ഇന്ത്യയില്‍ വെച്ച് പകര്‍ത്തിയെഴുതിയ രണ്ട് നൂറ്റാണ്ട് പഴക്കമുള്ള വിശുദ്ധ ഖുറാന്റെ കയ്യെഴുത്തുപ്രതി സൗദി അറേബ്യയിലെ ജിദ്ദയില്‍ പ്രദര്‍ശനത്തിന്. ജിദ്ദയിലുള്ള കിംഗ് അബ്ദുള്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ വെസ്റ്റേണ്‍ ഹജ്ജ് ടെര്‍മിനലിലുള്ള ഇസ്ലാമിക് ആര്‍ട്‌സ് ബിനാലെയിലാണ് ഇത് പ്രദര്‍ശിപ്പിച്ചിരിക്കുന്നത്.
ഇന്ത്യന്‍ കാലിഗ്രാഫറായ ഗുലാം മുഹിയുദ്ദീനാണ് ഈ ഖുര്‍ആന്‍ കൈയെഴുത്തുപ്രതി പകര്‍ത്തിയെഴുതിയത്. വടക്കേ ഇന്ത്യയില്‍ ഹിജ്‌റ 1240 മുഹ്‌റം 6നാണ് (എഡി 1824 ഓഗസ്റ്റ് 31) ഇത് പകര്‍ത്തിയെഴുതിയത്. ഇസ്ലാമിക കലയുമായും പൈതൃകവുമായുമുള്ള ഇന്ത്യയുടെ ആഴത്തിലുള്ള ചരിത്രപരമായ ബന്ധത്തെ പ്രതിഫലിപ്പിക്കുന്നതാണ് ഇത്. മദീനയിലെ പ്രവാചകന്റെ പള്ളിയുടെ വഖഫ് ആയി ഈ കൈയെഴുത്ത് പ്രതിയെ കരുതുന്നു.
139.7 സെന്റി മീറ്റര്‍ നീളവും 77.5 സെന്റീ മീറ്റര്‍ വീതിയുമുള്ള അസാധാരണ വലിപ്പത്തിലുള്ള ഈ കൈയെഴുത്തുപ്രതി സ്വര്‍ണം, കടുംനിറങ്ങള്‍, മാണിക്യം, ടര്‍ക്കോയിസ്, പെരിഡോട്ട് എന്നിവയാല്‍ അലങ്കരിച്ച പുറംചട്ട കൊണ്ട് പൊതിഞ്ഞിരിക്കുന്നു. ഇത് അപൂര്‍വ ഖുര്‍ആന്‍ പകര്‍പ്പാണെന്ന് സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
കറുത്ത നിറത്തില്‍ നസ്ഖ് ലിപിയിലാണ് ഇത് എഴുതിയിരിക്കുന്നത്. ചുവന്ന നസ്താലിഖിലുള്ള പേര്‍ഷ്യന്‍ വിവര്‍ത്തനം അക്കാലത്തെ ഇന്തോ-പേര്‍ഷ്യന്‍ കാലിഗ്രാഫിക് ശൈലി വിളിച്ചോതുന്നു.
ഹിജ്‌റ പതിമൂന്നാം നൂറ്റാണ്ടിന്റെ മധ്യത്തിലാണ് ഈ കൈയെഴുത്തുപ്രതി മദീനയില്‍ എത്തിയത്. ആദ്യം ബാബ് അസ്-സലാമിന് സമീപമാണ് ഇത് സ്ഥാപിച്ചിരുന്നത്. ഇത് പിന്നീട് ഹിജ്‌റ 1273ലെ(1857 എഡി) പുനഃരുദ്ധാരണ വേളയില്‍ പള്ളിയുടെ ട്രഷറിയിലേക്ക് മാറ്റിയെന്ന് ചരിത്രരേഖകള്‍ സൂചിപ്പിക്കുന്നു.
ഹിജ്‌റ 1302ല്‍(എഡി 1884) മദീനയില്‍ സ്ഥിരതാമസമാക്കിയ ഉസ്‌ബെക്കിസ്ഥാനില്‍ നിന്നുള്ള പണ്ഡിതനും കൈയെഴുത്തിപ്രതി വിദഗ്ധനുമായ ഹജ്ജ് യൂസുഫ് ബിന്‍ ഹജ്ജ് മസൂം നെമന്‍കാനി ഇത് പുനഃസ്ഥാപിച്ചു.
നിലവിൽ മദീനയിലെ കിംഗ് അബ്ദുള്‍ അസീസ് കോപ്ലക്‌സ് ഫോര്‍ എന്‍ഡോവ്‌മെന്റ് ലൈബ്രറിയില്‍ സൂക്ഷിച്ചിരിക്കുന്ന ഈ അപൂര്‍വ ഇന്ത്യന്‍ കൈയെഴുത്തുപ്രതി ബിനാലെയിലെ പ്രധാന ആകര്‍ഷണങ്ങളിലൊന്നാണ്.