മയക്കുമരുന്നിനെതിരെ പഴുതടച്ച പ്രതിരോധവുമായി എക്സൈസ് സേന ആരംഭിച്ച ഓപ്പറേഷൻ ക്ലീൻ സ്ലേറ്റ് (Operation Clean Slate) എട്ടു ദിവസം കൊണ്ട് പിടിച്ചത് 1.9 കോടിയുടെ മയക്കുമരുന്ന്. മയക്കുമരുന്നിനെതിരെ എക്സൈസിന്റെ എൻഫോഴ്സ്മെന്റ് നടപടികൾ കൂടുതൽ ഊർജിതമാക്കാൻ തദ്ദേശ സ്വയംഭരണ എക്സൈസ് പാർലമെന്ററി കാര്യ വകുപ്പ് മന്ത്രി എം.ബി. രാജേഷ് നിർദേശം നൽകി. മാർച്ച് 12 വരെ നിശ്ചയിച്ചിരുന്ന ഓപ്പറേഷൻ ക്ലീൻ സ്ലേറ്റ് ഒരാഴ്ച കൂടി ദീർഘിപ്പിക്കും.
ഡ്രൈവിന്റെ ഭാഗമായി മാർച്ച് 5 മുതൽ 12 വരെ എക്സൈസ് നടത്തിയത് 3568 റെയ്ഡുകളാണ്, ഇതിൽ പൊലീസ്, വനം, മോട്ടോർ വാഹന വകുപ്പ് തുടങ്ങിയ സേനകളുമായി ചേർന്നുള്ള 50 സംയുക്ത പരിശോധനകളുമുണ്ട്. ഈ കാലയളവിൽ 33709 വാഹനങ്ങൾ പരിശോധിച്ചു. ഓപ്പറേഷൻ ക്ലീൻ സ്ലേറ്റിന്റെ ഭാഗമായി 554 മയക്കുമരുന്ന് കേസുകളാണ് എക്സൈസ് പിടിച്ചത്. ഈ കേസുകളിൽ 570 പേരെ പ്രതിചേർക്കുകയും ഇതിൽ 555 പേരെ പിടികൂടുകയും ചെയ്തു. മയക്കുമരുന്ന് കടത്തിയ 27 വാഹനങ്ങളും പിടിച്ചു.
പ്രതികളിൽ നിന്ന് 1.9 കോടി രൂപ വിലവരുന്ന മയക്കുമരുന്ന് ഉൽപ്പന്നങ്ങളാണ് എക്സൈസ് കണ്ടെടുത്തത്. സ്കൂൾ പരിസരത്ത് 998, ബസ് സ്റ്റാൻഡ് പരിസരത്ത് 282, ലേബർ ക്യാമ്പുകളിൽ 104, റെയിൽവേ സ്റ്റേഷനുകളിൽ 89 എന്നിങ്ങനെ പരിശോധനകൾ നടത്തിയിട്ടുണ്ട്.
ഒളിവിൽ കഴിഞ്ഞിരുന്ന 26 പ്രതികളെയും എക്സൈസ് അറസ്റ്റ് ചെയ്തു. എൻഫോഴ്സ്മെന്റ് പ്രവർത്തനങ്ങളുടെ പുരോഗതിയും, തുടർനടപടികളും എക്സൈസ് കമ്മീഷണർ മഹിപാൽ യാദവുമായി മന്ത്രി ചർച്ച ചെയ്തു. സ്കൂൾ, കോളേജ്, ബസ് സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ തുടങ്ങിയ കേന്ദ്രങ്ങളിൽ നടത്തുന്ന പ്രത്യേക നിരീക്ഷണം കൂടുതൽ ശക്തമാക്കാൻ മന്ത്രി നിർദേശം നൽകി. മിഠായികളിൽ മയക്കുമരുന്ന് കലർത്തി വിദ്യാർഥികൾക്കിടയിൽ വിതരണം ചെയ്യുന്ന വിഷയത്തിൽ പ്രത്യേക ശ്രദ്ധ ചെലുത്തണമെന്നും മന്ത്രി നിർദേശിച്ചു. മയക്കുമരുന്നിനെതിരെ ശക്തമായ നടപടി സ്വീകരിച്ച എക്സൈസ് സേനയെ മന്ത്രി അഭിനന്ദിച്ചു.
എക്സൈസ് പരിശോധനയിൽ 64.46 ഗ്രാം എംഡിഎംഎ, 25.84 ഗ്രാം മെത്താംഫിറ്റമിൻ, 39.56 ഗ്രാം ഹെറോയിൻ, 14.5 ഗ്രാം ബ്രൌൺ ഷുഗർ, 12.82 ഗ്രാം നൈട്രോസെഫാം ഗുളികകൾ, 113.63 കിലോ കഞ്ചാവ്, 14.8 കിലോ കഞ്ചാവ് കലർത്തിയ ചോക്ലേറ്റ്, 96.8 ഗ്രാം കഞ്ചാവ് കലർത്തിയ ഭാംഗ്, 29.7 ഹാഷിഷ് ഓയിൽ, 20 ഗ്രാം ചരസ് എന്നിവയാണ് പിടിച്ചത്. മയക്കുമരുന്നുമായി ബന്ധപ്പെട്ട പരിശോധനയിൽ 450 അബ്കാരി കേസുകളും, 2028 പുകയില കേസുകളും പിടിച്ചിട്ടുണ്ട്. 10,430 ലിറ്റർ സ്പിരിറ്റ്, 931.64 ലിറ്റർ അനധികൃത വിദേശമദ്യം, 3048 ലിറ്റർ വാഷ്, 82 ലിറ്റർ ചാരായം, 289.66 കിലോ പുകയില ഉൽപ്പന്നങ്ങൾ എന്നിവയും എക്സൈസ് കണ്ടെടുത്തിട്ടുണ്ട്.