2024 ലോക്സഭ തെരഞ്ഞെടുപ്പിൽ നാല് മണ്ഡലങ്ങളിലേക്കുള്ള ബിജെപി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി മത്സരിക്കുന്ന വയനാട്ടിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ മത്സരിക്കും. സിപിഐ ദേശീയ നേതാവ് ആനി രാജയാണ് ഇവിടെ ഇടത് സ്ഥാനാർഥി.
രാഹുൽ ഗാന്ധിക്കെതിരെ മത്സരിക്കാൻ പാർട്ടി നിർദേശിച്ചതിൽ സന്തോഷമെന്ന് കെ സുരേന്ദ്രൻ.വലിയ ഉത്തരവാദിത്തം ആണ് പാർട്ടി ഏല്പിച്ചത്.കേന്ദ്ര നേതൃത്വം വിളിച്ചുവരുത്തി ആവശ്യപ്പെട്ടത് പ്രകാരമാണ് മത്സരമെന്ന് അദ്ദേഹം പറഞ്ഞു.
സിപിഎമ്മിന് വേണ്ടി നടൻ മുകേഷ് സിറ്റിംഗ് എംപി പ്രേമചന്ദ്രനെ നേരിടുന്ന കൊല്ലത്ത് നടൻ ജി. കൃഷ്ണകുമാർ ബിജെപി സ്ഥാനാര്‍ത്ഥിയാകും.
എറണാകുളത്തും ആലത്തൂരും മുൻ കോളേജ് അധ്യാപകരാണ് സ്ഥാനാർത്ഥികൾ. എറണാകുളത്ത് പി എസ് സി മുൻ ചെയർമാനും കാലടി സംസ്‌കൃത കോളേജ് മുൻ വൈസ് ചാൻസലറുമായ ഡോ. കെ.എസ്.രാധാകൃഷ്ണനും ആലത്തൂരിൽ പാലക്കാട് വിക്ടോറിയ കോളേജ് മുൻ പ്രിൻസിപ്പൽ ഡോ. ടി.എൻ.സരസുവുമാണ് സ്ഥാനാർഥികൾ. ഇതോടെ കേരളത്തിലെ 20 മണ്ഡലങ്ങളിലും എൻഡിഎക്കു സ്ഥാനാർഥികളായി.
20 സീറ്റിൽ അഞ്ച് വനിതകളെയാണ് എൻഡിഎയുടെ സ്ഥാനാർഥി പട്ടികയിൽ ഉൾപെടുത്തിയിട്ടുള്ളത്.