മലപ്പുറം: ഡോക്ടർ ദമ്പതികൾക്ക് കുവൈത്ത് എയർവേയ്‌സിൽ നേരിട്ട ദുരിത യാത്രക്ക് പകരമായി ജില്ലാ ഉപഭോക്തൃ കമ്മീഷൻ 10 ലക്ഷം രൂപ നഷ്ടപരിഹാരം വിധിച്ചു. വളാഞ്ചേരി സ്വദേശികളായ ഡോ. എൻ.എം മുജീബ് റഹ്‌മാൻ, ഡോ. സി.എം ഷക്കീല എന്നിവർ നൽകിയ പരാതിയിലാണ് നടപടി. 2023 നവംബർ 30നും ഡിസംബർ പത്തിനുമാണ് പരാതിക്കിടയാക്കിയ സംഭവം.
2023 നവംബർ 30ന് കൊച്ചിയിൽ നിന്നും കുവൈത്ത് വഴി സ്പെയിനിലെ ബാഴ്‌സലോണയിലേക്കും ഡിസംബർ പത്തിന് സ്പെയിനിലെ മാഡ്രിഡിൽ നിന്നും തിരിച്ചും യാത്ര ചെയ്യാൻ കുവൈത്ത് എയർവേയ്സിൽ ബിസിനസ് ക്ലാസിൽ ഇവർ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. മാഡ്രിഡിൽ നിന്നും ഫ്ലൈറ്റിൽ കയറിയ ശേഷമാണ് വിമാനം കുവൈത്ത് വഴിയല്ല, ഖത്തറിലെ ദോഹ വഴിയാണ് പോകുന്നതെന്ന് പരാതിക്കാരെ അറിയിച്ചത്. ദോഹയിൽ ഇറക്കിയ പരാതിക്കാർക്ക് ബിസിനസ്സ് ക്ലാസ് ടിക്കറ്റിൽ യാത്രക്കാർക്ക് നൽകുന്ന വിശ്രമ സൗകര്യമോ ഭക്ഷണമോ നൽകിയില്ല.
സ്വന്തം ചെലവിൽ ഭക്ഷണം വാങ്ങി കഴിക്കേണ്ടിവന്നു. തുടർ യാത്രക്ക് ബോർഡിംഗ് പാസ്സ് ലഭിച്ചതിനാൽ വിമാനത്തിൽ കയറിയെങ്കിലും അവിടെ നിന്നും ഇറക്കിവിട്ടു. നേരത്തെ ബുക്ക് ചെയ്തതിൽ നിന്നും വ്യത്യസ്തമായി 24 മണിക്കൂർ വൈകിയാണ് പരാതിക്കാർക്ക് നാട്ടിൽ എത്താനായത്. തുടർന്നാണ് ഇവർ വിമാനകമ്പനിയുടെ സേവനത്തിലെ വീഴ്ചക്കെതിരെ ഉപഭോക്തൃ കമ്മീഷനിൽ പരാതി നൽകിയത്. കുവൈത്തിൽ കാലാവസ്ഥ മോശമായതിനാൽ പരാതിക്കാരുടെ സുരക്ഷ നോക്കിയാണ് യാത്ര ദോഹ വഴിയാക്കിയതെന്നും ബോർഡിംഗ് പാസ് നൽകുമ്പോഴത്തെ ഉപദേശങ്ങൾ പാലിക്കാത്തതിനാണ് വിമാനത്തിൽ നിന്നും ഇറക്കേണ്ടി വന്നതെന്നും സേവനത്തിൽ വീഴ്ചയില്ലെന്നും വിമാന കമ്പനി വാദിച്ചിരുന്നു.