ന്യൂഡല്‍ഹി: രാജ്യത്ത് മുസ്ലീം സാക്ഷരതയും തൊഴില്‍മേഖലയില്‍ മുസ്ലീം സ്ത്രീകളുടെ പങ്കാളിത്തവും വര്‍ധിച്ചതായി കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍ അറിയിച്ചു. 2023-24ലെ പീരിയോഡിക് ലേബര്‍ ഫോഴ്‌സ് സര്‍വെ ഡേറ്റ പ്രകാരം മുസ്ലീങ്ങള്‍ക്കിടയിലെ സാക്ഷരത നിരക്ക് 79.5 ശതമാനമായിട്ടുണ്ടെന്ന് കേന്ദ്ര ന്യൂനപക്ഷ വകുപ്പ് മന്ത്രി കിരണ്‍ റിജിജ്ജു രാജ്യസഭയില്‍ രേഖാമൂലം നല്‍കിയ മറുപടിയില്‍ വ്യക്തമാക്കി.
2001 ലെ സെന്‍സസ് പ്രകാരം അഖിലേന്ത്യാ സാക്ഷരതാ നിരക്കായ 64.8 ശതമാനത്തെ അപേക്ഷിച്ച് മുസ്ലീങ്ങള്‍ക്കിടയിലെ സാക്ഷരതാ നിരക്ക് 59.1% ആയിരുന്നു. 2011ല്‍ അഖിലേന്ത്യ സാക്ഷരതാ നിരക്ക് 73 ശതമാനമായിരുന്നു. അന്ന് മുസ്ലിം സാക്ഷരത 68.5 ശതമാനമായി ഉയര്‍ന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2001ലെ സെന്‍സസിനെ അപേക്ഷിച്ച് 2011ല്‍ മുസ്ലീങ്ങള്‍ക്കിടയിലെ സാക്ഷരതാ നിരക്കില്‍ 9.4 ശതമാനത്തിന്റെ വര്‍ധനവുണ്ടായി എന്നും കിരണ്‍ റിജിജ്ജു പറഞ്ഞു.
രാജ്യത്തെ തൊഴില്‍മേഖലയിലെ മുസ്ലിം സ്ത്രീകളുടെ പങ്കാളിത്തവും വര്‍ധിച്ചുവെന്ന് മറ്റൊരു ചോദ്യത്തിന് മറുപടി നല്‍കവെ അദ്ദേഹം പറഞ്ഞു. 2021-2022നും 2023-2024നും ഇടയില്‍ തൊഴില്‍മേഖലയില്‍ മുസ്ലിം സ്ത്രീ തൊഴിലാളികളുടെ ശതമാനം 2021-22ലെ 15 ശതമാനത്തില്‍ നിന്ന് 2023-2024ല്‍ 21.4 ശതമാനമായി വര്‍ധിച്ചു. ന്യൂനപക്ഷങ്ങളെക്കുറിച്ചുള്ള പീരിയോഡിക് ലേബര്‍ ഫോഴ്‌സ് സര്‍വെ ഡേറ്റ ഫലങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. എന്നാല്‍ 2022-23ല്‍ ഇത് 14.2 ശതമാനമായി കുറഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.