പഞ്ചാബിലെ സ്വയം പ്രഖ്യാപിത ക്രിസ്ത്യന്‍ പ്രവാചകനായ ബജീന്ദര്‍ സിംഗിനെതിരെ ലൈംഗികാതിക്രമ പരാതിയുമായി 22കാരി. എന്നാല്‍ ഈ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും തനിക്കെതിരെ മറ്റൊരു പാസ്റ്റര്‍ നടത്തിയ ഗൂഢാലോചനയുടെ ഫലമാണ് ഈ കേസെന്നും ബജീന്ദര്‍ സിംഗ് പറഞ്ഞു.
പതിനേഴ് വയസു മുതല്‍ ബജീന്ദര്‍ സിംഗിനോടൊപ്പം പ്രവര്‍ത്തിച്ചുവരികയായിരുന്നു താനെന്ന് യുവതി പറഞ്ഞു. അന്ന് മുതല്‍ അയാള്‍ മോശമായ രീതിയിലാണ് തന്നോട് പെരുമാറിയിരുന്നതെന്നും യുവതി നല്‍കിയ പരാതിയില്‍ പറയുന്നു. അനുവാദമില്ലാതെ ഇയാള്‍ തന്റെ ശരീരത്തില്‍ സ്പര്‍ശിച്ചുവെന്നും വിവാഹാഭ്യര്‍ത്ഥന നടത്തിയെന്നും തന്നെ വിടാതെ പിന്തുടര്‍ന്നുവെന്നും യുവതി പറഞ്ഞു. ഇതേപ്പറ്റി പുറത്ത് ആരോടെങ്കിലും പറഞ്ഞാല്‍ കുടുംബം ഇല്ലാതാക്കുമെന്നും ഇയാള്‍ ഭീഷണിപ്പെടുത്തിയിരുന്നു. നിലവില്‍ താന്‍ വിവാഹിതയാണെന്നും യുവതി പറഞ്ഞു. വിവാഹം കഴിഞ്ഞിട്ടും ഇയാള്‍ തന്നെ പിന്തുടര്‍ന്നുവെന്നും യുവതി പറഞ്ഞു.
2017ലാണ് മാതാപിതാക്കള്‍ തന്നെ ബജീന്ദര്‍ സിംഗിന്റെ ചര്‍ച്ച് ഓഫ് ഗ്ലോറി ആന്‍ഡ് വിസ്ഡത്തില്‍ തന്നെ ചേര്‍ത്തതെന്ന് യുവതി പറഞ്ഞു. അന്ന് തന്റെ ഫോണ്‍ നമ്പര്‍ വാങ്ങിയ ബജീന്ദര്‍ സിംഗ് അശ്ലീല മെസേജുകള്‍ അയക്കാന്‍ തുടങ്ങി. ഇതൊക്കെ കണ്ട് താന്‍ ഭയപ്പെട്ടുവെന്നും മാതാപിതാക്കളോട് പറയാന്‍ ധൈര്യമില്ലായിരുന്നുവെന്നും യുവതി പറഞ്ഞു.
2022ല്‍ എല്ലാ ഞായറാഴ്ചയും ചര്‍ച്ചിലെ അദ്ദേഹത്തിന്റെ ക്യാബിനിലേക്ക് തന്നെ വിളിപ്പിക്കുമായിരുന്നുവെന്നും യുവതി പറഞ്ഞു. തന്നെ അനുചിതമായി ഇയാള്‍ സ്പര്‍ശിച്ചുവെന്നും വിവാഹഭ്യര്‍ത്ഥന നടത്തിയെന്നും യുവതി പറഞ്ഞു. ഇതുകൂടാതെ കോളേജിലേക്ക് പോകുമ്പോള്‍ തന്നെ പതിവായി ഇയാള്‍ പിന്തുടരുമായിരുന്നുവെന്നും യുവതി പരാതിയില്‍ പറയുന്നു.
ഈ ഉപദ്രവം വര്‍ഷങ്ങള്‍ നീണ്ടുനിന്നുവെന്നും യുവതി പറഞ്ഞു. ഇതിനിടെ തന്റെ വിവാഹം കഴിയുകയും താന്‍ ഗര്‍ഭിണിയാകുകയും ചെയ്തുവെന്നും യുവതി പറഞ്ഞു. തന്നെ ഭീഷണിപ്പെടുത്തിയ എട്ട് പേര്‍ക്കെതിരെയും യുവതി പരാതി നല്‍കിയിട്ടുണ്ട്. ഫെബ്രുവരി 20നാണ് യുവതി പരാതിയുമായി കപൂര്‍ത്തല പോലീസ് സ്റ്റേഷനിലെത്തിയത്. ഇവരുടെ പരാതിയില്‍ പോലീസ് കേസെടുക്കുകയും ചെയ്തു.
എന്നാല്‍ തനിക്കെതിരെയുള്ള ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് പറഞ്ഞ് ബജീന്ദര്‍ സിംഗ് ഞായറാഴ്ച വാര്‍ത്താസമ്മേളനം നടത്തി. മറ്റൊരു പാസ്റ്ററാണ് തനിക്കെതിരെ വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കാന്‍ ഒത്തുകളിച്ചതെന്നും ഇയാള്‍ ആരോപിച്ചു.
“കഴിഞ്ഞ അഞ്ച് വര്‍ഷമായി അയാള്‍ എനിക്കെതിരെ വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കുന്നു. കൃത്യമായ രജിസ്‌ട്രേഷന്‍ ഇല്ലാത്ത ഒരു ചാനലില്‍ എനിക്ക് എതിരെ അയാള്‍ വ്യാജ ആരോപണം ഉന്നയിച്ചു,” ബജീന്ദര്‍ സിംഗ് പറഞ്ഞു.
ഈ പാസ്റ്ററിന്റെ മകനെതിരെ മുമ്പ് താനൊരു പരാതി നല്‍കിയിരുന്നുവെന്നും അതിനുള്ള പ്രതികാരമെന്ന നിലയിലാണ് ഇപ്പോള്‍ അയാള്‍ യുവതിയെകൊണ്ട് പരാതി നല്‍കിച്ചതെന്നും ബജീന്ദര്‍ സിംഗ് പറഞ്ഞു. “ഫെബ്രുവരി 16നാണ് ഞാന്‍ അയാളുടെ മകനെതിരെ പരാതി നല്‍കിയത്. ഫെബ്രുവരി 20ന് അയാള്‍ എനിക്കെതിരെ പരാതി ഉന്നയിച്ചു,” ബജീന്ദര്‍ സിംഗ് പറഞ്ഞു.