ഇസ്ലാമാബാദ്: പാകിസ്ഥാനിൽ പാസഞ്ചര്‍ ട്രെയിന്‍ റാഞ്ചിയ വിഘടനവാദികളായ ബലൂച് ലിബറേഷൻ ആർമി (ബിഎൽഎ) 182 പേരെ ബന്ദികളാക്കി. ചൊവ്വാഴ്ച ബലൂചിസ്ഥാന്‍ പ്രവിശ്യയിലാണ് സംഭവം. ബിഎൽഎ നടത്തിയ വെടിവെപ്പില്‍ 20 പാകിസ്ഥാൻ സൈനികര്‍ കൊല്ലപ്പെട്ടു. സൈനികര്‍ പിന്മാറിയില്ലെങ്കിൽ ബന്ദികളെ വധിക്കുമെന്നും അവർ ഭീഷണി മുഴക്കി. ബലൂചിസ്ഥാനെ സ്വതന്ത്രമാക്കണമെന്നാവശ്യപ്പെട്ട് പോരാട്ടം നടത്തുന്ന ബലൂച് ലിബറേഷന്‍ ആര്‍മി സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്.
പാകിസ്ഥാനിലെ തെക്ക് പടിഞ്ഞാറന്‍ ബലൂചിസ്ഥാന്‍ പ്രവിശ്യയായ ക്വറ്റയില്‍നിന്നു പെഷവാറിലേക്ക് പോവുകയായിരുന്ന ജാഫര്‍ എക്സ്പ്രസ് ആണ് ആയുധധാരികള്‍ കൈയടക്കിയത്. ഒമ്പതിലേറെ ബോഗികളുണ്ടായിരുന്ന ട്രെയിനില്‍ 400ല്‍ ഏറെ യാത്രക്കാരുണ്ടായിരുന്നു. ഇവരില്‍ സ്ത്രീകളെയും കുട്ടികളേയും ബലൂചിസ്ഥാന്‍ സ്വദേശികളായ യാത്രക്കാരെയും വിട്ടയച്ചുവെന്നാണ് ബിഎൽഎ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത്.
യാത്രക്കിടയില്‍ ഒരു തുരങ്കത്തിനടുത്തുവെച്ച് ആയുധധാരികളായ ആളുകള്‍ ട്രെയിന്‍ തടയുകയായിരുന്നു. പര്‍വതങ്ങളാല്‍ ചുറ്റപ്പെട്ട പ്രദേശത്തെ തുരങ്കത്തിനടുത്ത് ട്രെയിന്‍ കുടുങ്ങിക്കിടക്കുകയാണെന്നാണ് പാകിസ്ഥാൻ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നു.
അതേസമയം, പാകിസ്ഥാൻ സൈന്യം വലിയൊരു ഏറ്റുമുട്ടലിന് തയ്യാറെടുക്കുകയാണെന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്. ട്രെയിന്‍ തടഞ്ഞിട്ടിരിക്കുന്ന പ്രദേശം സങ്കീര്‍ണമായ ഭൂപ്രദേശമായതിനാല്‍ രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളികള്‍ ഏറെയുണ്ട്.
പാകിസ്ഥാനികളില്‍ നിന്ന് ബലൂചിസ്ഥാനെ സ്വതന്ത്രമാക്കണമെന്ന് ആവശ്യവുമായി ബലൂച് ലിബറേഷന്‍ ആര്‍മി (ബിഎല്‍എ), ബലൂചിസ്ഥാന്‍ ലിബറേഷന്‍ ഫ്രണ്ട് തുടങ്ങിയ സംഘടനകള്‍ ഭരണകൂടത്തിനെതിരെ പോരാട്ടം നടത്തിവരികയാണ്. ബിഎല്‍എയുടെ മജീദ് ബ്രിഗേഡും സ്‌പെഷ്യല്‍ ടാക്ടിക്കല്‍ ഓപ്പറേഷന്‍സ് സ്‌ക്വാഡും ഫത്തേ സ്‌ക്വാഡിന്റെ സ്‌പെഷ്യലൈസഡ് യൂണിറ്റുകളും ചേര്‍ന്നാണ് ട്രെയിന്‍ റാഞ്ചലിന് നേതൃത്വം നല്‍കിയതെന്ന് പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.