ബെന്യാമിന്‍റെ പ്രശസ്തമായ ആടുജീവിതം നോവലിലെ യഥാര്‍ത്ഥ നായകന്‍ ആറാട്ടുപുഴ സ്വദേശി നജീബിന്‍റെ കൊച്ചുമകള്‍ മരണപ്പെട്ടു. നജീബിന്‍റെ ജീവിതം ആസ്പദമാക്കി പൃഥ്വിരാജ്-ബ്ലെസി ടീം ഒരുക്കിയ സിനിമ മാര്‍ച്ച് 28ന് റിലീസ് ചെയ്യാനിരിക്കെയാണ് കൊച്ചുമകളുടെ വിയോഗ വാര്‍ത്ത നജീബിനെ തേടിയെത്തിയത്.
ഇന്നലെ വൈകിട്ടാണ് ആറാട്ടുപുഴ പത്തിശേരിൽ തറയിൽ നജീബിന്റെ മകൻ സഫീറിന്റെയും മുബീനയുടെയും ഒന്നര വയസ്സുള്ള മകൾ സഫ മറിയം മരിച്ചത്. ജന്മനാ രോഗബാധിതയായ കുട്ടി ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കബറടക്കം ഇന്ന് ആറാട്ടുപുഴ പടിഞ്ഞാറ് ജമാഅത്ത് പള്ളിയിൽ നടക്കും. എഴുത്തുകാരന്‍ ബെന്യാമിനാണ് കുട്ടിയുടെ മരണവിവരം പങ്കുവെച്ചത്.
‘പെട്ടെന്ന് ഉണ്ടായ ഒരു അസുഖത്തെ തുടർന്ന് നജീബിന്റെ കൊച്ചുമകൾ ( മകന്റെ മകൾ ) സഫാ മറിയം (ഒന്നര വയസ് ) ഇന്ന് മരണപ്പെട്ടു. നിങ്ങളുടെ പ്രാർത്ഥനയിൽ ഓർക്കുമല്ലോ’- ബെന്യാമിന്‍ കുറിച്ചു.