വിവാഹമോചനത്തിന് ശേഷം തന്റെ സമ്പാദ്യം മൂന്നിരട്ടിയായെന്ന് മുന്‍ ഗൂഗിള്‍ ജീവനക്കാരി. 37കാരിയായ വീനസ് വാംഗ് ആണ് തന്റെ അനുഭവം പരസ്യപ്പെടുത്തിയത്. 2021ലാണ് താന്‍ വിവാഹമോചിതയായതെന്ന് വീനസ് പറഞ്ഞു. ഭാര്യ എന്ന ലേബലില്‍ നിന്ന് സിംഗിൾ മദര്‍ എന്ന പദവിയിലേക്ക് താനെത്തിയെന്നും വീനസ് പറഞ്ഞു. ‘സിഎന്‍ബിസി മേക്ക് ഇറ്റില്‍’ സംസാരിക്കുകയായിരുന്നു വീനസ്. യുഎസിലാണ് വീനസ് ഇപ്പോള്‍ താമസിക്കുന്നത്. വിവാഹമോചനസമയത്ത് തൊഴില്‍രഹിതയായിരുന്നു വീനസ്. 10000 ഡോളര്‍ (8.7 ലക്ഷംരൂപ) മാത്രമാണ് അന്ന് തന്റെ കൈയിലുണ്ടായിരുന്നതെന്നും വീനസ് പറഞ്ഞു. ആ സമ്പാദ്യവും മറ്റൊരു കൈയില്‍ മകളെയും പിടിച്ചാണ് താന്‍ ജീവിതം വീണ്ടും ആരംഭിച്ചതെന്ന് വീനസ് പറഞ്ഞു.
2013ലാണ് വീനസ് ചൈനയില്‍ നിന്ന് യുഎസിലേക്ക് കുടിയേറിയത്. അതിനുമുമ്പ് വീനസിന് പ്രമുഖ ടെക് കമ്പനിയില്‍ ആറക്ക ശമ്പളമുള്ള ജോലിയുണ്ടായിരുന്നു. എന്നാല്‍ വിവാഹമോചനത്തിന് ശേഷം തന്റെ കരിയര്‍ വീണ്ടും പൊടിതട്ടിയെടുക്കേണ്ടി വന്നുവെന്ന് വീനസ് പറഞ്ഞു. അതിലൂടെ സാമ്പത്തികസ്ഥിരത കൈവരിക്കാനായി താന്‍ കഠിനാധ്വാനം ചെയ്തുവെന്നും വീനസ് പറഞ്ഞു.
ഇന്ന് പ്രതിവര്‍ഷം 1 മില്യണ്‍ ഡോളര്‍ (8.7 കോടിരൂപ)യാണ് വീനസ് സമ്പാദിക്കുന്നത്. ഒരു ടെക് കമ്പനിയിലെ എഐ ഡിവിഷനിലാണ് വീനസ് ഇന്ന് ജോലി ചെയ്യുന്നത്. 2024 വരെ ഗൂഗിളിലാണ് വീനസ് ജോലി ചെയ്തിരുന്നത്. പിന്നീട് മറ്റൊരു പ്രമുഖ ടെക് കമ്പനിയില്‍ ജോലിയ്ക്ക് പ്രവേശിക്കുകയും ചെയ്തു. ഇതെല്ലാം തന്റെ വരുമാനം മൂന്നിരട്ടിയാക്കാന്‍ സഹായിച്ചുവെന്നും വീനസ് പറഞ്ഞു.
“വിവാഹമോചനം നടക്കുന്ന സമയത്ത് എന്റെ കൈയില്‍ പരിമിതമായ സമ്പാദ്യമാണ് ഉണ്ടായിരുന്നത്. അതിന് ശേഷം എന്റെ വ്യക്തിഗത ചെലവുകളില്‍ മാറ്റം വരുത്തി. എനിക്ക് വേണ്ടി മാത്രമായിരുന്നില്ല. എന്റെ മകളെ നന്നായി നോക്കാനും ഈ തീരുമാനം എന്നെ സഹായിച്ചു,” വീനസ് പറഞ്ഞു.
ഇന്ന് വളരെ സന്തോഷത്തോടെയാണ് താന്‍ ജോലി ചെയ്യുന്നതെന്നും വീനസ് പറഞ്ഞു. “ഈ സാങ്കേതികവിദ്യയുടെ ഭാവിയ്ക്കായുള്ള പ്രധാനപ്പെട്ട ജോലിയാണ് ഞാന്‍ ചെയ്യുന്നത് എന്ന് എനിക്കറിയാം,” വീനസ് പറഞ്ഞു.