ക്രൈസ്തവർ പ്രധാനമായും രണ്ട് ദീര്‍ഘ വ്രതങ്ങളാണ് അനുഷ്ഠിക്കാറുള്ളത് – ഈസ്റ്ററിനു മുമ്പുള്ള അമ്പത് നോമ്പും, ക്രിസ്മസിനു മുമ്പുള്ള ഇരുപത്തഞ്ച് നോമ്പും. നോമ്പിന് തുടക്കം കുറിച്ച് തിങ്കളാഴ്ച വിഭൂതിതിരുനാൾ ആചരിക്കുന്നു. ബൈബിളിലെ പഴയ നിയമകാലത്ത് ഭൗതികതയോടുള്ള വിരക്തിയുടെ പ്രതീകമായി ദേഹത്ത് ചാരംപൂശിയാണ് നോമ്പനുഷ്ഠിച്ചിരുന്നത്.
ഇതിന്റെ അനുസ്മരണമായി നെറ്റിയിൽ ചാരംകൊണ്ടുള്ള കുരിശുവരയ്ക്കുന്ന അനുഷ്ഠാനമാണ് കുരിശുവര (വിഭൂതി) തിരുനാൾ. എളിമപ്പെടലിന്റെയും അനുതാപത്തിന്റെയും അടയാളമായാണിത്.വിശ്വാസജീവിതത്തിന് നവചൈതന്യം കൈവരിക്കാൻ തുടക്കംകുറിക്കുന്ന ദിവസമാണ് കുരിശുവര തിരുനാൾ.
പാതിനോമ്പ്, നാല്പതാം വെള്ളി, പെസഹവ്യാഴം, ദുഃഖവെള്ളി, ഉയിർപ്പുഞായർ തുടങ്ങിയ പ്രത്യേക ദിവസങ്ങൾ അമ്പതുനോമ്പിന്റെ ഭാഗമാണ്.കൽദായ, സുറിയാനി പാരമ്പര്യം പിന്തുടരുന്ന സിറോ മലബാർ, മലങ്കര കത്തോലിക്ക, യാക്കോബായ, ഓർത്തഡോക്സ് ദേവാലയങ്ങളിൽ തിങ്കളാഴ്ച വിഭൂതി ആചരിക്കും. 50 ദിവസമാണ് നോമ്പാചരണം. അതായത് ഈസ്റ്ററിന് മുമ്പ് ഏഴ് ഞായറാചകള്‍ക്കു മുമ്പേ ആരംഭിച്ച് ഈസ്റ്ററില്‍ പൂര്‍ണമാകുന്നു. യേശു മരുഭൂമിയില്‍ ഉപവസിച്ചതിന്റെ ഓര്‍മയാചരിച്ചു കൊണ്ട് തുടര്‍ച്ചയായി 40 ദിവസം നോമ്പാചരിക്കുന്നു. അതിന്റെ പൂര്‍ണിമ 40ാം ദിവസമായ വെള്ളിയാഴ്ചയാണ്. അമ്പത് ദിവസ നോമ്പാചരണം ആരംഭിക്കുന്നത് പെത്രാത്തയോടെയാണ്. അവസാനിക്കുന്നത് ഈസ്റ്ററിനും.
നോമ്പുകാലത്ത് സഭയിൽ ഔദ്യോഗിക ആഘോഷപരിപാടികൾ ഉണ്ടാകില്ല. ഇതിന്റെ പ്രതീകമായി ആഘോഷ പരിപാടികൾക്ക് സമാപനംകുറിച്ച് ഞായറാഴ്ച ‘പെത്രാത്ത’ (സമാപനം) ആഘോഷിച്ചു.
ലത്തീന്‍ ക്രമപ്രകാരം നോമ്പുകാലം ആരംഭിക്കുന്നത് വിഭൂതി ബുധനാഴ്ചയോടെയാണ്. വിഭൂതി ബുധന്‍ മുതല്‍ ഈസ്റ്റര്‍ വരെ 46 ദിവസമുണ്ട്. ഞായറാഴ്ചകള്‍ കര്‍ത്താവിന്റെ ഉയിര്‍പ്പിന്റെ ആഘോഷമാകയാല്‍ അവ നോമ്പുകാലാചരണത്തില്‍ നിന്ന് ഒഴിവാക്കിയിരിക്കുന്നു. അങ്ങനെ ആറ് ഞായറാഴ്ച ഒഴിവാക്കിയാല്‍ പിന്നെ 40 ദിവസമാണ് നോമ്പുകാലാചരണം.