Tuesday, March 18, 2025

HomeNewsIndiaഇന്ത്യ തേടുന്ന കൊടും ഭീകരരെ പാകിസ്ഥാൻ്റെ മണ്ണിൽ കൊന്നൊടുക്കുന്ന അജ്ഞാതരാരാണ്?

ഇന്ത്യ തേടുന്ന കൊടും ഭീകരരെ പാകിസ്ഥാൻ്റെ മണ്ണിൽ കൊന്നൊടുക്കുന്ന അജ്ഞാതരാരാണ്?

spot_img
spot_img

മാര്‍ച്ച് 15 ശനിയാഴ്ച ഭീകരസംഘടനായ ലഷ്‌കര്‍ ഇ തൊയ്ബയുടെ ഭീകരനായ ഫൈസല്‍ നദീം എന്ന് അറിയപ്പെടുന്ന അബു ഖതല്‍ വെടിയേറ്റ് കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഇന്ത്യ തേടുന്ന കൊടുംഭീകരരിൽ ഒരാളാണ് ഇയാൾ. പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ ഝലം ജില്ലയില്‍ അജ്ഞാതര്‍ ഇയാളെ വെടിവെച്ചു കൊല്ലുകയായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍.

ഇന്ത്യയും മറ്റ് രാജ്യങ്ങളും ഭീകര സംഘടനകളുമായി ബന്ധമുണ്ടെന്ന് റിപ്പോര്‍ട്ട് ചെയ്ത ഭീകരരെ 2023 മുതല്‍ പാകിസ്ഥാനില്‍ കൊലപ്പെടുത്തുന്ന ഒരു പരമ്പര ഉണ്ടായിട്ടുണ്ട്. സമാനമായ സാഹചര്യങ്ങളിലാണ് ഈ കൊലപാതകങ്ങളെല്ലാം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. തിരിച്ചറിയപ്പെടാത്ത അക്രമികള്‍ വാഹനങ്ങളില്‍ (സാധാരണയായി മോട്ടോര്‍ സൈക്കിളുകളില്‍)എത്തി അവര്‍ ലക്ഷ്യമിടുന്ന ആളുകളുടെ ശരീരത്തിലേക്ക് ഒന്നിലധികം വെടിയുതിര്‍ക്കുകയാണ് പതിവ്. എന്നാല്‍, ഈ കൊലയാളികളില്‍ ആരെയും പാകിസ്ഥാന്‍ സുരക്ഷാ ഏജന്‍സികള്‍ തിരിച്ചറിയുകയോ അറസ്റ്റ് ചെയ്യുകയോ ചെയ്തിട്ടില്ല. 2023 മുതല്‍ പാകിസ്ഥാനില്‍ കൊല്ലപ്പെട്ട ഭീകരര്‍ ആരൊക്കെയെന്ന് പരിശോധിക്കാം.

അബു ഖതല്‍

മാര്‍ച്ച് 16ന് മോട്ടോര്‍സൈക്കിളിലെത്തിയ തോക്കുധാരികളാണ് ലഷ്‌കറെ തൊയ്ബ ഭീകരനായ അബു ഖതലിനെ വെടിവെച്ച് കൊന്നത്. ഇന്ത്യ തേടുന്ന കൊടുഭീകരനായ അബു ഖതല്‍ ശനിയാഴ് വൈകുന്നേരം ഏഴ് മണിയോടെ അജ്ഞാതരായ അക്രമികളുടെ വെടിയേറ്റ് മരിക്കുകയായിരുന്നുവെന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍ വെളിപ്പെടുത്തി. അക്രമികള്‍ അബുവിന് നേരെ 15 മുതല്‍ 20 വരെ റൗണ്ട് വെടിയുതിര്‍ത്തു. അബുവിന് സുരക്ഷയൊരുക്കിയിരുന്നയാളും വെടിവെപ്പില്‍ കൊല്ലപ്പെട്ടതായി പാക് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ദിന പഞ്ചാബ് യൂണിവേഴ്‌സിറ്റിക്ക് സമീപമുള്ള സീനത്ത് ഹോട്ടലിന് സമീപത്തുകൂടെ അബു ഖതലിന്റെ വാഹന വ്യൂഹം കടന്നുപോകുമ്പോള്‍ തോക്കുധാരികള്‍ അയാള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് ഇന്ത്യാ ടുഡെയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

43കാരനായ ഖത്തല്‍ മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനും ലഷ്‌കറെ തൊയ്ബ തലവനായ ഹാഫിസ് സയീദിന്റെ അനന്തരവനുമായിരുന്നുവെന്ന് റിപ്പോര്‍ട്ടുണ്ട്. ഹാഫിസ് സയീദിന്റെ ഏറ്റവും വിശ്വസ്തനായ സൂത്രധാരനാണ് അബു ഖതലെന്നും കരുതപ്പെടുന്നു. ജമ്മു കശ്മീരില്‍ ഭീകരാക്രമണങ്ങള്‍ നടത്തുന്നതില്‍ ഇയാള്‍ക്ക് പങ്കുണ്ട്.

ജമ്മു കശ്മീരിലെ രജൗരി ജില്ലയില്‍ 2023-ല്‍ നടന്ന ധാന്‍ഗ്രി ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ദേശീയ അന്വേഷണ ഏജന്‍സി(എന്‍ഐഎ) ഇയാള്‍ക്കെതിരേ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ഈ ആക്രമണത്തില്‍ ഏഴ് സാധാരണക്കാര്‍ കൊല്ലപ്പെട്ടിരുന്നു.

2024 ജൂണ്‍ 9ന് ജമ്മു കശ്മീരിലെ റിയാസി ജില്ലയില്‍ ശിവ് ഖോരി ക്ഷേത്രം സന്ദര്‍ശിച്ച് മടങ്ങുകയായിരുന്ന തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസിന് നേരെ നടത്തിയ ആക്രമണത്തിന് പിന്നിലും ഇയാളാണെന്ന് കരുതുന്നു. ഈ ആക്രമണത്തില്‍ ഏഴ് തീര്‍ത്ഥാടകര്‍ ഉള്‍പ്പെടെ 9 പേര്‍ കൊല്ലപ്പെടുകയും 41 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

പീപ്പിള്‍സ് ആന്റി ഫാസിസ്റ്റ് ഫോഴ്‌സ്(പിഎഎഫ്എഫ്), റി റെസിസ്റ്റന്‍സ് ഫോഴ്‌സ്(ടിആര്‍എഫ്) പോലെയുള്ള നിരവധി നിഴല്‍ ഭീകര സംഘടനകളുടെ രൂപീകരണത്തിനും ഖതല്‍ ഉത്തരവാദിയായിരുന്നു.

ഷെയ്ഖ് ജമീല്‍-ഉര്‍-റഹ്‌മാന്‍

ഖൈബര്‍ പഖ്തൂണ്‍ഖ്‌ലയിലെ അബോട്ടാബാദില്‍ പാകിസ്ഥാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഭീകരനായ ഷെയ്ഖ് ജമീല്‍-ഉര്‍-റഹ്‌മാന്‍ കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

യുണൈറ്റഡ് ജിഹാദ് കൗണ്‍സിലിന്റെ സ്വയം പ്രഖ്യാപിത സെക്രട്ടറി ജനറല്‍ ഷെയ്ഖ് ജമീല്‍ ഉര്‍ റഹ്‌മാന്‍ കൊല്ലപ്പെട്ടത് എങ്ങനെയാണെന്നും കൊലപ്പെടുത്തിയത് ആരാണെന്നും സംബന്ധിച്ചുള്ള വിവരം ഇപ്പോഴും അജ്ഞാതമായി തുടരുകയാണ്. 2022 ഒക്ടോബറില്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം തീവ്രവാദിയായി പ്രഖ്യാപിച്ചിരുന്നു.

ഇയാള്‍ പുല്‍വാമ സ്വദേശിയാണെന്ന് അധികൃതര്‍ കരുതുന്നു. കശ്മീരില്‍ ഒന്നിലധികം ഭീകരാക്രമണങ്ങള്‍ ആസൂത്രണം ചെയ്തതിന് ശേഷം പാകിസ്ഥാനിലേക്ക് താമസം മാറുകയായിരുന്നു. തഹ്രീഖ്-ഉല്‍-മുജാഹിദീന്റെ അമീര്‍ കൂടിയായിരുന്നു ഇയാള്‍. ജമ്മു കശ്മീരിനെ പാകിസ്ഥാനുമായി ലയിപ്പിക്കുകയെന്നതായിരുന്നു ഇയാളുടെ ലക്ഷ്യം.

ഷാഹിദ് ലത്തീഫ്

ഖതലിനും റഹ്‌മാനും മുമ്പ് 2023 ഒക്ടോബറിലാണ് പത്താന്‍കോട്ട് ഭീകരാക്രമണത്തിന് പിന്നിലെ സൂത്രധാരനായ ഷാഹിദ് ലത്തീഫ് കൊല്ലപ്പെട്ടത്. ഇന്ത്യ ഏറ്റവും കൂടുതലായി തിരയുന്ന ഭീകരരില്‍ ഒരാളായ ഇയാള്‍ പാകിസ്ഥാനിലെ സിയാല്‍കോട്ടില്‍ അജ്ഞാതരായ ആക്രമികളുടെ വെടിവെപ്പില്‍ കൊല്ലപ്പെടുകയായിരുന്നു.

പഞ്ചാബിലെ ദസ്‌കയിലെ നൂര്‍ മദീന പള്ളിക്ക് സമീപം പള്ളിയിലെ പ്രാര്‍ത്ഥനയ്ക്ക് ശേഷം മടങ്ങുകയായിരുന്ന ലത്തീഫിനെയും രണ്ട് കൂട്ടാളികളെയും മോട്ടോര്‍ സൈക്കിളിലെത്തിയ മൂന്ന് തോക്കുധാരികള്‍ വെടി വയ്ക്കുകയായിരുന്നു. വെടിവെപ്പില്‍ ലത്തീഫും ഒരു കൂട്ടാളിയും കൊല്ലപ്പെട്ടു. ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

1994 മുതല്‍ 2010 വരെ ജമ്മുവിലെ ജയിലില്‍ കഴിയുമ്പോഴാണ് 43 കാരനായ ലത്തീഫ് വിപുലമായ ഭീകരശൃംഖല കെട്ടിപ്പടുത്തതെന്ന് ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ പറയുന്നു. ഇന്ത്യയില്‍ ശിക്ഷ അനുഭവിച്ച ഇയാളെ നാടുകടത്തി. തുടര്‍ന്ന് ഇയാള്‍ ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദില്‍ ചേര്‍ന്നു. വൈകാതെ ഇന്ത്യന്‍ സര്‍ക്കാര്‍ ഇയാളെ കൊടുഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി.

2022 ഏപ്രിലില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ജമ്മു സന്ദര്‍ശിക്കുന്നതിന് തൊട്ട് മുമ്പ് സുര്‍ജ്വാനില്‍ നടന്ന ആക്രമണത്തിലും ഇയാള്‍ക്ക് പങ്കുണ്ടെന്ന് ആരോപിക്കപ്പെടുന്നു.

ദാവൂദ് മാലിക്

ലത്തീഫിന്റെ കൊലപാതക വാര്‍ത്ത പുറത്തുവരുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പാണ് ഇന്ത്യ കൊടും ഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയ മൗലാന മസൂദ് അസറിന്റെ സഹായിയായി അറിയപ്പെടുന്ന ദാവൂദ് മാലിക്കിനെ വടക്കന്‍ വസീറിസ്ഥാനില്‍ അജ്ഞാതരായ തോക്കുധാരികളുടെ വെടിയേറ്റ് കൊല്ലപ്പെട്ടത്.

അക്രമണത്തിന് ശേഷം അക്രമികള്‍ രക്ഷപ്പെടുകയായിരുന്നു. ഇയാള്‍ ലഷ്‌കര്‍-ഇ-ജബ്ബാല്‍ എന്ന രഹസ്യ മത ഭീകര സംഘടന സ്ഥാപിച്ചതായി റിപ്പോര്‍ട്ടുണ്ട്. 2016-ല്‍ ബലൂചിസ്ഥാനിലെ ക്വറ്റയിലുള്ള ഒരു പോലീസ് പരിശീലന കേന്ദ്രത്തിന് നേരെയുണ്ടായ ആക്രമണം ഉള്‍പ്പെടെ നിരവധി ആക്രമണങ്ങള്‍ ഈ സംഘടന നടത്തിയതായി കരുതപ്പെടുന്നു. ഈ ആക്രമണത്തില്‍ 60-ലധികം പേര്‍ കൊല്ലപ്പെട്ടിരുന്നു.

സിയാവുര്‍ റഹ്‌മാന്‍

2023 സെപ്റ്റംബര്‍ 29-ന് പാകിസ്ഥാനിലെ കറാച്ചിയില്‍വെച്ച് മോട്ടോര്‍ ബൈക്കിലെത്തിയ രണ്ട് അക്രമികള്‍ മൗലാന സിയാവുര്‍ റഹ്‌മാനെ വെടിവെച്ച് കൊലപ്പെടുത്തി. ഇന്ത്യയെ ആക്രമിക്കാനും ജിഹാദ് നടത്താനും ആഹ്വാനം ചെയ്ത ഇയാള്‍ യുവാക്കളെ തീവ്രവാദികളാക്കി മാറ്റുന്നതിലും പങ്കാളിയായിരുന്നു.

അബു ഖാസിം കശ്മീരി

റിയാസ് അഹമ്മദ് എന്നും അറിയപ്പെടുന്ന അബു ഖാസിം കശ്മീരിലെ 2023 സെപ്റ്റംബറില്‍ റാവലകോട്ട് പ്രദേശത്തെ അല്‍-ഖുദൂസ് പള്ളിയില്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കെയാണ് അജ്ഞാതര്‍ കൊലപ്പെടുത്തിയത്.
ജമ്മു നിവാസിയായ കശ്മീരിയാണ് രജൗരി ജില്ലയിലെ ധാന്‍ഗ്രി ആക്രമണത്തിന് പിന്നിലെ പ്രധാന ഗൂഢാലോചനക്കാരന്‍ എന്ന് കരുതപ്പെടുന്നു. ആക്രമണത്തില്‍ ഏഴ് പേര്‍ കൊല്ലപ്പെടുകയും 13 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇയാള്‍ക്ക് ലഷ്‌കറെ തൊയ്ബയുമായും നിരോധിത സംഘടനയായ ജമാഅത്ത് ഉദ് ദവയുമായും ബന്ധമുണ്ടെന്ന് പറയപ്പെടുന്നു.

സര്‍ദാര്‍ ഹുസൈന്‍ അരൈന്‍

ഹാഫിസ് സയീദിന്റെ കൂട്ടാളിയായ അരൈന്‍ 2023 ഓഗസ്റ്റ് 1 ന് പാകിസ്ഥാനിലെ സിന്ധിലെ ഷഹീദ് ബേനസിറാബാദ് ജില്ലയിലെ ഖാസി അഹമ്മദ് പട്ടണത്തില്‍ വച്ചാണ് കൊല്ലപ്പെട്ടത്.
സിദ്ധുദേശ് റെവല്യൂഷണറി ആര്‍മി ഇയാളുടെ കൊലപാതകത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിരുന്നു.

പരംജിത് സംഗ് പഞ്ച്‌വാര്‍

2023 മേയില്‍ പാകിസ്ഥാനില്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഖലിസ്ഥാന്‍ ഭീകരനായ പഞ്ച് വാറിനെ ലാഹോറില്‍വെച്ച് അജ്ഞാതരായ രണ്ട് തോക്കുധാരികള്‍ വെടിവെച്ച് കൊല്ലുകയായിരുന്നു. നിരോധിത ഭീകര സംഘടനായ ഖലിസ്ഥാന്‍ കമാന്‍ഡോ ഫോഴിസന്റെ(കെസിഎഫ്)നേതാവായ ഇയാൾ നടക്കാന്‍ പോയപ്പോൾ വെടിയേറ്റ് മരിക്കുകയായിരുന്നു. ഇയാള്‍ക്ക് സുരക്ഷ നല്‍കിയിരുന്നയാളും മോട്ടോര്‍ സൈക്കിളിലെത്തിയ അക്രമികളുടെ വെടിവെപ്പില്‍ കൊല്ലപ്പെട്ടു.

ഇന്ത്യയില്‍ 1988ല്‍ നടന്ന മേജര്‍ ജനറല്‍ ബിഎന്‍ കുമാറിന്റെ കൊലപാതകം, 1989ല്‍ പട്യാലയിലെ താപ്പര്‍ എഞ്ചിനീയറിംഗ് കോളേജിലെ 19 വിദ്യാര്‍ഥികളുടെ കൊലപാതം, 1989ല്‍ ബറ്റാലയിലെ അന്നത്തെ സീനിയര്‍ പോലീസ് സൂപ്രണ്ടിന്റെ മകന്‍ രാജന്‍ബെയിന്‍സിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത് എന്നിവയുള്‍പ്പെടെ നിരവധി കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് പഞ്ചാബ് പോലീസ് ഇയാളെ തിരഞ്ഞുകൊണ്ടിരിക്കുകയായിരുന്നു.

പാകിസ്ഥാനിലെ സിഖ് യുവാക്കള്‍ക്ക് ആയുധ പരിശീലനം നല്‍കുന്നതിലും ഇന്ത്യയിലേക്കുള്ള നുഴഞ്ഞുകയറ്റത്തിലും അദ്ദേഹം പങ്കാളിയായിരുന്നു. പഞ്ച്വര്‍ ഐഎസ്ഐയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ടെന്നും അമേരിക്കയുള്‍പ്പെടെ വിദേശത്തുള്ള അതിന്റെ സ്ലീപ്പര്‍ ഏജന്റുമാരില്‍ നിന്ന് ഫണ്ട് സ്വീകരിച്ചതായും റിപ്പോര്‍ട്ടുണ്ട്.

ബഷീര്‍ അഹമ്മദ് പീര്‍

ഹിസ്ബുള്‍ മുജാഹിദീന്‍ മേധാവി സയിദ് സലാഹുദീന്റെ അടുത്ത സഹായിയായ ബഷീര്‍ അഹമ്മദ് പീര്‍ എന്ന ഇംതിയാസ് ആലത്തിനെ 2023 ഫെബ്രുവരിയില്‍ അജ്ഞാതര്‍ വെടിവെച്ചു കൊല്ലുകയായിരുന്നു. ഇയാളെ റാവല്‍പിണ്ടിയിലെ ഒരു കടയ്ക്ക് പുറത്തുവെച്ച് അക്രമികള്‍ കൊലപ്പെടുത്തുകയായിരുന്നു. ഇയാള്‍ കൊല്ലപ്പെട്ടതിന് രണ്ടാഴ്ചയ്ക്ക് ശേഷം ജമ്മു കശ്മീരിലെ കുപ്വാരയ്ക്ക് സമീപമുള്ള ബാബപോറ ഗ്രാമത്തിലെ ഇയാളുടെ സ്വത്തുക്കള്‍ എന്‍ഐഎ കണ്ടുകെട്ടി.

സയ്യിദ് ഖാലിദ് റാസ

പീറിനെ വെടിവച്ച് കൊന്ന് ഒരാഴ്ച കഴിഞ്ഞപ്പോള്‍, തുറമുഖ നഗരമായ കറാച്ചിയില്‍ മുന്‍ അല്‍-ബദര്‍ മുജാഹിദീന്‍ കമാന്‍ഡര്‍ സയ്യിദ് ഖാലിദ് റാസയും സമാനമായ സാഹചര്യത്തില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ബൈക്കുകളിലെത്തിയ അജ്ഞാതര്‍ ഇയാളുടെ തലയ്ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. കാര്‍ പാര്‍ക്ക് ചെയ്ത സ്ഥലത്തേക്ക് നടക്കുമ്പോള്‍ വീടിനടുത്തുവെച്ചാണ് ഇയാള്‍ കൊല്ലപ്പെട്ടത്. 2022 ഒക്ടോബറിലാണ് ഇയാളെ ഇന്ത്യ ഭീകരവാദിയായി പ്രഖ്യാപിച്ചത്. ഭീകരസംഘടനയായ ഹിസ്ബുള്‍ മുജാഹിദീന്റെ ലോഞ്ചിംഗ് കമാന്‍ഡറാണ് ഇയാള്‍ എന്ന് ഇന്ത്യ അവകാശപ്പെടുന്നു.

സഹൂര്‍ മിസ്ത്രി

2023 കൊലപാതക പരമ്പരയ്ക്ക് മുമ്പ് 2022 മാര്‍ച്ചിലാണ് സഹൂര്‍ മിസ്ത്രിയുടെ കൊലപാതക വിവരം പുറത്തുവന്നത്. ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനം ഐസി 814 റാഞ്ചിയവരില്‍ ഒരാളാണ് ഇയാള്‍. കറാച്ചിലെ അക്തര്‍ കോളനിയില്‍വെച്ച് ബൈക്കിലെത്തിയ രണ്ട് പേര്‍ കൊലപ്പെടുത്തുകയായിരുന്നു.

ഹര്‍ക്കത്ത്-ഉല്‍-മുജാഹിദീന്‍ പ്രവര്‍ത്തകനായ മിസ്ത്രി 1999 ഡിസംബര്‍ 24-ന് അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാറിലേക്ക് കൊണ്ടുപോയ ഐസി 814 വിമാനം റാഞ്ചിയെടുത്ത അഞ്ച് പേരില്‍ ഒരാളായിരുന്നു. വിമാനത്തിലുണ്ടായിരുന്ന 25കാരനായ രുപിന്‍ കത്യാലിനെ ഇയാള്‍ കുത്തി കൊലപ്പെടുത്തിയിരുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments