ടെസ്ല സിഇഒ ഇലോണ്‍ മസ്കും ഗൂഗിൾ സഹസ്ഥാപകൻ സെർജി ബ്രിന്നിന്റെ മുൻ ഭാര്യ നിക്കോൾ ഷാനഹാനും തമ്മിലുള്ള ബന്ധം വീണ്ടും ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. 2021ൽ അഭിഭാഷക കൂടിയായ നിക്കോൾ ഷാനഹാനുമായി മസ്കിന് ബന്ധമുണ്ടായിരുന്നെന്നാണ് പുതിയ വെളിപ്പെടുത്തൽ.
ന്യൂയോർക്ക് ടൈംസാണ് ഇത് സംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്. 2018ലായിരുന്നു ബ്രിന്നും ഷാനഹാനും വിവാഹിതരായത്. ഇരുവരുടെയും അഞ്ചുവർഷത്തെ ദാമ്പത്യ ജീവിതത്തിനിടയിൽ ഉന്നതരുമായി സംഘടിപ്പിച്ച പാർട്ടികളിൽ കൊക്കെയ്ൻ, സൈക്കഡെലിക് മഷ്റൂം എന്നിവയുൾപ്പെടെ വിവിധതരം ലഹരി മരുന്നുകൾ ഉപയോഗിച്ചതായും പറയുന്നു.
കൂടാതെ 2021 ൽ നടന്ന ഷാനഹാന്റെ ജന്മദിനാഘോഷ പാർട്ടിയിൽ ബ്രിന്നിന്റെ സുഹൃത്തായി മസ്ക് പങ്കെടുക്കുകയും ചെയ്തിരുന്നു. അവിടെവെച്ച് ഷാനഹാനും മസ്‌കും ചേർന്ന് കെറ്റമിൻ എന്ന മാരക ലഹരി മരുന്ന് ഉപയോഗിച്ചതായും മൂന്ന് പേരെ ഉദ്ധരിച്ച് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.
കോവിഡ് സമയം ഇരുവർക്കും വെല്ലുവിളിയായി മാറിയെന്നും മസ്കിന്റെ മകളുടെ ഓട്ടിസം ചികിത്സയുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങളിൽ ഇരുവരും ഒന്നിച്ച് ഇടപെട്ടിരുന്നതായും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ഈ കാലയളവിലാണ് ഷാനഹാൻ ഭർത്താവില്ലാതെ കൂടുതൽ പുറത്തിറങ്ങാൻ തുടങ്ങിയതെന്നും പറയുന്നു.
മിയാമിയിൽ മസ്കിന്റെ സഹോദരൻ കിംബാല്‍ മസ്ക് നടത്തിയ ഒരു സ്വകാര്യ പാർട്ടിയിലും ഇരുവരും ഒന്നിച്ച് പങ്കെടുത്തു. ഇവിടെ വച്ച് ഇരുവരെയും മണിക്കൂറുകളോളം കാണാതായതായി പരിപാടിയില്‍ പങ്കെടുത്ത നാലു പേരെ ഉദ്ധരിച്ച് റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.
താൻ മസ്കുമായി ലൈംഗികബന്ധത്തില്‍ ഏർപ്പെട്ടുവെന്ന് സെർജി ബ്രിന്നിനോട് ഷാനഹാൻ തുറന്നു പറഞ്ഞുവെന്നും റിപ്പോർട്ടിലുണ്ട്. പിന്നീട് ഇക്കാര്യം സുഹൃത്തുക്കളോടും കുടുംബാംഗങ്ങളോടും ഷാനഹാൻ വെളിപ്പെടുത്തുകയും ചെയ്തു.
അന്നത്തെ പാർട്ടി കഴിഞ്ഞ് രണ്ടാഴ്ചയ്ക്ക് ശേഷമാണ് സെർജി ബ്രിന്നും ഷാനഹാനും ബന്ധം വേർപിരിഞ്ഞത്. പൊരുത്തപ്പെടാനാകാത്ത ചില കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് 2022ൽ ബ്രിൻ വിവാഹമോചനത്തിന് അപേക്ഷ നല്‍കിയത്. ജീവനാംശമായി ബ്രിന്നിൽ നിന്ന് ഷാനഹാൻ 1 ബില്യൺ ഡോളർ കൈപ്പറ്റിയെന്നും റിപ്പോർട്ടുണ്ട്.