ആഗ്ര: മുസ്ലിങ്ങള്‍ നെയ്യുന്ന വസ്ത്രം ശ്രീകൃഷ്ണനെ അണിയിക്കുന്നത് നിരോധിക്കണമെന്ന നിര്‍ദേശം തള്ളി വൃന്ദാവനത്തിലെ പ്രശസ്തമായ ബങ്കെ ബിഹാരി ക്ഷേത്രം. ക്ഷേത്ര അധികൃതര്‍ തന്നെയാണ് ഈ ആവശ്യം തള്ളിയത്. വിഗ്രഹത്തിന്റെ വസ്ത്രങ്ങള്‍ തിരഞ്ഞെടുക്കുന്ന പ്രക്രിയയില്‍ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ലെന്ന് ക്ഷേത്ര അധികാരികള്‍ വ്യക്തമാക്കി.
ശ്രീകൃഷ്ണ ജന്മഭൂമി സംഘര്‍ഷ് ന്യാസിന്റെ അധ്യക്ഷനും മഥുരയിലെ ഷാഹി ഈദ്ഗാഹ് തര്‍ക്കത്തിലുള്‍പ്പെട്ട നേതാവുമായ ദിനേഷ് ഫലഹരിയാണ് ഈ നിര്‍ദേശം അടങ്ങിയ അപേക്ഷ ക്ഷേത്ര കമ്മിറ്റിയ്ക്ക് സമര്‍പ്പിച്ചത്. ‘‘നമ്മുടെ ആചാരങ്ങളും മതവും പിന്തുടരാത്ത എതെങ്കിലും മതഭ്രാന്തന്‍ സ്വന്തം കൈകൊണ്ട് നെയ്ത എന്തെങ്കിലും ഭഗവാന്‍ ശ്രീകൃഷ്ണന് സമര്‍പ്പിച്ചാല്‍ അത് സ്വീകരിക്കാന്‍ കഴിയില്ല. അങ്ങനെ ചെയ്യുന്നത് പാപമാണ്,’’ എന്നാണ് ഇദ്ദേഹം തന്റെ അപേക്ഷയില്‍ ആരോപിച്ചത്.
മുസ്ലിങ്ങള്‍ നെയ്യുന്ന വസ്ത്രങ്ങള്‍ വിഗ്രഹത്തിന് ഉപയോഗിക്കുന്നത് അവസാനിപ്പിക്കണമെന്ന ഒരു നിര്‍ദേശം തങ്ങള്‍ക്ക് ലഭിച്ചുവെന്ന് ക്ഷേത്ര ഭരണസമിതി അംഗമായ ഗ്യാനേന്ദ്ര കിഷോര്‍ ഗോസ്വാമി ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.
’’ ഭഗവാന് സമര്‍പ്പിക്കുന്ന വസ്ത്രങ്ങളുടെ പരിശുദ്ധിയും പവിത്രതയും ഉറപ്പാക്കുക എന്നതിനാണ് ഞങ്ങള്‍ പ്രാധാന്യം നല്‍കുന്നത്. ഭഗവാനില്‍ വിശ്വാസമുള്ള മുസ്ലീം സമുദായത്തിലെ അംഗങ്ങളില്‍ നിന്ന് വസ്ത്രങ്ങള്‍ സ്വീകരിക്കുന്നതില്‍ ഞങ്ങള്‍ക്ക് എതിര്‍പ്പില്ല. നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ എല്ലാവര്‍ക്കും സ്വാതന്ത്ര്യമുണ്ട്,’’ അദ്ദേഹം പറഞ്ഞു.
164 വര്‍ഷം പഴക്കമുള്ള ഈ ക്ഷേത്രത്തില്‍ വിവിധ മതങ്ങളില്‍പ്പെട്ടവര്‍ ദര്‍ശനത്തിന് എത്താറുണ്ട്. പ്രതിദിനം 30000 മുതല്‍ 40000 വരെ ഭക്തരാണ് ക്ഷേത്രത്തിലേക്ക് എത്തുന്നത്. വാരാന്ത്യങ്ങളിലും ഉത്സവ സമയങ്ങളിലും ഒരു ലക്ഷത്തിലധികം ഭക്തര്‍ ക്ഷേത്രത്തിലേക്ക് എത്തുന്നത് പതിവാണെന്നും ഗോസ്വാമി പറഞ്ഞു.
അതേസമയം ദിനേഷ് ഫലഹരി സമര്‍പ്പിച്ച അപേക്ഷയെപ്പറ്റി തനിക്ക് അറിവില്ലെന്ന് സിറ്റി മജിസ്‌ട്രേറ്റായ രാകേഷ് കുമാര്‍ ടൈംസ് ഇന്ത്യയോട് പ്രതികരിച്ചു. ഈ വിഷയം അന്വേഷിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു.