തിരുവനന്തപുരം: പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എൽഡിഎഫ് സർക്കാർ നാളെ എട്ടുവർഷം പൂർത്തിയാക്കുകയാണ്. കേരളത്തിൽ മുഖ്യമന്ത്രി കസേരയിൽ തുടർച്ചയായി എട്ടുവർഷം എന്ന റെക്കോർഡും ഇന്ന് 80ാം വയസിലേക്ക് കടന്ന പിണറായി വിജയന് സ്വന്തം.കേരളത്തിലാദ്യമായി അഞ്ചുവര്‍ഷത്തെ കാലാവധി തികച്ച് വീണ്ടും മുഖ്യമന്ത്രിയായെത്തിയ പിണറായി വിജയന് ഇന്ന് രാജ്യത്തെ ഏക കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയാണ്. നിരവധി റെക്കോര്‍ഡുകളും തിരുത്തിയെഴുതിയാണ് ആ മുന്നേറ്റം. 2364 ദിവസം തുടർച്ചയായി മുഖ്യമന്ത്രിയായിരുന്ന സി അച്യുതമേനോന്റെ റെക്കോർഡ് 2022 നവംബര്‍ 14 ന് മറികടന്നിരുന്നു
ഇന്ന് മുഖ്യമന്ത്രി സ്ഥാനത്ത് 2922 ദിവസം പൂര്‍ത്തിയാക്കുന്ന പിണറായി വിജയന് ഏറ്റവുംകൂടുതല്‍ കാലം കേരളം ഭരിച്ച മുഖ്യമന്ത്രിയെന്ന നിലയില്‍ മൂന്നാം സ്ഥാനത്താണ്. 3246 ദിവസം മുഖ്യമന്ത്രിയായിരുന്ന കെ കരുണാകരന്, 4009 ദിവസം മുഖ്യമന്ത്രിയായിരുന്ന ഇ കെ നായനാര്‍ എന്നിവരാണ് പിണറായിക്ക് മുന്നില്‍. 2025 ഏപ്രില്‍ 13 ന് കരുണാകരന്റെ റെക്കോര്‍ഡ് മറികടക്കും.തുടര്‍ച്ചയായി മുഖ്യമന്ത്രിസ്ഥാനം വഹിച്ച കമ്മ്യൂണിസ്റ്റ് നേതാക്കളില്‍ ജ്യോതിബസുവിനും മണിക് സര്‍ക്കാരിനും ബുദ്ധദേബ് ഭട്ടാചാര്യയ്ക്കും പിന്നില്‍ നാലാം സ്ഥാനത്താണ് പിണറായിയുടെ സ്ഥാനം.
2016 മേയ് 24 ന് കേരളത്തിന്റെ മുഖ്യമന്ത്രിയായി ചുമതലയേല്‍ക്കുന്നതിന്റെ തൊട്ടുതലേന്നാണ് ശരിയായ ജന്മദിനം പിണറായി വിജയൻ വെളിപ്പെടുത്തിയത്. 1945 മേയ് 24നാണ് കണ്ണൂർ പിണറായി മുണ്ടയിൽ കോരന്റെയും കല്യാണിയുടെയും മകനായി പിണറായി വിജയൻ ജനിച്ചത്.ശാരദാ വിലാസം എൽ പി സ്കൂളിലും പെരളശ്ശേരി ഗവ. ഹൈസ്കൂളിലും തലശ്ശേരി ബ്രണ്ണൻ കോളേജിലുമായിരുന്നു വിദ്യാഭ്യാസം. ബ്രണ്ണൻ കോളേജിൽ ബിഎ ഇക്കണോമിക്സിന് പഠിക്കുമ്പോൾ കേരള സ്റ്റുഡൻസ് ഫെഡറേഷൻ കണ്ണൂർ ജില്ലാ സെക്രട്ടറിയായി.
1970,77,91 വര്‍ഷങ്ങളില്‍ കൂത്തുപറമ്പില്‍ നിന്നും 96 ല്‍ പയ്യന്നൂരില്‍ നിന്നും നിയമസഭയിലെത്തി. രണ്ടുവര്‍ഷം ഇ കെ നായനാര്‍ മന്ത്രിസഭയില്‍ സഹകരണ- വൈദ്യുതി മന്ത്രിയായിരുന്നപ്പോഴാണ് പിണറായി വിജയന്റെ ഭരണപാടവം വെളിവായത്.
1998 ല്‍ ചടയന്‍ ഗോവിന്ദന്റെ പിൻഗാമിയായി പാർട്ടിയുടെ നേതൃസ്ഥാനത്ത്. തുടര്‍ന്ന് 17 വർഷം പാര്‍ട്ടിയെ നയിച്ചു. 2016 ല്‍ ധര്‍മടത്ത് നിന്ന് ജയിച്ച് നിയമസഭയിലെത്തി മുഖ്യമന്ത്രിയായി.
പ്രളയത്തെയും കോവിഡ് മഹാമാരിയെയും തോല്‍പ്പിച്ച് ഭരണകാലാവധി പൂര്‍ത്തിയാക്കി. പിന്നീട് ഭരണത്തുടർച്ചയെന്ന അപൂർവ നേട്ടവും സ്വന്തമാക്കി.ഭരണത്തുടര്‍ച്ചയുടെ മൂന്നാംവര്‍ഷത്തിലും ഇടതുമുന്നണി സര്‍ക്കാരിലും പാര്‍ട്ടിയിലും ചോദ്യംചെയ്യപ്പെടാത്ത നേതാവായി, പുതിയ റെക്കോഡുകളുമായി ജൈത്രയാത്ര തുടരുകയാണ് പിണറായി വിജയൻ.