തൊഴിൽരഹിതരായ യുവാക്കൾ കൂടുതലുള്ള സംസ്ഥാനങ്ങളുടെ നിരയിൽ കേരളം മുന്നിലെന്ന് റിപ്പോർട്ട്. ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷൻ(ഐഎൽഒ) ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ ഡെവലപ്‌മെന്റുമായി (ഐഎച്ച്ഡി) ചേർന്ന് നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ. പുരുഷന്മാരുടെ തൊഴിൽ സാഹചര്യങ്ങളുടെ കാര്യത്തിൽ രാജ്യത്തെ 22 സംസ്ഥാനങ്ങളിൽ കേരളത്തിന് 19-ാം സ്ഥാനമാണ്. ബിഹാറും ഒഡീഷയും മാത്രമാണ് പട്ടികയിൽ പിന്നിലുള്ളത്. ഇന്ത്യൻ എംപ്ലോയ്‌മെന്റ് റിപ്പോർട്ട് 2024 എന്ന പേരിൽ നടത്തിയ പഠനത്തിൽ രാജ്യത്തെ തൊഴിൽ സാഹചര്യങ്ങളാണ് വ്യക്തമാക്കുന്നത്. ഏഴ് സൂചകങ്ങളെ അടിസ്ഥാനമാക്കിയാണ് സംസ്ഥാനങ്ങൾക്ക് റാങ്ക് നൽകിയിരിക്കുന്നത്.
എന്നാൽ കൂലിപ്പണിക്കാരായ പുരുഷന്മാരുടെ പ്രതിമാസ ശരാശരി വേതനത്തിൽ കേരളമാണ് മുന്നിലെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.കേരളത്തിലെ പ്രതിമാസ ശരാശരി വേതനം 14,427 രൂപയാണ്. രണ്ടാം സ്ഥാനത്തുള്ള ഡൽഹിയിൽ ഇത് 14,115 രൂപയാണ്. ദേശീയ ശരാശരിയാകട്ടെ 9086 രൂപയും. കേരളത്തിലെ വിദ്യാസമ്പന്നരായ പുരുഷന്മാരിൽ 31.28 ശതമാനം തൊഴിൽ രഹിതരാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ദേശീയ ശരാശരി 20.28 ശതമാനവും. കേരളത്തിലെ പുരുഷന്മാരുടെ തൊഴിൽ സാഹചര്യം മോശമാകാൻ കാരണം രണ്ട് പ്രധാന ഘടകങ്ങളാണ്. വിദ്യാസമ്പന്നരായ 15 നും 29 നും ഇടയിൽ പ്രായമുള്ള കേരളത്തിലെ പുരുഷന്മാരുടെ തൊഴിലില്ലായ്മ നിരക്ക് ദേശീയ ശരാശരിയേക്കാൾ വളരെയധികം കൂടുതലാണ് എന്നതാണ് ഒന്നാമത്തെ ഘടകം.
തൊഴിൽ, വിദ്യാഭ്യാസം, പരിശീലനം എന്നിവയിലെ പുരുഷന്മാരുടെ പങ്കാളിത്തം വളരെ കുറവാണെന്നതാണ് രണ്ടാമത്തെ ഘടകം. സ്ഥിരം ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന തൊഴിലാളികളുടെ ശതമാനം, തൊഴിലാളി ജനസംഖ്യാ അനുപാതം, സ്ഥിരതയില്ലാത്ത ജോലി ചെയ്യുന്ന തൊഴിലാളികളുടെ അനുപാതം, ദാരിദ്രരേഖയ്ക്ക് താഴെയുള്ള സ്വയം തൊഴിൽ ചെയ്യുന്ന തൊഴിലാളികളുടെ അനുപാതം, സ്ഥിരതയില്ലാത്ത ജോലി ചെയ്യുന്ന തൊഴിലാളികളുടെ ശരാശരി പ്രതിമാസ വരുമാനം, സെക്കൻഡറി അല്ലെങ്കിൽ ഉന്നതവിദ്യാഭ്യാസം നേടിയ യുവാക്കളുടെ തൊഴിലില്ലായ്മ നിരക്ക്, തൊഴിൽ, വിദ്യാഭ്യാസം, പരിശീലനം എന്നിവ നേടാത്ത യുവാക്കൾ എന്നിവ കണക്കിലെടുത്താണ് സൂചിക തയ്യാറാക്കിയിരിക്കുന്നത്.
ഇവയിൽ സ്ഥിര ജോലി സൂചികയെ പോസിറ്റീവായി സ്വാധീനിക്കുന്നതായി കണ്ടെത്തി. പത്തിലധികം ജീവനക്കാരുള്ള സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളാണ് സ്ഥിരമായ ജോലി എന്നതിൽ ഉൾപ്പെടുന്നത്. ഇവിടെ മെച്ചപ്പെട്ട തൊഴിൽ സാഹചര്യവും കൂലിപ്പണിയേക്കാൾ മെച്ചപ്പെട്ട വേതനവും ലഭിക്കുന്നുണ്ട്. സ്ഥിരതയില്ലാത്ത ജോലി ചെയ്യുന്ന കേരളത്തിലെ പുരുഷന്മാരുടെ എണ്ണം മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ കൂടുതലാണ്. എന്നാൽ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് സ്ഥിരതയില്ലാത്ത ജോലി ചെയ്യുന്നവർക്ക് ഉയർന്ന വേതനമാണ് കേരളത്തിൽ ലഭിക്കുന്നത്. കുറഞ്ഞ നിരക്കിലുള്ള പുരുഷ തൊഴിൽ പങ്കാളിത്തം കേരളത്തിലെ പുരുഷ തൊഴിൽ സാഹചര്യ സൂചികയെ ബാധിച്ചിട്ടുണ്ട്.
യുവാക്കളായ പുരുഷന്മാർ വിദ്യാഭ്യാസത്തിനാണ് പ്രധാന്യം നൽകുന്നതെന്നതാണ് അവരുടെ തൊഴിൽ പങ്കാളിത്തം കുറയുന്നത് സൂചിപ്പിക്കുന്നത് . ഇത് ഭാവിയിൽ മെച്ചപ്പെട്ട തൊഴിൽ നേടുന്നതിനുള്ള അവരുടെ സാധ്യത വർധിപ്പിക്കുമെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടി. രാജ്യത്തിന്റെ മൊത്തത്തിലുള്ള സാഹചര്യം കണക്കിലെടുത്താണ് റിപ്പോർട്ടിൽ സൂചിപ്പിച്ചിരിക്കുന്നത്. കേരളത്തിൽ വിദ്യാസമ്പന്നരായ യുവാക്കൾക്കിടയിൽ തൊഴിൽ നിരക്ക് കുറയുന്നതിനെക്കുറിച്ച് ആശങ്കകൾ മുമ്പ് ഉണ്ടായിരുന്നു.
തെറ്റായ രീതിയിലെ വിദ്യാഭ്യാസം, തൊഴിൽ നൈപുണ്യത്തിന്റെ അഭാവം, വൈറ്റ് കോളർ ജോലികളോടുള്ള ആഭിമുഖ്യം എന്നിവ ഇതിന് കാരണമായി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. കേരളത്തിലെ തൊഴിൽ, വിദ്യാഭ്യാസം, പരിശീലനം എന്നിവയിൽ ഏർപ്പെടുന്ന യുവാക്കളുടെ എണ്ണവും 22 സംസ്ഥാനങ്ങളിൽ ഏറ്റവും പിന്നിലാണ്. സംസ്ഥാനത്തെ 19.26 ശതമാനം യുവാക്കൾ തൊഴിലിലോ വിദ്യാഭ്യാസത്തിലോ നീറ്റ് പോലുള്ള പരിശീലനത്തിലോ ഏർപ്പെടുന്നില്ല. അതായത് ഇവർ സാമ്പത്തികമായോ ഉൽപ്പാദനക്ഷമമായോ അക്കാലത്ത് ഒരു സംഭാവനയും നൽകുന്നില്ലെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
ആഗ്രഹവും അവസരവും തമ്മിലുള്ള അന്തരം
വിദ്യാസമ്പന്നരായ യുവാക്കളിൽ (15നും 29 വയസ്സിനും ഇടയിൽ) തൊഴിലില്ലായ്മ നിരക്കിൽ രാജ്യത്ത് രണ്ടാം സ്ഥാനത്താണ് കേരളം. വിദ്യാസമ്പന്നരായ യുവാക്കളിൽ 38.98 ശതമാനം മാത്രമാണ് ജോലി ചെയ്യുന്നത്. ദേശീയതലത്തിൽ ഇത് 21.84 ശതമാനമാണ്. 39.95 ശതമാനം തൊഴിൽരഹിതരുള്ള ഒഡീഷയാണ് പട്ടികയിൽ പിന്നിൽ. തിരുവനന്തപുരത്തെ സെന്റർ ഫോർ ഡെവലപ്‌മെന്റ് സ്റ്റഡീസിന്റെ 2023 ജനുവരിയിലെ റിപ്പോർട്ട് പ്രകാരം യുവാക്കളുടെ തൊഴിലില്ലായ്മ നിരക്ക് ഉയരാൻ കാരണം അവർ ആഗ്രഹിക്കുന്ന രീതിയിലുള്ള തൊഴിലും വിപണിയിലെ അവസരങ്ങളും തമ്മിലുള്ള പൊരുത്തക്കേടാണെന്ന് വ്യക്തമാക്കുന്നു. കേരളത്തിലെ ഉയർന്ന വേതനം കാരണം കോയമ്പത്തൂർ പോലെ അതിർത്തി പങ്കിടുന്ന തമിഴ്‌നാട്ടിലെ ജില്ലകളിൽ പ്രവർത്തിക്കാനുള്ള കേരളത്തിലെ ചില വ്യവസായ സ്ഥാപനങ്ങളുടെ പ്രവണത മുമ്പ് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.