ചെങ്ങന്നൂർ : ഗാന്ധിജി ആദ്യമായി ചെങ്ങന്നൂർ സന്ദർശിച്ചതിൻ്റെ നൂറാം വാർഷികം ബാരിസ്റ്റർ ജോർജ് ജോസഫ് ഫൗണ്ടേഷൻ മാർച്ച് 15 ന് ആഘോഷിക്കുന്നു. ഗാന്ധിജി ആദ്യമായി ചെങ്ങന്നുരിലെത്തിയത് ആത്മമിത്രമായിരുന്ന ബാരിസ്റ്റർ ജോർജ് ജോസഫിൻ്റെ രക്ഷിതാക്കളെ വീട്ടിലെത്തി സന്ദർശിക്കാനായിട്ടാണെന്നതാണ് ഫൗണ്ടേഷനെ സംബന്ധിച്ച് ഈ ദിവസത്തിൻ്റെ പ്രത്യേകത.
ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന GANDHIJI IN CHENGANNUR @ 100 എന്ന പേരിട്ട സമ്മേളനം കല്ലിശ്ശേരി ടി ബി ഓഡിറ്റോറിയത്തിൽ രാവിലെ 10 ന് ചരിത്രകാരൻ എം ജി ശശിഭൂഷൺ ഉദ്ഘാടനം ചെയ്യും. ഫൗണ്ടേഷൻ രക്ഷാധികാരിയും മലയാള മനോരമ മുൻ എഡിറ്റോറിയൽ ഡയറക്ടറുമായ തോമസ് ജേക്കബ്, മാതൃഭൂമി മുൻ ഡെപ്യൂട്ടി എഡിറ്റർ എം പി സുരേന്ദ്രൻ എന്നിവർ മുഖ്യ പ്രഭാഷണം നടത്തും. പ്രസിഡൻ്റ് എസ് ഡി വേണുകുമാർ അധ്യക്ഷനായിരിക്കും. കോ – ഓഡിനേറ്റർ സന്ദീപ് വാചസ്പതി ആമുഖ പ്രഭാഷണം നടത്തും. അഡ്വ. ഡി വിജയകുമാർ , പ്രഭാകരൻ നായർ ബോധിനി എന്നിവർ ആശംസകൾ അർപ്പിക്കും.
ചെങ്ങന്നൂര്‍ ഊരയില്‍ വീട്ടില്‍ മഹാത്മാഗാന്ധി എത്തിയത് 1925 മാർച്ച് 15നായിരുന്നു. മോത്തിലാല്‍ നെഹ്റു ആരംഭിച്ച ഇന്‍ഡിപെൻഡന്റ്, ഗാന്ധിജി ആരംഭിച്ച യങ് ഇന്ത്യ എന്നീ പത്രങ്ങളുടെ പത്രാധിപരായിരുന്നു ജോര്‍ജ് ജോസഫ്. സഹോദരങ്ങൾ ഇന്ത്യന്‍ പത്രലോകത്തെ കുലപതി ജോസഫും പ്രമുഖ കായിക പരിശീലകന്‍ പി എം ജോസഫും.
ഇംഗ്ലണ്ടിലെ പഠനം കഴിഞ്ഞ് ബാരിസ്റ്ററായി 1907ല്‍ നാട്ടിലെത്തിയ ജോര്‍ജ് ജോസഫ് മധുരയില്‍ അഭിഭാഷകനായി പ്രാക്ടീസ് ആരംഭിച്ചു. ഹോം റൂള്‍ പ്രസ്ഥാനത്തിലൂടെ ഇന്ത്യൻ സ്വാതന്ത്ര്യ സമര പ്രക്ഷോഭത്തിലെത്തി. 1919 മാര്‍ച്ചില്‍ മദ്രാസില്‍ ഗാന്ധിജിയുമായുള്ള കൂടിക്കാഴ്ചയാണ് ആ ജീവിതം മാറ്റിമറിച്ചത്. വക്കീൽപ്പണി ഉപേക്ഷിച്ച് കുടുംബത്തോടൊപ്പം ജോര്‍ജ് ജോസഫ് സബര്‍മതി ആശ്രമത്തിലെത്തി. 1921 ഡിസംബര്‍ ആറിന് ഒട്ടേറെ ദേശീയ നേതാക്കള്‍ക്കൊപ്പം അദ്ദേഹവും അറസ്റ്റിലായി.