മൈക്രോസോഫ്റ്റ് സഹ സ്ഥാപകനും ലോകത്തിലെ പ്രമുഖ വ്യവസായിയുമായ ബിൽ ഗേറ്റ്സും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിൽ നടന്ന ചർച്ചയുടെ വിശദാംശങ്ങൾ പുറത്ത് വന്നിരിക്കുകയാണ്. ഇന്നത്തെ ആഗോള നേതാക്കൻമാർക്കിടയിൽ ഏറ്റവും കൂടുതൽ കഠിനാധ്വാനിയായ വ്യക്തിയാണ് നരേന്ദ്ര മോദിയെന്ന് ബിൽ ഗേറ്റ്സ് പറഞ്ഞു. തിരക്ക് പിടിച്ച ജീവിതത്തിനിടയിൽ മോദി എങ്ങനെയാണ് വിശ്രമത്തിന് സമയം കണ്ടെത്തുന്നത് എന്നതായിരുന്നു ബിൽ ഗേറ്റ്സിന്റെ പ്രധാനപ്പെട്ട ചോദ്യങ്ങളിൽ ഒന്ന്.
തിരക്കിനിടയിലും സ്വാഭാവികമായ വിശ്രമത്തിന് തന്റെ ശരീരം പാകപ്പെട്ടിട്ടുണ്ടെന്നാണ് മോദി ഇതിനോട് മറുപടി പറഞ്ഞത്. “ഈ ഊർജ്ജം എൻെറ ശരീരത്തിൽ നിന്ന് വരുന്നതല്ല. ഞാൻ ചെയ്യുന്ന പ്രവൃത്തിയോടുള്ള ആത്മാർഥതയും അതിനോടുള്ള അർപ്പണബോധവും കൊണ്ടാണ് ഈ ഊർജ്ജം ഉണ്ടാവുന്നത്. ചെയ്യുന്ന പ്രവൃത്തിയോടുള്ള ആത്മാർഥതയാണ് എന്നെ മുന്നോട്ട് നയിക്കുന്നത്. ഉദാഹരണത്തിന് എനിക്ക് വളരെ വൈകി ഉറങ്ങിയ ശേഷം രാവിലെ നേരത്തെ തന്നെ എണീക്കാൻ സാധിക്കും. അതിനായി ഞാൻ പ്രത്യേകമായി ഒന്നും ചെയ്യേണ്ടതില്ല. എന്റെ ശരീരം വളരെ സ്വാഭാവികമായി തന്നെ വിശ്രമിക്കാറുണ്ട്,” മോദി പറഞ്ഞു.
“ഹിമാലയത്തിൽ ഞാൻ ബ്രഹ്മ മുഹൂർത്തത്തിൽ എണീറ്റാണ് കുളിക്കാറുള്ളത്. അതായത് പുലർച്ചെ 3.20നും 3.40നും ഇടയ്ക്കുള്ള സമയം. ഇതെല്ലാം എന്റെ ശരീരത്തെ സമയവുമായി പൊരുത്തപ്പെട്ട് പോവാൻ സഹായിച്ചിട്ടുണ്ട്,” മോദി ബിൽ ഗേറ്റ്സിനോട് പറഞ്ഞു.
കോവിഡ് 19 മഹാമാരിയോട് ഇന്ത്യ എങ്ങനെയാണ് പോരാടിയതെന്നും മോദി വിശദീകരിച്ചു. “അത് വൈറസും സർക്കാരും തമ്മിലുള്ള പോരാട്ടമായിട്ടല്ല ഞാൻ കണ്ടത്. അത് ജീവിതവും വൈറസും തമ്മിലുള്ള പോരാട്ടമായിരുന്നു,” മോദി പറഞ്ഞു. കോവിഡ് 19 കാലത്ത് ലോകത്തിന് മാതൃകയാവുന്ന തരത്തിലാണ് ഇന്ത്യയിൽ പ്രവർത്തനങ്ങൾ നടന്നതെന്ന് മോദി പറഞ്ഞു. സ്വന്തമായി വാക്സിൻ കണ്ടെത്തുന്നതിലും ഇന്ത്യ മുന്നിൽ തന്നെ ഉണ്ടായിരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
കോവിഡ് 19 മഹാമാരിയുടെ ആദ്യദിനം മുതൽ തന്നെ ജനങ്ങളോട് തുറന്ന് സംസാരിക്കാൻ തയ്യാറായി. “ജനങ്ങളിൽ വിശ്വാസം ഉണ്ടാക്കുന്നതിന്റെ ഭാഗമായി എല്ലാ കോവിഡ് 19 നിർദ്ദേശങ്ങളും പരസ്യമായി പാലിച്ച് കൊണ്ടാണ് ഞാനും മുന്നോട്ട് പോയത്,” പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
കയ്യടിക്കാനും പാത്രം മുട്ടാനും ദീപം കൊളുത്തുന്നതിനുമെല്ലാം താൻ നൽകിയ ആഹ്വാനങ്ങളെ പരിഹസിക്കുകയും കളിയാക്കുകയും ചെയ്തവരുണ്ട്. എന്നാൽ കൊറോണ വൈറസിനെതിരെ രാജ്യത്തെ ജനങ്ങളെ ഒന്നിച്ച് നിർത്തുന്നതിന് അതെല്ലാം അനിവാര്യമായിരുന്നുവെന്നും മോദി വ്യക്തമാക്കി.
“രാജ്യത്ത് വാക്സിൻ എടുത്തവരിൽ ആദ്യത്തെ കൂട്ടത്തിൽ തന്നെ ഞാനുണ്ടായിരുന്നു. ജനങ്ങളിൽ വാക്സിനോട് വിശ്വാസം ഉണ്ടാക്കുകകയെന്നത് പ്രധാനമായിരുന്നു. 95 വയസ്സുള്ള എന്റെ മാതാവ് പരസ്യമായി പോയാണ് വാക്സിൻ എടുത്തത്. ജനങ്ങളിൽ വിശ്വാസം ഉണ്ടാക്കാൻ ഞാൻ കാണിച്ച ആ മാതൃക വിജയിക്കുക തന്നെ ചെയ്തു. വാക്സിൻ അവരുടെ ജീവൻ രക്ഷിക്കുമെന്ന് അവർ വിശ്വസിക്കുക തന്നെ ചെയ്തു,” മോദി വ്യക്തമാക്കി. ഏകദേശം 45 മിനിറ്റ് നേരമാണ് മോദിയും ബിൽ ഗേറ്റ്സും തമ്മിൽ സംസാരിച്ചത്. നിർമ്മിതബുദ്ധി, സാങ്കേതിക വിദ്യയുടെ വളർച്ച, സ്റ്റ്യാച്ച്യൂ ഓഫ് യൂണിറ്റി തുടങ്ങിയ വിഷയങ്ങളെല്ലാം ഇരുവരും ചർച്ച ചെയ്തു.