അമ്മ തന്റെ ഐസ്‌ക്രീം കഴിച്ചെന്ന വിചിത്ര പരാതിയുമായി പോലീസ് സ്റ്റേഷനിലേക്ക് വിളിച്ച് നാലുവയസുകാരന്‍. യുഎസിലെ വിസ്‌കോന്‍സെനിലാണ് സംഭവം നടന്നത്. പോലീസിന്റെ അടിയന്തരസേവന നമ്പറായ 911-ല്‍ വിളിച്ചാണ് ഈ നാലുവയസുകാരന്‍ തന്റെ പരാതി അറിയിച്ചത്. മാര്‍ച്ച് നാലിനാണ് ഈ കുട്ടിയുടെ പരാതി മൗണ്ട് പ്ലസന്റ് പോലീസ് ഡിപ്പാര്‍ട്ട്‌മെന്റിന് ലഭിച്ചത്.
’’ എന്റെ അമ്മ മോശമാണ്. അവരെ ജയിലിലടയ്ക്കണം,’’ എന്നായിരുന്നു കുട്ടിയുടെ പരാതി. ഇതോടെ ഉദ്യോഗസ്ഥര്‍ ഇവരുടെ വീട്ടിലെത്തി. അപ്പോഴാണ് തന്റെ ഐസ്‌ക്രീം അമ്മ കഴിച്ചുവെന്നും അതിനാല്‍ അമ്മയെ അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കണമെന്നും കുട്ടി പറഞ്ഞു.
’’ എന്റെ അമ്മ മോശമാണ്. വേഗം വന്ന് അമ്മയെ കൊണ്ടുപോയ്‌ക്കോളു,’’ എന്നാണ് കുട്ടി ഫോണിലൂടെ പറഞ്ഞതെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇതിനിടെ കുട്ടിയുടെ അമ്മ ഫോണ്‍ വാങ്ങി പോലീസിനോട് സംസാരിച്ചെങ്കിലും അവന്‍ പരാതി പറയുന്നത് നിര്‍ത്തിയില്ല. അപ്പോഴാണ് കുട്ടിയുടെ ഐസ്‌ക്രീം താന്‍ കഴിച്ചുവെന്നും അതാകാം പരാതിയ്ക്ക് കാരണമെന്നും അമ്മ വിശദീകരിച്ചു.
ഇതോടെയാണ് കൂടുതല്‍ വ്യക്തത വരുത്താനായി പോലീസ് ഉദ്യോഗസ്ഥര്‍ കുട്ടിയുടെ വീട്ടിലേക്ക് എത്തിയത്. എന്നാല്‍ പോലീസെത്തിയപ്പോഴേക്കും നാലുവയസുകാരന്‍ അല്‍പ്പമൊന്ന് തണുത്തിരുന്നു. അമ്മ ഐസ്‌ക്രീം കഴിച്ചതില്‍ തനിക്ക് ദേഷ്യമുണ്ടെങ്കിലും തന്റെ അമ്മയെ ജയിലിലടയ്ക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്ന് കുട്ടി പോലീസിനോട് പറഞ്ഞു.
നിലവില്‍ പരാതിയൊന്നുമില്ലെന്നും തനിക്ക് ആകെ വേണ്ടിയിരുന്നത് ഐസ്‌ക്രീം മാത്രമാണെന്നും കുട്ടി പറഞ്ഞു. അമ്മയെ ജയിലിലിടാന്‍ താന്‍ ഇഷ്ടപ്പെടുന്നില്ലെന്നും കുട്ടി വ്യക്തമാക്കി. ഇതുകേട്ട് തിരിച്ചുപോയ പോലീസ് ഉദ്യോഗസ്ഥര്‍ രണ്ട് ദിവസം കഴിഞ്ഞ് വീണ്ടും കുട്ടിയുടെ വീട്ടിലെത്തി.
ഇത്തവണ അവര്‍ വെറും കൈയ്യോടെയല്ല വന്നത്. കുട്ടിയ്ക്ക് കുറച്ച് ഐസ്‌ക്രീമുമായാണ് ഉദ്യോഗസ്ഥര്‍ എത്തിയത്. കുട്ടിയോടൊപ്പം നില്‍ക്കുന്ന ചിത്രങ്ങളും പോലീസുദ്യോഗസ്ഥര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു.