Saturday, April 19, 2025

HomeNewsIndiaഗുല്‍മാര്‍ഗ് ഫാഷന്‍ ഷോ: റമദാനില്‍ മാത്രമല്ല ഒരു മാസത്തിലും അനുവദിക്കില്ലായിരുന്നുവെന്ന് ജമ്മുകശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള

ഗുല്‍മാര്‍ഗ് ഫാഷന്‍ ഷോ: റമദാനില്‍ മാത്രമല്ല ഒരു മാസത്തിലും അനുവദിക്കില്ലായിരുന്നുവെന്ന് ജമ്മുകശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള

spot_img
spot_img

ജമ്മുകശ്മീരിലെ ഗുല്‍മാര്‍ഗില്‍ ഫാഷന്‍ ഷോ സംഘടിപ്പിച്ചതിനെച്ചൊല്ലി വിവാദം കനക്കുന്നു. പുണ്യമാസമായ റമദാനില്‍ ഫാഷന്‍ ഷോ സംഘടിപ്പിച്ചതാണ് വിവാദത്തിന് തിരികൊളുത്തിയത്. ഇതോടെ വിഷയത്തില്‍ പ്രതികരിച്ച് ജമ്മുകശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള രംഗത്തെത്തി. റമദാനില്‍ മാത്രമല്ല ഒരു മാസത്തിലും ഇത്തരമൊരു പരിപാടിയ്ക്ക് തങ്ങളുടെ സര്‍ക്കാര്‍ അനുവാദം നല്‍കില്ലെന്ന് ഒമര്‍ അബ്ദുള്ള പറഞ്ഞു. ഇതേച്ചൊല്ലി നിയമസഭയിലും വാദപ്രതിവാദങ്ങള്‍ ആളിക്കത്തി. ചിലര്‍ ഫാഷന്‍ ഷോയെ അശ്ലീലമെന്ന് വിശേഷിപ്പിച്ചു.

’’ ഇതേക്കുറിച്ചുള്ള അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ഒരു സ്വകാര്യ ഹോട്ടലില്‍ സംഘടിപ്പിച്ച സ്വകാര്യപരിപാടിയായിരുന്നു ഇതെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ നിന്ന് അറിയാന്‍ കഴിഞ്ഞത്. മാര്‍ച്ച് 7നാണ് ഫാഷന്‍ ഷോ നടന്നത്. നിഷ്‌കളങ്കരായ ചിലരുടെ വികാരങ്ങള്‍ വ്രണപ്പെടുത്തുന്ന കാര്യങ്ങളും പുറത്തുവന്നിട്ടുണ്ട്,’’ മുഖ്യമന്ത്രി പറഞ്ഞു.

ചോദ്യോത്തരവേളയ്ക്ക് ശേഷമാണ് അദ്ദേഹം നിയമസഭയില്‍ പ്രസ്താവനയിറക്കിയത്. ഫാഷന്‍ ഷോയെപ്പറ്റിയും കത്വ ജില്ലയിലെ ബില്ലാവറില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ട സംഭവത്തെപ്പറ്റിയും അദ്ദേഹം സംസാരിച്ചു. ഇക്കാര്യങ്ങളിലെ സഭാംഗങ്ങളുടെ നിരാശയും ആശങ്കയും സര്‍ക്കാര്‍ കണക്കിലെടുക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ടൂറിസത്തിന്റെ പേരില്‍ അശ്ലീല പ്രകടനങ്ങള്‍ അനുവദിക്കില്ലെന്ന് കശ്മീരിലെ മുഖ്യ പുരോഹിതന്‍ മിര്‍വൈസ് ഉമര്‍ ഫാറൂഖ് പറഞ്ഞു. ’’ പുണ്യമാസത്തില്‍ ഗുല്‍മാര്‍ഗില്‍ അശ്ലീല ഫാഷന്‍ ഷോ സംഘടിപ്പിച്ചത് ക്രൂരതയാണ്. ഇതിന്റെ വീഡിയോ വൈറലായതോടെ ജനങ്ങള്‍ക്കിടയില്‍ രോഷം അണപൊട്ടി. സൂഫി-സന്യാസ സംസ്‌കാരത്തിനും ആഴത്തിലുള്ള മതവീക്ഷണത്തിനും പേരുകേട്ട താഴ്വരയിലെ ജനങ്ങള്‍ക്ക് ഇതെങ്ങനെ സഹിക്കാനാകും?,’’ അദ്ദേഹം എക്‌സില്‍ കുറിച്ചു.

ജനരോഷവും ആശങ്കയും മനസിലാക്കുന്നുവെന്ന് ഒമര്‍ അബ്ദുള്ള പറഞ്ഞു. ഷോയുടെ ചിത്രങ്ങള്‍ പ്രാദേശിക ജനതയുടെ വികാരങ്ങളെ ഹനിക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

’’ ഇക്കാര്യത്തില്‍ പ്രാദേശിക ഭരണകൂടവുമായി ചര്‍ച്ച നടത്തിവരികയാണ്. 24 മണിക്കൂറിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കും,’’ ഒമര്‍ അബ്ദുള്ള പറഞ്ഞു. പ്രാദേശിക ജനതയുടെ വികാരം കണക്കിലെടുക്കാതെയാണ് ഈ ഫാഷന്‍ ഷോ സംഘടിപ്പിച്ചതെന്നും ഒമര്‍ അബ്ദുള്ള നിയമസഭയില്‍ പറഞ്ഞു.

’’ പുണ്യമാസമായ റമദാനില്‍ ഈ ഫാഷന്‍ ഷോ നടത്താന്‍ പാടില്ലായിരുന്നുവെന്നാണ് ചിലര്‍ പറയുന്നത്. ഷോയുടെ വീഡിയോയും ചിത്രങ്ങളും ഞാന്‍ കണ്ടിരുന്നു. എനിക്കും ഇതേ അഭിപ്രായമാണ്. റമദാനില്‍ മാത്രമല്ല, ഒരിക്കലും ഈ ഷോ നടത്താന്‍ പാടില്ലായിരുന്നുവെന്നാണ് എനിക്ക് തോന്നുന്നത്,’’ അദ്ദേഹം പറഞ്ഞു.

പരിപാടി നടത്തിയതില്‍ സര്‍ക്കാരിന് യാതൊരു പങ്കുമില്ലെന്ന് ഒമര്‍ അബ്ദുള്ള പറഞ്ഞു. ഇതൊരു സ്വകാര്യ പരിപാടിയായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഷോയ്ക്ക് വേണ്ടി സര്‍ക്കാരില്‍ നിന്ന് അനുമതി വാങ്ങിയിരുന്നില്ലെന്നും പരിപാടിയ്ക്ക് സര്‍ക്കാരില്‍ നിന്ന് യാതൊരു ധനസഹായവും ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ പ്രതിനിധികളാരും തന്നെ പരിപാടിയില്‍ പങ്കെടുത്തിരുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

’’ അന്വേഷണ റിപ്പോര്‍ട്ട് കിട്ടിയ ശേഷം നിയമലംഘനം നടന്നുവെന്ന് ബോധ്യപ്പെട്ടാല്‍ അന്വേഷണം പോലീസിന് കൈമാറും,’’ ഒമര്‍ അബ്ദുള്ള പറഞ്ഞു.

ഇത്തരമൊരു പരിപാടിയ്ക്ക് തങ്ങളുടെ സര്‍ക്കാര്‍ ഒരിക്കലും അനുമതി നല്‍കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിയമ ലംഘനം നടന്നുവെന്ന് ബോധ്യപ്പെട്ടാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments