Thursday, February 6, 2025

HomeNewsIndiaനാല് മാസം 90000 തട്ടിപ്പുകള്‍; തെക്കുകിഴക്കനേഷ്യന്‍ രാജ്യങ്ങളിലെ സൈബര്‍ തട്ടിപ്പുസംഘങ്ങളുടെ പ്രധാന ഇര ഇന്ത്യ

നാല് മാസം 90000 തട്ടിപ്പുകള്‍; തെക്കുകിഴക്കനേഷ്യന്‍ രാജ്യങ്ങളിലെ സൈബര്‍ തട്ടിപ്പുസംഘങ്ങളുടെ പ്രധാന ഇര ഇന്ത്യ

spot_img
spot_img

തെക്കുകിഴക്കനേഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള സൈബര്‍ തട്ടിപ്പുസംഘങ്ങള്‍ ഇന്ത്യയില്‍ പിടിമുറുക്കുന്നതായി റിപ്പോര്‍ട്ട്. നിക്ഷേപം, ട്രേഡിംഗ്, ഡേറ്റിംഗ് തട്ടിപ്പുകള്‍ എന്നീ സൈബര്‍ തട്ടിപ്പുകളിലൂടെയാണ് ഇത്തരം സംഘങ്ങള്‍ പണം തട്ടുന്നത്.

ഇന്ത്യയില്‍ ഇക്കഴിഞ്ഞ ജനുവരി മുതല്‍ ഏപ്രില്‍ വരെ 62,587 നിക്ഷേപ തട്ടിപ്പുകളിലായി 1420 കോടി രൂപയാണ് നഷ്ടപ്പെട്ടത്. കൂടാതെ 20,043 ട്രേഡിംഗ് തട്ടിപ്പുകളിലായി 222 കോടി രൂപയും നഷ്ടമായി. ഈ തട്ടിപ്പ് സംഘങ്ങളുടെയെല്ലാം ഉദ്ഭവസ്ഥാനം തെക്കുകിഴക്കനേഷ്യന്‍ രാജ്യങ്ങളാണെന്ന് ഇന്ത്യന്‍ സൈബര്‍ ക്രൈം കോര്‍ഡിനേഷന്‍ സെന്റര്‍ (14സി) അറിയിച്ചു. 2023ല്‍ ഒരു ലക്ഷത്തിലധികം നിക്ഷേപ തട്ടിപ്പുകളുമായി ബന്ധപ്പെട്ട കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇവയുമായി ബന്ധപ്പെട്ട് 10000 ലധികം കേസുകളില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുകയും ചെയ്തു.

കമ്പോഡിയ, മ്യാന്‍മാര്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള ഗൂഢ സംഘങ്ങളാണ് ഇത്തരം തട്ടിപ്പുകള്‍ക്ക് നേതൃത്വം നല്‍കുന്നതെന്ന് 14സി സിഇഒ രാജേഷ് കുമാര്‍ പറഞ്ഞു. അനധികൃത റിക്രൂട്ട്‌മെന്റ് ഏജന്റുമാര്‍ വഴി തൊഴിലന്വേഷിച്ച് നടക്കുന്ന ഇന്ത്യക്കാരെ തങ്ങളുടെ സംഘത്തിലേക്ക് എത്തിക്കുകയും ശേഷം ഇന്ത്യയിലെ മറ്റുജനങ്ങളെ ഇരയാക്കിക്കൊണ്ടുള്ള തട്ടിപ്പുകള്‍ ചെയ്യാന്‍ അവരെ നിര്‍ബന്ധിക്കുകയും ചെയ്യും.

ഇത്തരം തട്ടിപ്പുകളില്‍ ചൈനീസ് സംഘങ്ങള്‍ക്കും പങ്കാളിത്തം ഉണ്ടെന്നാണ് സൂചന. ചൈനീസ് വംശജര്‍ ഇത്തരം സംഘങ്ങളില്‍ പ്രവര്‍ത്തിക്കുന്നതായും ചൈനീസ് ഭാഷയെഴുതിയിരിക്കുന്ന ചില ആപ്പുകള്‍ തട്ടിപ്പിനുപയോഗിക്കുന്നതായും സൂചനയുണ്ട്.

ഇത്തരം സൈബര്‍ തട്ടിപ്പുസംഘങ്ങള്‍ക്കെതിരെ കര്‍ശനമായ നടപടി സ്വീകരിച്ചുവരികയാണ്. ബന്ധപ്പെട്ട അധികാരികളുടെ സഹായത്തോടെ 2023 ജൂലൈ മുതല്‍ 3.2 ലക്ഷം അനധികൃത അക്കൗണ്ടുകളും 3000ലധികം യുആര്‍എലുകളും 595 ആപ്പുകളും മരവിപ്പിച്ചിട്ടുണ്ട്. 5.3 ലക്ഷം സിം കാര്‍ഡുകളും 80000 ഐഎംഇഐ നമ്പറുകളും ബ്ലോക്ക് ചെയ്തതായി അധികൃതര്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.

വ്യാജ ജോലി വാഗ്ദാനം ചെയ്ത് തെക്കുകിഴക്കനേഷ്യന്‍ രാജ്യങ്ങളിലെ സംഘങ്ങള്‍ ഇന്ത്യന്‍ പൗരന്‍മാരെ ഇത്തരം തട്ടിപ്പ് സംഘങ്ങളിലേക്ക് ആകര്‍ഷിക്കുകയാണ്. അവരെ തങ്ങളുടെ സംഘത്തിലെത്തിച്ച ശേഷം ഇത്തരം തട്ടിപ്പുകള്‍ നടത്താന്‍ പ്രേരിപ്പിക്കുന്നു. ആന്ധ്രാപ്രദേശ്, തമിഴ്‌നാട്, ഒഡിഷ, ഡല്‍ഹി എന്നിവിടങ്ങളില്‍ നിന്നുള്ള അനധികൃത റിക്രൂട്ട്‌മെന്റ് ഏജന്റുമാരാണ് ഇവരെ തട്ടിപ്പ് സംഘങ്ങളിലേക്ക് എത്തിക്കുന്നത്.

മെയില്‍ ഇത്തരം റിക്രൂട്ട്‌മെന്റ് നടത്തിയ മൂന്ന് ഏജന്റുമാരെ വിശാഖപട്ടണം സൈബര്‍ ക്രൈം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തട്ടിപ്പുസംഘങ്ങളുടെ കെണിയില്‍പ്പെട്ട ഇന്ത്യാക്കാരെ മോചിപ്പിക്കാന്‍ ഫ്‌നാം പെനിലെ ഇന്ത്യന്‍ എംബസി സജീവമായി പ്രവര്‍ത്തിച്ചുവരികയാണ്. ഏകദേശം 360 ഓളം പേരെ തിരികെ നാട്ടിലെത്തിക്കാന്‍ എംബസിയ്ക്ക് സാധിച്ചു. 60 ലധികം പേരെ ഉടനെ നാട്ടിലേക്ക് എത്തിക്കുമെന്നും എംബസി വൃത്തങ്ങള്‍ അറിയിച്ചു.

ഇന്ത്യാക്കാരെ ലക്ഷ്യമിടുന്ന ഇത്തരം തട്ടിപ്പുസംഘങ്ങളെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി പ്രത്യേകം കമ്മിറ്റിയെ കേന്ദ്രസര്‍ക്കാര്‍ നിയമിച്ചിട്ടുണ്ട്. ഇന്റലിജന്‍സ് ഏജന്‍സികളും നിയമ വിദഗ്ധരും അടങ്ങിയ കമ്മിറ്റിയാണിത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments