കാലാവസ്ഥാ വ്യതിയാനത്തിന് ശാശ്വത പരിഹാരം കാണാൻ ലോകരാജ്യങ്ങൾ ഒന്നിച്ച് നിൽക്കേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കി യുണൈറ്റഡ് നേഷൻസ് എൻവയേൺമെൻറ് പ്രോഗ്രാം (UNEP) മുൻ എക്സിക്യൂട്ടീവ് ഡയറക്ടർ എറിക് സോൾഹെം. ഇന്ത്യയടക്കം ലോകത്തിലെ ദക്ഷിണ ഭാഗത്തുള്ള രാജ്യങ്ങളിൽ ഉത്തര ഭാഗത്തുള്ള രാജ്യങ്ങളേക്കാൾ അന്തരീക്ഷ മലിനീകരണം വളരെ കുറവാണെന്ന് അദ്ദേഹം പറഞ്ഞു. സിഎൻഎൻ ന്യൂസ് 18 റൈസിംഗ് ഭാരത് ഉച്ചകോടിയിലെ ഒരു പാനൽ ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയെയോ ദക്ഷിണ രാജ്യങ്ങളെയോ ആഗോള അന്തരീക്ഷ മലിനീകരണത്തിന്റെ കാര്യത്തിൽ വിമർശിക്കേണ്ട കാര്യമേയില്ലെന്ന് അദ്ദേഹം പറഞ്ഞു. “അന്തരീക്ഷത്തിലേക്ക് മലിനവായു പുറന്തള്ളുന്നതിന്റെ പ്രതിശീർഷ കണക്ക് പരിശോധിച്ചാൽ അമേരിക്കയിൽ നിന്നുള്ളത് ഇന്ത്യയിലുള്ളതിനേക്കാൾ 25 ഇരട്ടിയാണെന്ന് മനസ്സിലാക്കാൻ സാധിക്കും. ചൈനയിൽ നിന്നുള്ള അന്തരീക്ഷ മലിനീകരണത്തോത് അമേരിക്കയിൽ ഉള്ളതിന്റെ എട്ടിൽ ഒന്ന് മാത്രമേ വരികയുള്ളൂ,” കാലാവസ്ഥാ നയത്തിൻെറ അടിസ്ഥാനത്തിൽ ലോകത്ത് നടക്കുന്ന വിഭജനവുമായി ബന്ധപ്പെട്ടുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
കാലാവസ്ഥാ വ്യതിയാനവും പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെടുള്ള കാര്യങ്ങളിൽ കൃത്യമായി എല്ലാവരിലേക്കും എത്തുന്ന തരത്തിൽ സന്ദേശം കൈമാറേണ്ടതുണ്ട്. “മുംബൈയിലോ ബെംഗളൂരുവിലോ ഉള്ള പുതിയ തലമുറയിലെ യുവാക്കളിലേക്ക് മാത്രമല്ല സന്ദേശം കൈമാറേണ്ടത്. ഉത്തർപ്രദേശിലുള്ള കർഷകനിലേക്കും തെലങ്കാനയിലുള്ള വീട്ടമ്മയിലേക്കും ഒരേപോലെ സന്ദേശം കൈമാറേണ്ടതുണ്ട്. നമ്മുടെ സന്ദേശം ചിലപ്പോൾ വിരസമായിട്ടുള്ളതാവാം. എന്നാൽ അത് രസകരമാക്കി മാറ്റാനുള്ള വഴി കണ്ടേത്തേണ്ടതുണ്ട്,” സോൾഹെം പറഞ്ഞു.
പരിസ്ഥിതി സൗഹാർദ്ദമായ ഒരു ലോകം കെട്ടിപ്പടുക്കേണ്ട ആവശ്യകത മുൻനിർത്തി ആഗോളതലത്തിൽ വലിയ ചർച്ചകൾ തന്നെ നടക്കുന്നുണ്ടെന്ന് മുൻ മൗറീഷ്യസ് പ്രസിഡന്റ് അമീനാ ഗുരീബ് ഫക്കീം ചൂണ്ടിക്കാട്ടി. കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട് ചർച്ച ചെയ്യാൻ ദുബായിൽ നടന്ന യുഎൻ കോൺഫറൻസിൽ എണ്ണയുമായി ബന്ധപ്പെട്ട് വലിയ ചർച്ചകൾ നടന്നിരുന്നു. എന്നാൽ പെട്രോളിയം ഉൽപ്പന്നങ്ങളെ മാറ്റി നിർത്തിക്കൊണ്ട് ലോകത്ത് മാറ്റം ഉണ്ടാക്കുകയെന്നത് എളുപ്പമുള്ള കാര്യമല്ലെന്നാണ് ആ സമ്മേളനത്തിൽ നടന്ന ചർച്ചയിലും ബോധ്യപ്പെട്ടതെന്ന് ഗുരീബ് ഫക്കീം പറഞ്ഞു.
“കാലാവസ്ഥാ വ്യതിയാനം ലോകത്തിനാകെ ഭീഷണിയാണെന്ന് നമുക്ക് വ്യക്തമായി ബോധ്യമുള്ള കാര്യമാണ്. എന്നാൽ നമ്മൾ അത് എത്രത്തോളം ഗൗരവത്തോടെ എടുത്തിട്ടുണ്ട്? അതിന് വേണ്ടി എന്ത് നയങ്ങളാണ് നാം ഉണ്ടാക്കിയിട്ടുള്ളത്? കോവിഡ് പ്രതിസന്ധി നമ്മൾ മനസ്സിലാക്കിയതാണ്. ഭാവിയിൽ നാം എന്തെല്ലാം നേരിടേണ്ടി വരുമെന്ന സൂചനയാണ് ആ കാലം തന്നത്. ഇപ്പോഴും അമേരിക്കയിലാണ് ഇത്തരം കാര്യങ്ങളുമായി ബന്ധപ്പെട്ട് നയരൂപീകരണം നടക്കുന്നത്. നമ്മൾ ഒരേ പ്രപഞ്ചത്തിലാണ് ജീവിക്കുന്നതെന്ന ബോധ്യം നമുക്ക് വന്നിട്ടില്ലെന്ന് തോന്നുന്നു,” ഫക്കീം കൂട്ടിച്ചേർത്തു.
കാലാവസ്ഥാ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ഭാരതീയ സംസ്കാരത്തിൽ വ്യക്തമായ നിർദ്ദേശങ്ങളുണ്ടെന്ന് പാനൽ ചർച്ചയിൽ സംസാരിക്കവേ എറിക് സോൾഹെം പറഞ്ഞു. ഹിന്ദു ധർമ അഥവാ ഇന്ത്യൻ സംസ്കാരത്തെക്കുറിച്ച് നേരത്തെ പാശ്ചാത്യർക്ക് വലിയ മതിപ്പില്ലായിരുന്നു. എന്നാൽ 21-ാം നൂറ്റാണ്ടിൽ അത് പാടെ മാറുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.