുഭദീപ് സിംഗ് സിദ്ധുവിന്റെ മാതാവ് ചരൺ കൗർ 58-ാം വയസില്‍ ഒരു ആൺകുഞ്ഞിന് ജന്മം നൽകി. സിദ്ധുവിന്‍റെ ‘ഇളയ സഹോദരന്റെ’ ചിത്രം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ച് പിതാവ് ബൽക്കൗർ സിംഗും വാര്‍ത്ത സ്ഥിരീകരിച്ചു. പഞ്ചാബി ഗായകൻ്റെ മരണത്തിന് ഏകദേശം രണ്ട് വർഷത്തിന് ശേഷമാണ് സിദ്ധു മൂസ്വാലയുടെ മാതാപിതാക്കൾ പുതിയ അതിഥിയെ വരവേറ്റത്. കുഞ്ഞിന്‍റെ കൈകളിൽ പിടിച്ച്, അന്തരിച്ച മൂത്ത മകൻ്റെ ഫ്രെയിം ചെയ്ത ഫോട്ടോയ്ക്ക് മുന്നിൽ ഇരിക്കുന്ന ചിത്രമാണ് ബൽക്കൗർ സിംഗ് പോസ്റ്റ് ചെയ്തത്.
2022-ൽ പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ടിക്കറ്റിൽ മാൻസയിൽ നിന്ന് മത്സരിച്ച് പരാജയപ്പെട്ട മൂസ്വാല അതേ വർഷം മെയ് 29-ന് ദാരുണമായി കൊല്ലപ്പെടുകയായിരുന്നു. 2022 മെയ് 29 ന് മാൻസ ജില്ലയിലെ ജവഹർകെ ഗ്രാമത്തിൽ വെച്ച് കാറിലെത്തിയ അക്രമികൾ അദ്ദേഹത്തെ വെടിവച്ചു കൊല്ലുകയായിരുന്നു.
യുവാക്കൾക്കിടയിൽ ഹരമായിരുന്നു മൂസേവലയുടെ സംഗീതം. പഞ്ചാബി ഗായകരിൽ ധനികന്മാരിൽ ഒരാളായിരുന്നു സിദ്ധു മൂസേവാല. സ്വന്തമായി ഗാനങ്ങൾ ചിട്ടപ്പെടുത്തി അവതരിപ്പിക്കുന്നതിൽ പ്രഗത്ഭനായിരുന്നു മൂസേവാല. മരണശേഷം പോലും പുറത്തിറങ്ങിയ ഗാനങ്ങൾ ഹിറ്റായി മാറി എന്നതും മൂസേവാലയുടെ സംഗീതത്തിന്‍റെ ജനപ്രീതിയുടെ തെളിവാണെന്ന് ആരാധകര്‍ പറയുന്നു. സിദ്ധുവിന്‍റെ കൊലപാതകം മുതൽ മകന് നീതി തേടിയുള്ള സമരത്തിന് അദ്ദേഹത്തിൻ്റെ മാതാപിതാക്കൾ നേതൃത്വം നൽകുന്നുണ്ട്.