ഉത്തരാഖണ്ഡിലെ ബദ്രീനാഥ് ധാമില്‍ (Badrinath Dham) ഉണ്ടായ ഹിമപാതത്തില്‍ 41 തൊഴിലാളികള്‍ മഞ്ഞിനടിയില്‍ കുടുങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ട്. അതിര്‍ത്തി മേഖലയായ മനായ്ക്ക് സമീപമുള്ള ബോര്‍ഡര്‍ റോഡ് ഓര്‍ഗനൈസേഷന്റെ (ബിആര്‍ഒ) ക്യാമ്പിന് സമീപമാണ് ഹിമപാതമുണ്ടായത് (Avalanche). കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ പ്രദേശത്തുണ്ടായ കനത്ത മഞ്ഞുവീഴ്ചയെത്തുടര്‍ന്ന് ഹിമാനികള്‍ നദിയിലേക്ക് പതിക്കുകയായിരുന്നു. ഈ മേഖലയില്‍ റോഡ് നിര്‍മാണത്തിന് എത്തിയ തൊഴിലാളികളാണ് കുടുങ്ങിക്കിടക്കുന്നത്. സ്വകാര്യ കരാറുകാരനാണ് തൊഴിലാളികളെ ഇവിടേക്ക് എത്തിച്ചത്.
രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു
57 തൊഴിലാളികളാണ് മഞ്ഞിനടിയില്‍ കുടുങ്ങിയത്. ബിആര്‍ഒ ഉദ്യോഗസ്ഥര്‍ക്ക് പുറമെ എസ്ഡിആര്‍എഫ്, ഇന്തോ ടിബറ്റന്‍ ബോര്‍ഡര്‍ പോലീസ് (ഐടിബിപി)എന്നിവരും സ്ഥലത്തെത്തിയിട്ടുണ്ട്. മഞ്ഞിനടിയില്‍ കുടുങ്ങിയ 16 തൊഴിലാളികളെ രക്ഷപ്പെടുത്തിയിട്ടുണ്ട്. 41 പേരെ കൂടി രക്ഷപ്പെടുത്താനുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.
രക്ഷപ്പെടുത്തിയ തൊഴിലാളികളെ മനായ്ക്ക് സമീപമുള്ള മെഡിക്കല്‍ ക്യാംപിലേക്ക് എത്തിച്ചിട്ടുണ്ടെന്ന് ഐജി നിലേഷ് ആനന്ദ് ഭര്ണെ പറഞ്ഞു. രക്ഷാപ്രവര്‍ത്തനം നടക്കുന്ന സ്ഥലത്തേക്ക് നാല് ആംബുലന്‍സുകള്‍ അയച്ചിട്ടുണ്ടെന്ന് എക്സിക്യൂട്ട് എന്‍ജീനിയര്‍ സിആര്‍ മീന പറഞ്ഞു. കനത്ത മഞ്ഞുവീഴ്ച രക്ഷാപ്രവര്‍ത്തനത്തിന് തടസം സൃഷ്ടിക്കുകയാണെന്നും റിപ്പോര്‍ട്ടുണ്ട്.
മഞ്ഞുവീഴ്ച കാരണം രക്ഷാപ്രവര്‍ത്തനത്തിനായി ഹെലികോപ്ടര്‍ സര്‍വീസുകള്‍ ഉപയോഗിക്കാനാകുന്നില്ലെന്ന് ചമോലിയിലെ ജില്ലാ മജിസ്ട്രേറ്റ് സന്ദീപ് തിവാരി പറഞ്ഞു. ഇതുവരെ മരണമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
“കരസേന, ഐടിബിപി, എസ്ഡിആര്‍എഫ് ഉദ്യോഗസ്ഥരെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്. കനത്ത മഴയും മഞ്ഞുവീഴ്ചയും കാരണം ഹെലികോപ്ടര്‍ സര്‍വീസ് ഉപയോഗിക്കാനാകുന്നില്ല. ഇതുവരെ മരണമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. മഞ്ഞുവീഴ്ച രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളി തീര്‍ക്കുന്നു,” ജില്ലാ മജിസ്ട്രേറ്റ് അറിയിച്ചു.
പ്രദേശവാസികള്‍ക്ക് സര്‍ക്കാര്‍ ജാഗ്രതനിര്‍ദേശം നല്‍കിയിട്ടുണ്ട്. നിര്‍മാണപ്രവര്‍ത്തനം നടത്തിവരികയായിരുന്ന ഹിമാനിയ്ക്കടുത്തുള്ള പ്രദേശങ്ങള്‍ക്ക് കാര്യമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.
പ്രതികരിച്ച് മുഖ്യമന്ത്രി പുഷ്കര്‍ സിംഗ് ദാമി
ബിആര്‍ഒ, ഐടിബിപി തുടങ്ങിയ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കര്‍ സിംഗ് ദാമി പറഞ്ഞു.
“ചമോലി ജില്ലയിലെ മനാ ഗ്രാമത്തിനടുത്തുണ്ടായ ഹിമപാതത്തില്‍ നിരവധി തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്നു. ഐടിബിപി, ബിആര്‍ഒ എന്നിവയുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിവരികയാണ്. എല്ലാവരെയും സുരക്ഷിതമായി രക്ഷിക്കാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു,” എന്ന് അദ്ദേഹം എക്സില്‍ കുറിച്ചു.
ജമ്മുകശ്മീരിലും ഹിമപാത മുന്നറിയിപ്പ്
ജമ്മു കശ്മീരിന്റെ വിവിധ മേഖലകളിലും അധികൃതര്‍ ഹിമപാത മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഉയര്‍ന്ന പ്രദേശങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് അധികൃതര്‍ അറിയിച്ചു. ഹിമപാതമുണ്ടാകാന്‍ സാധ്യതയുള്ള സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യരുതെന്നും ജാഗ്രതാനിര്‍ദേശത്തില്‍ പറയുന്നു.