ബംഗളൂരു: ഓണ്‍ലൈന്‍ ക്രിക്കറ്റ് വാതുവെപ്പില്‍ ബംഗളുരു സ്വദേശിക്ക് 1.5 കോടിയോളം രൂപ നഷ്ടപ്പെട്ടു. കടം പെരുകിയതോടെ ഇയാളുടെ ഭാര്യ ജീവനൊടുക്കി.
ഹോസദുര്‍ഗ്ഗയിൽ അസിസ്റ്റന്റ് എന്‍ജീനിയറായ ദർശൻ ബാബുവിനാണ് ദുരനുഭവമുണ്ടായത്.
കടക്കാരുടെ ഭീഷണി വര്‍ധിച്ചതോടെ ഇയാളുടെ ഭാര്യ രഞ്ജിത ജീവനൊടുക്കുകയായിരുന്നു. മാര്‍ച്ച് 19നാണ് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ദര്‍ശന് പണം കടം കൊടുത്ത 13 പേര്‍ക്കെതിരെ രഞ്ജിതയുടെ പിതാവ് പരാതി നല്‍കി. ദര്‍ശനും രഞ്ജിതയ്ക്കും രണ്ട് വയസ്സുള്ള ഒരു മകനുണ്ട്.
കടക്കാരില്‍ നിന്ന് തനിക്കും ഭര്‍ത്താവിനും നിരന്തരം ഭീഷണികളുണ്ടായിരുന്നുവെന്ന് രഞ്ജിത അവസാനമായി എഴുതിയ കുറിപ്പില്‍ പറയുന്നുണ്ട്. രഞ്ജിതയുടെ പിതാവിന്റെ പരാതിയെത്തുടര്‍ന്ന് 13 പേര്‍ക്കെതിരെ ആത്മഹത്യാ പ്രേരണയ്ക്ക് പോലീസ് കേസെടുത്തു. ഇതില്‍ മൂന്ന് പേരെ തിരിച്ചറിഞ്ഞതായി പോലീസ് പറഞ്ഞു. തിരിച്ചറഞ്ഞ ശിവ, ഗിരീഷ്, വെങ്കിടേഷ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.
ദര്‍ശന് ഒന്നരക്കോടിയോളം രൂപ നഷ്ടപ്പെട്ടിട്ടുണ്ടാകുമെന്ന് രഞ്ജിതയുടെ പിതാവ് വെങ്കിടേഷ് പറഞ്ഞു. എന്നാല്‍ കുറേയധികം പണം ദര്‍ശന്‍ കടക്കാര്‍ക്ക് തിരിച്ചുനല്‍കിയിട്ടുണ്ട്. നിലവിൽ 54 ലക്ഷം രൂപയുടെ കടബാധ്യത ദര്‍ശനുണ്ടെന്ന് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിച്ചു
’’ എന്റെ മരുമകന്‍ നിരപരാധിയാണ്. അവന്‍ ഒറ്റയ്ക്ക് ഒരിക്കലും ഓണ്‍ലൈന്‍ ക്രിക്കറ്റ് വാതുവെപ്പില്‍ ഏര്‍പ്പെടില്ല. പ്രതികള്‍ നിര്‍ബന്ധിച്ചാണ് അവനെ ഈ കെണിയില്‍ വീഴ്ത്തിയത്. വേഗം പണക്കാരനാകും എന്ന് മരുമകനെ പറഞ്ഞ് വിശ്വസിപ്പിച്ചു. വാതുവെപ്പിന് പണം നല്‍കാമെന്ന് പറയുകയും ചെയ്തു,’’ വെങ്കിടേഷ് ആരോപിച്ചു.
‘‘2021നും 2023നും ഇടയ്ക്ക് കുറച്ച് പണം ദര്‍ശന്‍ ഓണ്‍ലൈന്‍ ക്രിക്കറ്റ് വാതുവെപ്പില്‍ നിക്ഷേപിച്ചിരുന്നു. എന്നാല്‍ പണമെല്ലാം നഷ്ടപ്പെട്ടു. ശേഷം വാങ്ങിയ പണം എത്രയും പെട്ടെന്ന് തിരിച്ചുനല്‍കണമെന്ന് പറഞ്ഞ് പ്രതികള്‍ അവനെ സമ്മര്‍ദ്ദത്തിലാക്കി,’’ വെങ്കിടേഷ് പറഞ്ഞു.