മുറുക്കാനൊപ്പം വയാഗ്രയും ഉറക്കഗുളികയും ചേർത്ത് വില്പന നടത്തിയ ബീഹാർ പട്ന സ്വദേശി മുഹമ്മദ് താഹിർ പോലീസ് പിടിയിൽ. മുറുക്കാൻ കടയിൽ നിന്നും നിരവധി ഗുളികകളും പോലീസ് പിടിച്ചെടുത്തു. തൊടുപുഴ കരിമണ്ണൂരിലാണ് മുറുക്കാനിൽ ഗുളിക ചേർത്തുള്ള വില്പന നടന്നത്.
തൊടുപുഴയിലെ ബിവറേജ് ഷോപ്പിനടുത്തുള്ള മുറുക്കാൻ കടയിൽ വൻ തിരക്കാണ് അനുഭവപ്പെട്ടിരുന്നത്. ഇത് പോലീസ് നിരീക്ഷിച്ചു വരികയായിരുന്നു. കഞ്ചാവ് വില്പന ഉണ്ടോ എന്നായിരുന്നു ആദ്യം പോലീസ് സംശയിച്ചത്. പിന്നീട് പോലീസ് നടത്തിയ റെയ്ഡിലാണ് മുറുക്കാൻ കടയിൽ നിന്നും ഉറക്കഗുളികകളും വയാഗ്രയും ഉത്തേജക ഗുളികകളും ഉൾപ്പെടെ പിടികൂടിയത്. കട നടത്തിയിരുന്ന ബീഹാർ പട്ന സ്വദേശി മുഹമ്മദ് താഹിറിനെ പോലീസ് അറസ്റ്റ് ചെയ്തു.
വിശദമായ ചോദ്യം ചെയ്യലിൽ മുറുക്കാനിൽ ഗുളികകൾ ചേർത്താണ് വില്പന നടത്തിയിരുന്നതെന്ന് ഇയാൾ പോലീസിനോട് സമ്മതിച്ചു. മുറുക്കാനിൽ ഗുളികകൾ പൊടിച്ചു ചേർത്തായിരുന്നു ഇയാളുടെ വില്പന. ഇതിനു പുറമെ നിരോധിത പുകയില ഉല്പന്നങ്ങളും കടയിൽ നിന്നും പിടികൂടി. വൻ തോതിൽ ഇയാൾക്ക് ഗുളികകൾ എവിടെ നിന്ന് ലഭിച്ചു എന്നതും പോലീസ് അന്വേഷിക്കുന്നുണ്ട്. നാല്പത് വർഷത്തോളമായി കേരളത്തിൽ വിവിധ ജോലികൾ ചെയ്തു വരുന്ന ആളാണ് മുഹമ്മദ് താഹിർ. കരിമണ്ണൂർ എസ് എച്ച് ഒ വി.സി. വിഷ്ണുകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പരിശോധനായ്ക്ക് നേതൃത്വം നൽകിയത്.