തെലങ്കാന ഗവര്‍ണര്‍ തമിഴിസൈ സൗന്ദര്‍രാജന്‍ രാജിവെച്ചു. തിങ്കളാഴ്ച രാജിക്കത്ത് രാഷ്ട്രപതി ദ്രൗപതി മുർമുവിന് കൈമാറി. വരുന്ന ലോക്സഭ തെരഞ്ഞെടുപ്പില്‍ തമിഴ്നാട്ടില്‍ നിന്ന് മത്സരിക്കുന്നതിന് മുന്നോടിയായാണ് രാജിയെന്നാണ് വിവരം. ബിജെപി തമിഴ്നാട് ഘടകം മുന്‍ അധ്യക്ഷയായ തമിഴിസൈ സൗന്ദര്‍രാജന്‍ പുതുച്ചേരി ലഫ്. ഗവര്‍ണറുടെ ചുമതലയും വഹിച്ചിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദി തെലങ്കാനയിലെ ജഗ്തിയാലിൽ തെരഞ്ഞെടുപ്പ് റാലിയും തമിഴ്‌നാട്ടിലെ കോയമ്പത്തൂരിൽ റോഡ്‌ഷോയും സംഘടിപ്പിക്കുന്ന ദിവസമാണ് തമിഴിസൈ സൗന്ദരരാജൻ്റെ രാജി എന്നതും ശ്രദ്ധേയമാണ്. തമിഴ്നാട് അല്ലെങ്കില്‍ പുതുച്ചേരിയില്‍ നിന്ന് ലോക്സഭയിലേക്ക് തമിഴിസൈ സൗന്ദര്‍രാജനെ മത്സരിപ്പിക്കാനാണ് ബിജെപിയുടെ നീക്കം.
ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ച് സജീവ രാഷ്ട്രീയത്തിലേക്ക് തിരിച്ചുവരാനുള്ള ആഗ്രഹം അവർ നേരത്തെ പ്രകടിപ്പിച്ചിരുന്നു. 2019ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ ഡിഎംകെ നേതാവും കരുണാനിധിയുടെ മകളുമായ കനിമൊഴിയോട് തൂത്തിക്കുടി മണ്ഡലത്തില്‍ കനത്ത തോല്‍വി ഏറ്റുവാങ്ങിയിരുന്നു. പിന്നാലെയാണ് തെലങ്കാന ഗവര്‍ണറായി തമിഴിസൈ സൗന്ദര്‍രാജനെ നിയമിക്കുന്നത്.