സ്വന്തം മക്കളുമായുള്ള സ്വത്ത് തര്‍ക്കത്തിന്റെ പേരില്‍ ജയിലിലായ 103കാരന് കോടതി ജാമ്യം അനുവദിച്ചു. ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പൂരിലാണ് സംഭവം നടന്നത്. 16 മാസത്തെ ജയില്‍വാസത്തിന് ശേഷമാണ് ഗുര്‍മീത് സിംഗ് എന്ന ഈ 103കാരന്‍ ജാമ്യത്തില്‍ പുറത്തിറങ്ങിയത്.
2018ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഗുര്‍മീത് സിംഗ് തന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന അഞ്ച് ഏക്കര്‍ ഭൂമി പ്രദേശത്തെ ഒരു ഗുരുദ്വാരയ്ക്ക് ദാനം ചെയ്യാന്‍ തീരുമാനിച്ചതാണ് മക്കളുടെ എതിര്‍പ്പിന് കാരണമായത്. ഇദ്ദേഹത്തിന്റെ മക്കളായ കമല്‍ജീത്തും ഹര്‍പ്രീത് സിംഗുമാണ് പിതാവിനെതിരെ രംഗത്തെത്തിയത്. അച്ഛന്റെ തീരുമാനത്തില്‍ രോഷം കൊണ്ട ഇവര്‍ അദ്ദേഹത്തെ വഞ്ചിക്കാന്‍ ഒരു പദ്ധതി തയ്യാറാക്കി.
ഭൂമി തര്‍ക്കവുമായി ബന്ധപ്പെട്ട നിയമനടപടികള്‍ അവസാനിച്ചുവെന്ന് മക്കള്‍ ഗുര്‍മീത് സിംഗിനെ തെറ്റിദ്ധരിപ്പിച്ചു. എന്നാല്‍ ആ സമയത്ത് കോടതിയില്‍ കേസിന്റെ വാദത്തില്‍ ഇവര്‍ രഹസ്യമായി പങ്കെടുക്കുകയായിരുന്നു. തുടര്‍ന്ന് ഗുര്‍മീതിനെതിരെ കോടതി വാറന്റ് പുറപ്പെടുവിച്ചു. ഇതേത്തുടര്‍ന്ന് അദ്ദേഹം ജയിലിലുമായി.
ഒരു വര്‍ഷത്തോളമാണ് ഈ വൃദ്ധന്‍ ജയിലില്‍ കിടന്നത്. ആണ്‍മക്കള്‍ പൂര്‍ണമായും ഇദ്ദേഹത്തെ ഉപേക്ഷിച്ചു. ഒരുതവണ പോലും പിതാവിനെ കാണാന്‍ ഇവരെത്തിയില്ല. ഒരിക്കല്‍ പ്രാദേശിക സാമൂഹിക സേവന സംഘടനയിലെ ചില അംഗങ്ങള്‍ ജയില്‍ സന്ദര്‍ശന വേളയില്‍ ഗുര്‍മീതിനെ പരിചയപ്പെട്ടു. ഇതാണ് അദ്ദേഹത്തിന്റെ ജീവിതത്തില്‍ വഴിത്തിരിവായത്.
ഗുര്‍മീതിന്റെ ദുരിതം കണ്ട സാമൂഹിക സേവന സംഘടന നേതാക്കള്‍ അദ്ദേഹത്തെ ജയില്‍മോചിതനാക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. ഇദ്ദേഹത്തെ പുറത്തിറക്കാന്‍ സംഘടനാ നേതാക്കള്‍ നിരന്തരമായി ശ്രമിച്ചു. അപ്പോഴേല്ലാം പിതാവിന് ജാമ്യം കിട്ടാതിരിക്കാനായി കമല്‍ജീത്തും ഹര്‍പ്രീതും പരിശ്രമിച്ചു. എന്നാല്‍ മാസങ്ങള്‍ നീണ്ട നിയമപോരാട്ടത്തിനൊടുവില്‍ ഗുര്‍മീതിന് കോടതി ജാമ്യം അനുവദിച്ചു.
പ്രായത്തിന്റെ അവശതകളുള്ള ഇദ്ദേഹത്തിന് താമസവും പരിചരണവും നല്‍കുമെന്ന് ഗുര്‍മീതിന്റെ മോചനത്തിനായി പോരാടിയ സംഘടനാ നേതാക്കള്‍ അറിയിച്ചു. ഒരു രക്ഷിതാവിനും തങ്ങളുടെ മക്കളില്‍ നിന്നുള്ള ഇത്തരം പെരുമാറ്റം സഹിക്കാന്‍ കഴിയില്ലെന്ന് ഗുര്‍മീത് പറഞ്ഞു.