ഇ-സിം ഉപഭോക്താക്കളുടെ പ്രൊഫൈലുകൾ ലക്ഷ്യമിട്ട് സ്വകാര്യ വിവരങ്ങളും ബാങ്ക് അക്കൗണ്ടുകളിലെ പണവും തട്ടുന്ന പുതിയ രീതിയുമായി ഹാക്കർമാർ. റഷ്യൻ സൈബർ സുരക്ഷാ വിഭാഗമായ എഫ്.എ.സി.സി.ടി ആണ് ഇത് സംബന്ധിച്ച് മുന്നറിയിപ്പ് നൽകിയത്. സിം കാർഡുകൾ ഉപയോഗിച്ച് പല തട്ടിപ്പുകളും നടക്കുന്നുണ്ടെങ്കിലും സാങ്കേതിക വിദ്യയുടെ മാറ്റങ്ങൾക്കനുസരിച്ച് തട്ടിപ്പ് രീതികളിലും മാറ്റം വരുത്തുകയാണ് ഹാക്കർമാർ. സാധാരണ സിം കാർഡുകൾക്ക് പകരം ഉപയോഗിക്കാൻ സാധിക്കുന്ന ഡിജിറ്റൽ സിം ആണ് ഇ-സിം കാർഡ്. ഇത്തരം സിം കാർഡുകൾ ഉപയോഗിക്കുന്ന ഉപയോക്താക്കളുടെ പ്രൊഫൈലുകൾ ഹാക്ക് ചെയ്യുകയാണ് തട്ടിപ്പ് സംഘങ്ങൾ.
ഒരു ക്യുആർ കോഡ് മാത്രം ഉപയോഗിച്ച് ഹാക്കർമാർക്ക് ഉപഭോക്താക്കളുടെ ഇ-സിം സൃഷ്ടിക്കാനും അതുപയോഗിച്ച് തട്ടിപ്പുകൾ നടത്താൻ സാധിക്കുമെന്നുമാണ് വിവരം. ഉപഭോക്താവിന്റെ പേരും മറ്റ് അടിസ്ഥാന വിവരങ്ങളും കൈക്കലാക്കുന്ന ഹാക്കർമാർക്ക് ഉപഭോക്താവിന്റെ ഐഡന്റിറ്റിയിൽ തന്നെ ടെലികോം കമ്പനികളുമായി ബന്ധപ്പെടാനും ഇ-സിം സൃഷ്ടിക്കാനുള്ള നടപടികൾ എളുപ്പത്തിൽ പൂർത്തിയാക്കാനും സാധിക്കും. ടെലികോം കമ്പനികളും ഈ തട്ടിപ്പ് തിരിച്ചറിഞ്ഞേക്കില്ല. ഇങ്ങനെ ഉപഭോക്താവിന്റെ നമ്പറിൽ ഇ-സിം സൃഷ്ടിക്കുന്ന ഹാക്കർമാർക്ക് ഉപഭോക്താവിന്റെ ഫോണിലെ ബാങ്ക് അക്കൗണ്ട് വഴി പണം തട്ടാനും ആപ്പുകളിലെ സ്വകാര്യ വിവരങ്ങൾ ചോർത്താനും സാധിക്കും.
ഇ-സിം മാത്രം ഉപയോഗിക്കാൻ കഴിയുന്ന ഐ ഫോൺ മോഡലുകൾ ആപ്പിൾ ചില രാജ്യങ്ങളിൽ അവതരിപ്പിച്ചിരുന്നു. ഈ ഫോണുകൾ ഉപയോഗിക്കുന്ന ഉപയോക്താക്കൾ തങ്ങളുടെ വിവരങ്ങളുടെ സുരക്ഷിതത്വം ഉറപ്പ് വരുത്തണം. ഫോണുകളിൽ ടു ഫാക്ടർ ഓതെന്റിക്കേഷൻ ഓൺ ചെയ്തോ ഓതെന്റിക്കേറ്റർ ആപ്പുകൾ ഉപയോഗിക്കുക വഴിയോ സ്വകാര്യ വിവരങ്ങളുടെ സുരക്ഷ ഉറപ്പ് വരുത്താൻ സാധിക്കും.