ഐവിഎഫ് ചികിത്സയുമായി ബന്ധപ്പെട്ട നിയമം സംബന്ധിച്ച് കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം പഞ്ചാബ് സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടി. രണ്ട് വര്‍ഷം മുമ്പ് വെടിയേറ്റുമരിച്ച പഞ്ചാബി ഗായകന്‍ സിദ്ദു മൂസെവാലയുടെ മാതാപിതാക്കള്‍ക്ക് മാര്‍ച്ച് 18ന് ഒരു ആണ്‍കുട്ടി ജനിച്ചതായുള്ള വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് കേന്ദ്രസര്‍ക്കാർ റിപ്പോർട്ട് തേടിയത്.
56ാം വയസില്‍ സിദ്ദു മൂസെവാലയുടെ മാതാവ് ചരണ്‍ കൗര്‍ കുഞ്ഞിന് ജന്മം നല്‍കിയതില്‍ നിയമലംഘനം നടന്നിട്ടുണ്ടോയെന്ന കാര്യമാണ് സര്‍ക്കാര്‍ പ്രധാനമായും പരിശോധിക്കുന്നത്. 2022 മേയ് 29നാണ് സിദ്ദു മൂസെവാല അക്രമികളുടെ വെടിയേറ്റ് കൊല്ലപ്പെട്ടത്. ആ സംഭവത്തിനുശേഷം 22 മാസമാകുമ്പോഴാണ് സിദ്ദുവിന്റെ മാതാപിതാക്കള്‍ക്ക് മകന്‍ ജനിച്ചത്. ‘സിദ്ദുവിന്റെ ഇളയസഹോദരന്‍’ എന്ന കുറിപ്പോടെ പിതാവ് ബല്‍കൗര്‍ സിങ്ങാണ് കുഞ്ഞ് പിറന്ന വിവരം സാമൂഹികമാധ്യമത്തില്‍ പങ്കുവെച്ചത്.
2021 ഡിസംബറില്‍ കൃത്രിമ ഗര്‍ഭധാരണവുമായി ബന്ധപ്പെട്ട് പഞ്ചാബ് സര്‍ക്കാര്‍ നിയമം കൊണ്ടുവന്നിരുന്നു. ഇത് പ്രകാരം 21 നും 50 ഉം ഇടയില്‍ പ്രായമുള്ള വിവാഹിതരായതോ അവിവാഹിതരായ സ്ത്രീകള്‍ക്കോ ഗര്‍ഭധാരണത്തിനുള്ള സേവനങ്ങള്‍ ചികിത്സാ ക്ലിനിക്കുകള്‍ക്ക് നല്‍കാമെന്നാണ് വ്യവസ്ഥ. ചികിത്സ തേടുന്ന ദമ്പതിമാരില്‍ പുരുഷന് 21നും 55 നും ഇടയിലായിരിക്കണം പ്രായമെന്നും നിയമം നിഷ്‌കര്‍ഷിക്കുന്നു. എന്നാല്‍ റിപ്പോര്‍ട്ടുകള്‍ പ്രകാരം ബല്‍കൗറിന് 60 ഉം ചരണ്‍ കൗറിന് 56 ഉം വയസ്സാണ് പ്രായം.
അതേസമയം, ചരൺകൗർ ഐവിഎഫ് ചികിത്സ വിദേശത്താണ് നടത്തിയതെന്ന റിപ്പോർട്ടും പുറത്തുവന്നിരുന്നു. ഇവിടത്തെ നിയമത്തിലെ പ്രായപരിധിയുമായി യോജിക്കാത്ത സാഹചര്യത്തിലാണ് വിദേശത്ത് നിന്ന് സഹായം തേടിയതെന്നാണ് റിപ്പോർട്ടുകൾ.
എന്നാല്‍ ഇതിന്റെ പേരില്‍ ഭഗവന്ത് മന്‍ നേതൃത്വം നല്‍കുന്ന സംസ്ഥാനസര്‍ക്കാര്‍ തങ്ങളെ മാനസികമായി പീഡിപ്പിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി സിദ്ദുവിന്റെ പിതാവ് ബല്‍കൗര്‍ സിങ് രംഗത്തെത്തി . കൗറിന്റെ സാമൂഹിക മാധ്യമ പോസ്റ്റ് ചൂടേറിയ ചര്‍ച്ചകള്‍ക്കാണ് തുടക്കമിട്ടത്. കുഞ്ഞിന്റെ രേഖകള്‍ നല്‍കാന്‍ ആവശ്യപ്പെട്ട് സര്‍ക്കാര്‍ രാവിലെ മുതല്‍ എന്നെ പീഡിപ്പിക്കുകയാണ്. ഈ കുട്ടി നിയമാനുസൃതമാണെന്ന് തെളിയിക്കാന്‍ അവര്‍ എന്നെ ചോദ്യം ചെയ്യുകയാണ്. സര്‍ക്കാരിനോട്, പ്രത്യേകിച്ച് മുഖ്യമന്ത്രി ഭഗവന്ത് മന്നിനോട് ഒരപേക്ഷയുണ്ട്. കുഞ്ഞിനുവേണ്ട എല്ലാ ചികിത്സയും വിജയകരമായി പൂര്‍ത്തിയാക്കണം. ഞാന്‍ ഈ നാട്ടുകാരന്‍തന്നെയാണ്. നിങ്ങള്‍ ചോദ്യം ചെയ്യാനായി വിളിച്ചാല്‍ ഏത് സമയത്തും എവിടെ വേണമെങ്കിലും ഞാന്‍ വരും.’ ബല്‍കൗര്‍ പറഞ്ഞു.
അതേസമയം കേന്ദ്രസര്‍ക്കാരില്‍ നിന്ന് ലഭിച്ച കത്ത് എക്‌സ് പ്ലാറ്റ്‌ഫോമില്‍ പങ്കുവെച്ച് എഎപി. ന്യായീകരണവുമായി രംഗത്തെത്തി. മുഖ്യമന്ത്രി ഭഗവന്ത് മന്‍ എല്ലായ്‌പോഴും പഞ്ചാബികളുടെ വികാരത്തേയും അന്തസ്സിനേയും മാനിക്കുന്ന വ്യക്തിയാണെന്നും ചരണ്‍ സിങ്ങിന്റെ ഐ.വി.എഫ്. ചികിത്സയെ സംബന്ധിച്ചുള്ള റിപ്പോര്‍ട്ട് കേന്ദ്രസര്‍ക്കാര്‍ തേടിയതിനാലാണ് രേഖകള്‍ ആവശ്യപ്പെട്ടതെന്നും എഎപി വക്താവ് പറഞ്ഞു.